കഴക്കൂട്ടം: കാർ ലെവൽ ക്രോസിലേക്ക് ഇടിച്ചു കയറി ഗേറ്റ് തകർത്തു. ട്രെയിൻ കടന്നുപോകുന്നതിന് റെയിൽവേ ലെവൽ ക്രോസ് അടയ്ക്കുന്നതിനിടയിലാണ് സംഭവം. ട്രെയിൻ എത്താത്തതിനാൽ വൻദുരന്തം ഒഴിവാകുകയായിരുന്നു. അപകടത്തിൽ ആർക്കും പരിക്കില്ല. ഞായറാഴ്ച രാത്രി 9.15ന് ആണ് അപകടം. കുളത്തൂർ സ്റ്റേഷൻകടവ് റെയിൽവേ ലെവൽ ക്രോസിലാണ് സംഭവം.
ട്രെയിനിന്റെ വരവറിയിച്ച് സന്ദേശം വന്നു. തൊട്ടു പിന്നാലെ അലാറം മുഴക്കി ഗേറ്റ് കീപ്പർ അവസാനത്തെ വാഹനത്തെയും കടത്തിവിട്ട് ഗേറ്റ് താഴ്ത്തി ലോക്ക് ചെയ്യുകയായിരുന്നു. ഇതിനിടെ എത്തിയ കാറാണ് നിയന്ത്രണം തെറ്റി കിഴക്ക് വശത്തെ ഗേറ്റ് തകർത്ത് റെയിൽവേ പാളത്തിന് തൊട്ടടുത്തായി വന്നുനിന്നത്.
സംഭവസ്ഥലത്ത് ഉണ്ടായിരുന്നവർ ഉടൻ തന്നെ സ്ഥലത്തെത്തി കാറിലുള്ളവരെ പുറത്തെത്തിച്ചു. ഗേറ്റിന്റെ കട്ടിയുള്ള ഉരുക്ക് പൈപ്പിൽ തട്ടിനിന്നതിനാൽ കാർ പാളത്തിലേക്ക് പോകാത്തതിനാൽ ട്രെയിനിന് തടസ്സം കൂടാതെ പോകാൻ കഴിഞ്ഞു. തുടർന്ന് തുമ്പ പൊലീസ് സ്ഥലത്തെത്തി കാർ മാറ്റി.
Post Your Comments