പയ്യന്നൂർ: സെപ്റ്റിക് ടാങ്കിനായെടുത്ത കുഴിയിൽ വീണ് നാലു വയസ്സുകാരിക്ക് ദാരുണാന്ത്യം. ജമ്മുവിൽ സൈനികനായ പയ്യന്നൂർ കൊറ്റിയിലെ കക്കറക്കൽ ഷമൽ – വി.കെ.അമൃത ദമ്പതികളുടെ ഏകമകൾ സാൻവിയ (നാല്) യാണ് മരിച്ചത്. ഞായറാഴ്ച രാവിലെ 11 മണിയോടെ അപകടം. വീടിന് തൊട്ടടുത്ത പറമ്പിലെ സെപ്റ്റിക് ടാങ്കിൽ വീണാണ് നാലു വയസ്സുകാരി മരിച്ചത്.
കളിക്കാനാണ് മറ്റ് രണ്ട് കുട്ടികളോടൊപ്പം സാൻവിയ ഈ പറമ്പിൽ എത്തിയത്. ഇതിനിടയിലാണ് നിർമ്മാണത്തിലിരിക്കുന്ന സെപ്റ്റിക് ടാങ്കിൽ വീണത്. ഇതിനകത്ത് നിറയെ വെള്ളമായിരുന്നതിനാൽ സാൻവിയ ടാങ്കിൽ വീണത് മറ്റ് കുട്ടികൾ അറിഞ്ഞില്ല. ഇതിനിടയിൽ ടാങ്കിനടുത്ത് കുട്ടിയുടെ ചെരുപ്പ് കണ്ട് സംശയം തോന്നിയവരാണ് സെപ്റ്റിക് ടാങ്കിൽ ഇറങ്ങി കുട്ടിയെ പുറത്തെടുത്തത്.
പുറത്തെടുത്ത സമയം കുട്ടിക്ക് ജീവനുണ്ടായിരുന്നു. ഉടൻ പയ്യന്നൂരിലെ സ്വകാര്യാശുപത്രിയിലും തുടർന്ന് പരിയാരം ഗവ.ആശുപത്രിയിലും പ്രവേശിപ്പിച്ചുവെങ്കിലും ഞായറാഴ്ച രാത്രി 9 മണിയോടെ മരിക്കുകയായിരുന്നു.
പയ്യന്നൂർ പൊലീസ് മൃതദേഹം ഇൻക്വസ്റ്റ് നടത്തി. മകളുടെ മരണമറിഞ്ഞ് പിതാവ് ഷമൽ ജമ്മുവിലെ ജോലി സ്ഥലത്തു നിന്നും നാട്ടിലെത്തിയിട്ടുണ്ട്.
Post Your Comments