പ്രിയദർശൻ സംവിധാനം ചെയ്ത് മോഹൻലാൽ നായകനായ മരക്കാര്‍ ഒടിടി റിലീസ് ചെയ്യാനുള്ള ആന്റണി പെരുമ്പാവൂരിന്റെ തീരുമാനത്തെ പിന്തുണച്ച് പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ സിദ്ധു പനക്കല്‍. ആന്റണി പെരുമ്പാവൂര്‍ തലകുനിക്കുമെന്ന് കരുതുന്നവര്‍ വിഡ്ഢികളുടെ സ്വര്‍ഗ്ഗത്തിലാണെന്നാണ് സിദ്ധു പനക്കല്‍ കുറിച്ചത്. പണമിറക്കി പടമെടുത്ത് ഇന്ത്യന്‍ പ്രസിഡണ്ടിന്റെ മുന്നില്‍ തല ഉയര്‍ത്തി നിന്ന് പുരസ്‌കാരം വാങ്ങാന്‍ ചങ്കുറപ്പുള്ള ആന്റണി, ആരുടെയെങ്കിലും മുന്നില്‍ തലകുനിക്കണം എന്ന് പറഞ്ഞാല്‍ അത് വിലപ്പോയെന്നുവരില്ലെന്നും അദ്ദേഹം കുറിച്ചു.
സിദ്ധു പനക്കലിന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റ്:
മരയ്ക്കാര്‍ അറബിക്കടലിന്റെ സിംഹം ആന്റണി പെരുമ്പാവൂര്‍ എന്തുചെയ്യണമായിരുന്നു. ചര്‍ച്ചകള്‍.. തര്‍ക്കങ്ങള്‍.. ഈ ബഹളങ്ങളില്‍ കുലുങ്ങാതെ ഒരാള്‍.. ആന്റണി പെരുമ്പാവൂര്‍. ചര്‍ച്ചകളില്‍ ഒക്കെ കാണുന്നത് മുതല്‍മുടക്കി രണ്ടു വര്‍ഷം കാത്തിരുന്ന സിനിമ എന്നാണ്. 2018 ഓഗസ്റ്റില്‍ സെറ്റ് വര്‍ക്ക് തുടങ്ങിയ സിനിമയാണ് മരക്കാര്‍. ഈ സിനിമയുടെ ആലോചന തുടങ്ങിയ സമയം മുതല്‍ കാശുമുടക്കി കൊണ്ടിരിക്കുന്ന നിര്‍മാതാവാണ് ആന്റണി. 2018 ഡിസംബര്‍ മൂന്നിന് ഷൂട്ടിംഗ് തുടങ്ങി. 2018 ഓഗസ്റ്റ് മുതല്‍ 2021 നവംബര്‍ വരെ. മുടക്കുമുതലും അതിന്റെ പലിശയും, ഈ പ്രത്യേക സാഹചര്യത്തില്‍ ഒരു ഗ്യാരണ്ടിയും ഇല്ലാതെ തിയേറ്റര്‍ റിലീസ് ആവശ്യപ്പെടുമ്പോള്‍ മുതല്‍മുടക്കിയ നിര്‍മ്മാതാവിന് ഒരു ചങ്കിടിപ്പുണ്ടാകും. അത് രണ്ടുതരത്തിലാണ്. പാതി പേരെ ഇരുത്തി സിനിമ കാണിക്കുകയും 18 വയസ്സിനു മുകളിലുള്ളവര്‍ക്ക് മാത്രം പ്രവേശനം അനുവദിക്കുകയും ചെയ്യുന്ന ഈ കാലത്ത് മുടക്കുമുതല്‍ തിരിച്ചുപിടിക്കാനാകുമോ എന്ന ആശങ്ക. സകല ആഹ്ലാദാരവങ്ങളോടെയും ആഘോഷത്തിമിര്‍പ്പുകളോടെയും കൊണ്ടാടപ്പെടേണ്ട ഒരു സിനിമക്ക് അത് നഷ്ടപെടുന്നല്ലോ എന്ന സങ്കടം.
