കേരളത്തിലെ പ്രമുഖ ക്ഷേത്രങ്ങളില്‍ ഒന്നാണ് തൃശൂര്‍ വടക്കുംനാഥ ക്ഷേത്രം. തൃശൂരിലെ പ്രശസ്തമായ തേക്കിന്‍കാട് മൈതാനത്തിലാണ് വടക്കും നാഥ ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. 20 ഏക്കര്‍ വിസ്തൃതിയില്‍ കേരളത്തിലെ ഏറ്റവും വലിയ ക്ഷേത്ര മതില്‍ക്കെട്ടിനുള്ളിലായി നിര്‍മ്മിക്കപ്പെട്ടിട്ടുള്ള ഈ ക്ഷേത്രത്തെക്കുറിച്ച് പറയാന്‍ അതിശയിപ്പിക്കുന്ന നിരവധി കാര്യങ്ങളുണ്ട്.
ക്ഷേത്രത്തിനു ചുറ്റുമായി നിര്‍മ്മിക്കപ്പെട്ട കൂറ്റന്‍ മതിലാണ് ആനപ്പള്ള മതില്‍. കേരളത്തിലെ മറ്റൊരു ക്ഷേത്രത്തിലും ഇത്രയും വലിയ മതില്‍ കാണാന്‍ കഴിയില്ല. കൂറ്റന്‍ ആനവാതിലുകളുള്ള 4 ക്ഷേത്ര ഗോപുരങ്ങളാണ് ഇവിടുത്തെ മറ്റൊരു അതിശയ കാഴ്ച. ഇവിടുത്തെ നാല് ക്ഷേത്ര ഗോപുരങ്ങളില്‍ ഏറ്റവും പ്രധാനപ്പെട്ട ക്ഷേത്ര ഗോപുരം പടിഞ്ഞാറെ ഗോപുരമാണ്. പടിഞ്ഞാറെ ഗോപുരം കടന്ന് അകത്തേക്ക് പ്രവേശിച്ചാല്‍ ആദ്യം കാണുന്ന ശിലയാണ് കലിശില. ഈ കലിശിലയ്ക്ക് ഒരു ഐതിഹ്യമുണ്ട്. ലോകാവസാനത്തിന്റെ സൂചന കലിശില തരുമെന്നാണ് വിശ്വാസം. ഓരോ ദിവസവും ഈ കലിശില വളര്‍ന്ന് വരുന്നുണ്ടെത്രെ. ഈ കലിശില വളര്‍ന്ന് ക്ഷേത്ര ഗോപുരത്തിന്റെ ഉയരത്തില്‍ എത്തിയാല്‍ ലോകം അവസാനിക്കുമെന്നാണ് പറയപ്പെടുന്നത്.
പരശുരാമന്‍ സ്ഥാപിച്ച കേരളത്തിലെ 108 ശിവ ക്ഷേത്രങ്ങളില്‍ ഒന്നാണ് ഈ ക്ഷേത്രം. 108 ശിവ സ്‌തോത്രങ്ങളില്‍ പ്രഥമ പരാമര്‍ശമുള്ള ക്ഷേത്രം കൂടിയാണ് വടക്കുംനാഥ ക്ഷേത്രം. ഈ ക്ഷേത്രത്തിലെ ശിവനെ വടക്കും നാഥന്‍ എന്ന് വിളിക്കുന്നതിന് പിന്നില്‍ ഒരു ഐതിഹ്യമുണ്ട്. പരശുരാമന്റെ അഭ്യര്‍ത്ഥനയാല്‍ ശിവനും കൈലാസവാസികളും പരശുരാമനോടൊപ്പം ഭാര്‍ഗവഭൂമിയിലൂടെ (കേരളം) യാത്ര ചെയ്യുമ്പോള്‍ വഴിയില്‍ വച്ച് ഒരു തേജസ് കണ്ടു. തെക്ക് ഭാഗത്ത് മഹാവിഷ്ണു തേജസ് കണ്ടിടത്ത് പ്രതിഷ്ഠ നടത്താന്‍ പരശുരാമന്‍ ആഗ്രഹിച്ചു. അവിടെ കുടികൊള്ളണമെന്ന പരശുരാമന്റെ അഭ്യര്‍ത്ഥപ്രകാരം ശിവന്‍ പാര്‍വതിയോടൊപ്പം അവിടേയ്ക്ക് എഴുന്നള്ളിയപ്പോള്‍ മഹാവിഷ്ണുവും അവിടെ പ്രത്യക്ഷപ്പെട്ടു. മഹാവിഷ്ണുവിനോട് തന്റെ തെക്കുഭാഗത്തിരിയ്ക്കാന്‍ പറഞ്ഞ ശിവന്‍ സ്വയം ഒരു ജ്യോതിര്‍ലിംഗമായി മാറി വടക്കുഭാഗത്ത് കുടികൊണ്ടു. അങ്ങനെ അവിടുത്തെ പ്രതിഷ്ഠയ്ക്ക് വടക്കുംനാഥന്‍ എന്ന പേരുണ്ടായി.
Post Your Comments