മഡ്രിഡ്: സ്പെയ്നില്‍ എമര്‍ജന്‍സി ലാന്‍ഡിംഗ് നടത്തിയ വിമാനത്തില്‍ നിന്ന് 20 ഓളം യാത്രക്കാര്‍ ഓടി രക്ഷപ്പെട്ടു. സ്‌പെയിനിലെ ഏറ്റവും തിരക്കേറിയ വിമാനത്താവളങ്ങളിലൊന്നായ പാല്‍മ ഡി മല്ലോര്‍ക്കയിലാണ് സംഭവം. ഇതിനെ തുടര്‍ന്ന് നാല് മണിക്കൂറോളം വിമാനത്താവളം അടച്ചിട്ടു.
വെള്ളിയാഴ്ച മൊറോക്കോയ്ക്കും തുര്‍ക്കിക്കും ഇടയില്‍ പറന്ന വിമാനത്തിലെ യാത്രക്കാരന് മെഡിക്കല്‍ എമര്‍ജന്‍സി ആവശ്യമായതിനെ തുടര്‍ന്നാണ് വിമാനം മെഡിറ്ററേനിയന്‍ ദ്വീപായ മല്ലോര്‍ക്കയിലേക്ക് വഴിതിരിച്ചുവിട്ടത് എന്ന് സിവില്‍ ഗാര്‍ഡ് പോലീസ് സേന എ എഫ് പിയോട് പറഞ്ഞു. അസുഖ ബാധിതനായ യാത്രക്കാരനെ ആശുപത്രിയിലേയ്ക്ക് മാറ്റുന്നതിനിടയിലാണ് വിമാനത്തിലുണ്ടായിരുന്ന 20 ഓളം യാത്രക്കാര്‍ രക്ഷപ്പെടാന്‍ ശ്രമിച്ചത്. ഇവരില്‍ രണ്ട് പേരെ അറസ്റ്റ് ചെയ്തതായി പോലീസ് അറിയിച്ചു.
നിയമവിരുദ്ധമായി സ്‌പെയിനിലേക്ക് കടക്കാനാണ് ഇത്തരത്തില്‍ ഒരു അടിയന്തര സാഹചര്യം സൃഷ്ടിച്ചതെന്ന അനുമാനത്തിലാണ് അന്വേഷണ ഉദ്യോഗസ്ഥര്‍ എത്തിച്ചേര്‍ന്നിരിക്കുന്നതെന്ന് എല്‍ പൈസ് പത്രം റിപ്പോര്‍ട്ട് ചെയ്തു. മെഡിക്കല്‍ എമര്‍ജന്‍സി വേണ്ടിയിരുന്ന യാത്രക്കാരനെ ആശുപത്രിയിലേക്ക് കൊണ്ടുപോയി. എന്നാല്‍ ഇയാള്‍ പൂര്‍ണ ആരോഗ്യവാനാണെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു. ഇയാളെ മറ്റുള്ളവരെ ‘അനധികൃത കുടിയേറ്റത്തില്‍ സഹായിച്ചതിന്’ അറസ്റ്റ് ചെയ്തുവെന്നും ദിനപത്രം റിപ്പോര്‍ട്ട് ചെയ്തു.
Post Your Comments