ലാലേട്ടന്റെ ആരാധകര്‍ക്കും സിനിമാ പേക്ഷകര്‍ക്കും മരക്കാര്‍ തീയേറ്ററില്‍ എത്താത്തതില്‍ സങ്കടമുണ്ടാകും പരിഭവമുണ്ടാകും. ഒരു നിര്‍മാതാവ് നിലനില്‍ക്കേണ്ടതിന്റെ ആവശ്യം അവര്‍ തീര്‍ച്ചയായും മനസിലാക്കും എന്നാണ് വിശ്വാസം. മുടക്കിയിരിക്കുന്നത് 100 കോടിരൂപയാണ്. കഷ്ടപ്പാടിന്റെ മൂശയില്‍ വെന്തുരുകി അധ്വാനത്തിന്റെ ചിന്തേരിട്ടു മിനുക്കി എടുത്തത് തന്നെയാണ് ആന്റണിയുടെ ജീവിതം. 5000 പേരെങ്കിലും മലയാളസിനിമയില്‍ നിര്‍മ്മാതാക്കളായി എത്തിയിട്ടുണ്ടാകുമെന്നും അതില്‍ ആറൊ ഏഴോ പേര്‍ ഒഴികെ മറ്റുള്ളവര്‍ എങ്ങോട്ട് പോയി എന്ന് ആര്‍ക്കും അറിയില്ല എന്നും കഴിഞ്ഞദിവസം ചാനല്‍ ചര്‍ച്ചയില്‍ പറയുന്നത് കേട്ടു. ആ 4993 പേരില്‍ ഒരാളാവാന്‍ ആന്റണിക്ക് മനസ്സുണ്ടാവില്ല. ഏഴുപേരില്‍ ഒരാള്‍ കൂടി ചേര്‍ന്ന് ഏട്ടാകുമ്പോള്‍ അതില്‍ ഏട്ടാമനാവാനല്ല ഒന്നാമനായി നില്‍ക്കാനാവും ആന്റണിക്കിഷ്ടം.
സഭ്യമായ രീതിയില്‍ ജനങ്ങളെ രസിപ്പിക്കുമ്പോള്‍ സിനിമ കലയാണ്. നിര്‍മ്മാതാവിന് മുടക്കുമുതല്‍ തിരിച്ചുകിട്ടേണ്ടിടത്ത് സിനിമ കച്ചവടവും. തീര്‍ച്ചയായും തിയേറ്റര്‍ റിലീസിനു വേണ്ടി എടുത്ത സിനിമ തന്നെയാണ് മരക്കാര്‍. പക്ഷേ ഈ സിനിമ റിലീസ് നിശ്ചയിച്ച കാലത്തെ അവസ്ഥയല്ല ഇന്ന് കേരളത്തില്‍. കേരളത്തില്‍ മാത്രം ഓടിയാല്‍ മുതലാകുന്ന സിനിമയും അല്ല മരക്കാര്‍. നൂറുകോടി മുതല്‍മുടക്കുമ്പോള്‍ ലോക വിപണിയും ആന്റണി ലക്ഷ്യമിട്ടിരിക്കും. അവാര്‍ഡുകളുടെയും അംഗീകാരങ്ങളുടെയും പേരില്‍ മാത്രം ലോകസിനിമാവേദികളില്‍ അറിയപ്പെട്ടിരുന്ന മലയാളസിനിമയെ കച്ചവട മൂല്യത്തിന്റെ പേരില്‍ ലോക വിപണിയിലേക്ക് എത്തിച്ചതില്‍ ആന്റണിയോളം സംഭാവന നല്‍കിയ മറ്റൊരാള്‍ ഉണ്ടാവില്ല. പണമിറക്കി പടമെടുത്ത് ഇന്ത്യന്‍ പ്രസിഡണ്ടിന്റെ മുന്നില്‍ തല ഉയര്‍ത്തി നിന്ന് പുരസ്‌കാരം വാങ്ങാന്‍ ചങ്കുറപ്പുള്ള ആന്റണി, ആരുടെയെങ്കിലും മുന്നില്‍ തലകുനിക്കണം എന്ന് പറഞ്ഞാല്‍ അത് വിലപ്പോയെന്നുവരില്ല.
