ന്യൂഡൽഹി : ബിഎസ്എഫിന്റെ അധികാരപരിധി കൂട്ടിയ കേന്ദ്രതീരുമാനം നടപ്പാക്കാത്ത
പഞ്ചാബ് സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി മുതിർന്ന കോൺഗ്രസ് നേതാവ് മനീഷ് തിവാരി. അന്താരാഷ്‌ട്ര അതിർത്തി കടന്നു പോകുന്ന സംസ്ഥാനങ്ങളിൽ ബിഎസ്എഫിന്റെ അധികാരപരിധി കൂട്ടി കഴിഞ്ഞ മാസമാണ് കേന്ദ്രം ഉത്തരവിറക്കിയത്. 15 കിലോമീറ്ററായിരുന്ന അധികാരപരിധി 50 കിലോമീറ്ററായാണ് ഉയർത്തിയത്. പഞ്ചാബ്, പശ്ചിമബംഗാൾ, ആസാം എന്നീ സംസ്ഥാനങ്ങളിലാണ് പരിധി കൂട്ടി നിശ്ചയിച്ചത്. എന്നാൽ, പഞ്ചാബ് ഭരിക്കുന്ന കോൺഗ്രസ് സർക്കാർ ഈ തീരുമാനം ഇതുവരെ നടപ്പാക്കിയിട്ടില്ല. ഇതിനെതിരെയാണ് മനീഷ് തിവാരി രംഗത്തെത്തിയിരിക്കുന്നത്. ട്വിറ്ററിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
‘പഞ്ചാബിൽ ബിഎസ്എഫിന്റെ അധികാരപരിധി ഉയർത്തിയ വിജ്ഞാപനം പുറത്തിറങ്ങിയിട്ട് ഏകദേശം ഒരു മാസത്തോളമായി. നടപ്പാക്കാൻ വിമുഖതയുണ്ടെങ്കിൽ പഞ്ചാബ് സർക്കാർ എന്തുകൊണ്ടാണ് ആർട്ടിക്കിൾ 131 പ്രകാരം വിജ്ഞാപനത്തെ ചോദ്യം ചെയ്ത് സുപ്രീംകോടതിയെ സമീപിക്കാത്തത്. ഇപ്പോൾ കാണിക്കുന്ന എതിർപ്പ് വെറും പ്രകടനമാണോ’- മനീ ഷ് തിവാരി ട്വിറ്ററിൽ കുറിച്ചു.
Read Also : വാഹനത്തിന്റെ തകരാർ പരിഹരിച്ചു നൽകാമെന്ന് പറഞ്ഞ് അടുത്തുകൂടി മോഷണം : യുവാവ് അറസ്റ്റിൽ
ജി-23 നേതാക്കളിലൊരാളായ മനീഷ് തിവാരി പഞ്ചാബ് കോൺഗ്രസ് നേതൃത്വത്തിനെതിരെ നിരന്തരം വിമർശനങ്ങൾ നടത്താറുണ്ട്. പാർട്ടിക്കുള്ളിലുണ്ടായിരുന്ന ആഭ്യന്തര കലഹത്തിനെതിരേയും തിവാരി വിമർശനം ഉന്നയിച്ചിട്ടുണ്ട്. താൻ 40 വർഷമായി കോൺഗ്രസിലുണ്ടെന്നും, പഞ്ചാബ് കോൺഗ്രസിനുള്ളിൽ നടക്കുന്നത് പോലത്തെ മോശം അവസ്ഥകൾ താൻ എവിടേയും കണ്ടിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.
Post Your Comments