സുൽത്താൻ ബത്തേരി: ആദിവാസി യുവാവിനെ കള്ളക്കേസിൽ കുടുക്കാൻ ശ്രമിച്ച സംഭവത്തിൽ വനംവകുപ്പ് ഉദ്യോഗസ്ഥന് സസ്പെൻഷൻ. താമരശ്ശേരി റേഞ്ചിലെ സെക്ഷൻ ഫോറസ്റ്റ് ഓഫിസർ സി.എസ്. വേണുവിനെയാണ് സസ്പെൻഡ് ചെയ്തത്. ചന്ദനമോഷണക്കുറ്റം ചുമത്താനായിരുന്നു ശ്രമം.
പഴൂർ കണ്ണങ്കോട് കാടംകൊല്ലി കോളനിയിലെ സുഭാഷിനെയാണ് കള്ളക്കേസിൽ കുടുക്കാൻ ശ്രമിച്ചത്. സുഭാഷിന്റെ വാഹനത്തിൽ ചന്ദനത്തടികൾ ഒളിപ്പിച്ചുവെക്കുകയായിരുന്നു. കണ്ണൂർ നോർത്തേൺ സർക്കിൾ ചീഫ് ഫോറസ്റ്റ് കൺസർവേറ്റർ ടി.കെ. വിനോദ് കുമാറാണ് നടപടി എടുത്തത്.
ഇതേ കേസിൽ കുട്ടൻ എന്ന യുവാവ് നേരത്തെ അറസ്റ്റിലായിരുന്നു. ഇയാളാണ് വേണുവിനെതിരെ മൊഴി നൽകിയത്. തുടർന്ന് തോട്ടാമൂല ഫോറസ്റ്റ് സ്റ്റേഷൻ ഡെപ്യൂട്ടി റേഞ്ചർ വകുപ്പുതല അന്വേഷണം നടത്തിയിരുന്നു. ഈ അന്വേഷണ റിപ്പോർട്ട് വയനാട് വൈൽഡ് ലൈഫ് വാർഡന് കൈമാറി.
കേസിനാസ്പദമായ സംഭവം നടന്നത് കഴിഞ്ഞ ആഗസ്റ്റ് 28നാണ്. സുഭാഷിന്റെ വാഹനത്തിൽ നിന്ന് രണ്ട് ചന്ദനമുട്ടികൾ വനംവകുപ്പ് കണ്ടെടുത്തിരുന്നു. തുടർന്ന് സുഭാഷിനെതിരെ വനംവകുപ്പ് കേസെടുക്കുകയും ചെയ്തിരുന്നു. ഇതിനെതിരെ നാട്ടുകാർ പ്രതിഷേധവുമായി രംഗത്തുവന്നതിനെ തുടർന്നാണ് കൂടുതൽ അന്വേഷണം നടത്താൻ വനംവകുപ്പ് നിർബന്ധിതമായത്. വേണുവിന് സുഭാഷിനോടുള്ള മുൻ വൈരാഗ്യമാണ് കള്ളക്കേസിൽ പെടുത്താനുള്ള നീക്കത്തിലേക്ക് നയിച്ചത്.
Post Your Comments