Also Read:ദീപാവലിയ്ക്ക് ശേഷം ഡല്‍ഹിയിൽ വായുവിന്റെ ഗുണനിലവാരം നേരിയ പുരോഗതിയില്‍
നൂറുകണക്കിന് സിനിമ പ്രവര്‍ത്തകര്‍ക്ക് അന്നമൂട്ടുന്നവനാണദ്ദേഹം. സ്നേഹത്തിനു മുന്നില്‍ അല്ലാതെ സംഘടിത ശക്തികള്‍ക്ക് മുന്നില്‍ അദ്ദേഹം തലകുനിക്കും എന്ന് കരുതുന്നവര്‍ വിഡ്ഢികളുടെ സ്വര്‍ഗ്ഗത്തിലാണ്. പതിനഞ്ചും ഇരുപതും കോടി രൂപ ബഡ്ജറ്റില്‍ നിന്ന് നൂറുകോടി എന്ന സ്വപ്ന സംഖ്യയിലേക്ക് സിനിമയെ എത്തിച്ചയാള്‍. ആ വലിയ മുടക്കുമുതല്‍ തിരിച്ചു പിടിക്കാനുള്ള ബിസിനസ് തന്ത്രങ്ങള്‍ മെനയാനറിയുന്ന കുശാഗ്രബുദ്ധിക്കാരന്‍. മറ്റ് ഇന്ത്യന്‍ ഭാഷകളില്‍ മലയാള നിര്‍മാതാവിന് നിവര്‍ന്നുനിന്ന് തന്റെ ഉല്‍പ്പന്നത്തിന് വിലപറയാന്‍ പ്രാപ്തരാക്കിയവരില്‍ ഒരാള്‍. അങ്ങനെയൊരു നിര്‍മ്മാതാവ് ബാക്കി ഉണ്ടാകണമെങ്കില്‍ ഈ പ്രത്യേക കാലഘട്ടത്തില്‍ സിനിമാലോകത്തിന്റെ മൊത്തം സപ്പോര്‍ട്ടും അയാള്‍ക്കൊപ്പം ഉണ്ടാവണം. അങ്ങനെ ഉണ്ടാവുന്നില്ല എന്ന് അദ്ദേഹത്തിന് ബോധ്യപ്പെടുകയും നിലനില്‍പ്പിനായി മറ്റു മാര്‍ഗ്ഗങ്ങള്‍ തേടുകയും ചെയ്യുമ്പോള്‍ അതിനെ കുറ്റം പറയാനാവില്ല.
ഈ വിഷയത്തിലേക്ക് മലയാളസിനിമയുടെ സുല്‍ത്താന്‍ പ്രേംനസീര്‍ സാറിനെയും പ്രിയ നടന്‍ ജയന്‍ സാറിനെയും വലിച്ചിഴച്ചത് തികച്ചും പ്രധിഷേധാര്‍ഹം തന്നെയാണ്. ബാലാരിഷ്ടതകള്‍ നിറഞ്ഞ മലയാള സിനിമയുടെ ആദ്യകാലത്ത് ഒരു ജനതയെ ഒന്നാകെസിനിമാകൊട്ടക കളിലേക്ക് ആകര്‍ഷിച്ചതില്‍ ഈ നിത്യഹരിതനായകന് വലിയ പങ്കുണ്ട്. ലാലേട്ടനും മമ്മൂട്ടി സാറും സിനിമയ്ക്ക് നല്‍കിയ സംഭാവനകള്‍ക്ക് ആരുടെയും സര്‍ട്ടിഫിക്കറ്റ് ആവശ്യമില്ല. പ്രേംനസീറും ജയനും ചത്തടിഞ്ഞിട്ടും സിനിമ ബാക്കിയായെന്നും മമ്മൂട്ടിയും മോഹന്‍ലാലും പോയാലും അത് ഉണ്ടാകുമെന്നും പറയുന്ന നേതാക്കള്‍ ഒന്നോര്‍ക്കണം ഇവര്‍ മാത്രമല്ല ആരൊക്കെ പോയാലും സിനിമ ബാക്കിയുണ്ടാകും ഒരു വ്യത്യാസമുണ്ട് മലയാള സിനിമ ഉള്ള കാലത്തോളം ഇവരെയെല്ലാം ജനങ്ങള്‍ ഓര്‍ക്കും അവരുടെ സിനിമകള്‍ ഓര്‍ക്കും പക്ഷേ ഈ പറയുന്നവരെ ഒരു പുല്‍ക്കൊടിത്തുമ്പുപോലും ഓര്‍ക്കില്ല.
തിയേറ്ററുകള്‍ അടച്ചിട്ട കാലം മുഴുവന്‍ കറണ്ട് ചാര്‍ജും തൊഴിലാളികള്‍ക്ക് പകുതി വേതനവും കൊടുക്കേണ്ടിവന്ന തീയേറ്റര്‍ ഉടമകളും വലിയവെല്ലുവിളി നേരിടുന്നുണ്ട് എന്ന കാര്യവും വിസ്മരിക്കുന്നില്ല.
Post Your Comments