
ആലപ്പുഴ: ജില്ലയിലെ പാര്‍ട്ടിയെ ഒറ്റക്കെട്ടായി തന്നെയാണ് നയിക്കുന്നതന്നും സ്ഥാനമാനങ്ങള്‍ക്ക് വേണ്ടി ഒരിക്കലും ആഗ്രഹിക്കാത്തയാളാണ് താനെന്നും സി.പി.എം സംസ്ഥാന കമ്മറ്റിയംഗം ജി.സുധാകരന്‍. തിരഞ്ഞെടുപ്പ് വീഴ്ചയുടെ പേരില്‍ സി.പി.എം പരസ്യമായി ശാസിച്ചതില്‍ ഒരു വിഷമവുമില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
‘അറിവില്ലാത്തവരും തെറ്റായി ചിന്തിക്കുന്നവരും അഴിമതിക്കാരും എല്ലാമുള്ള സമൂഹമാണിത്. അതിന്റെ തുടര്‍ച്ചകള്‍ പലസ്ഥലത്തും കാണും. അത്തരക്കാരെ ഗൗനിക്കേണ്ടതില്ല. പാര്‍ട്ടി കൂടെയുള്ളതിനാല്‍ ഒറ്റപ്പെടുന്നതായി തോന്നിയിട്ടില്ല. സംസ്ഥാന കമ്മറ്റി യോഗത്തിന് ശേഷം മുഖ്യമന്ത്രി പിണറായി വിജയനെയും കോടിയേരി ബാലകൃഷ്ണനെയും അങ്ങോട്ട് ചെന്ന് കാണുകയായിരുന്നു. ആലപ്പുഴയിലെ പാര്‍ട്ടിയെ ശക്തിപ്പെടുത്തുന്ന കാര്യമാണ് സംസാരിച്ചത്’- ജി.സുധാകരന്‍ വ്യക്തമാക്കി.
‘ഒറ്റപ്പെടുന്നു എന്നതൊക്കെ ബൂര്‍ഷ്വാ പ്രയോഗമാണ്. പാര്‍ട്ടിയെടുത്ത എല്ലാ തീരുമാനങ്ങളോടും നൂറ് ശതമാനം യോജിപ്പാണ് തോന്നിയിട്ടുള്ളത്. പാര്‍ട്ടിക്ക് അതീതരായി ആരുമില്ല എന്നത് പാര്‍ട്ടി ഭരണഘടനയില്‍ പറഞ്ഞിട്ടുള്ള കാര്യമാണ്. തനിക്കുള്ള നടപടി മറ്റുള്ളവര്‍ക്കുള്ള മുന്നറിയിപ്പാണ് എന്നൊന്നും പറയുന്നതില്‍ അര്‍ഥമില്ല’- സുധാകരന്‍ പറഞ്ഞു.
Post Your Comments