ചെന്നൈ : തമിഴ്‌നാട്ടിൽ ആദിവാസികള്‍ക്കെതിരായ ക്രിമിനല്‍ അതിക്രമങ്ങളുടെ പേരിൽ രജിസ്റ്റര്‍ ചെയ്ത കേസുകളുടെ എണ്ണം വർധിക്കുന്നതായി റിപ്പോർട്ട്. 2017 മുതല്‍ കേസുകളുടെ എണ്ണം വർധിക്കുന്നതായിട്ടാണ് കേന്ദ്ര സർക്കാരിന്റെ കണക്കുകൾ വ്യക്തമാക്കുന്നത്. എന്നാല്‍, രജിസ്റ്റര്‍ ചെയ്ത മൊത്തം കേസുകളില്‍ ശിക്ഷിക്കപ്പെട്ടത് 10 ശതമാനത്തില്‍ താഴെ പേർ മാത്രമാണെന്നും ദി ന്യൂ ഇന്ത്യന്‍ എക്‌സപ്രസ് റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.
‘ജയ് ഭീം’ എന്ന ചിത്രത്തിന് ശേഷമാണ് തമിഴ്‌നാട്ടിൽ ആദിവാസികള്‍ക്കെതിരെ നടക്കുന്ന അതിക്രമങ്ങള്‍ കൂടുതല്‍ ശ്രദ്ധ നേടിയിരിക്കുന്നത്. സെപ്റ്റംബറില്‍ പുറത്തുവിട്ട ഡാറ്റ പ്രകാരം 2017ല്‍ മൂന്ന് പേര്‍, 2018-ല്‍ ആരുമില്ല, 2019-ല്‍ പത്ത് പേരുമാണ് ശിക്ഷിക്കപ്പെട്ടത്. ആദിവാസി വിഭാഗത്തിലെ നിരപരാധികള്‍ക്ക് നീതി ലഭിക്കുക എന്നത് വളരെ പ്രയാസകരമായ കാര്യമാണെന്നും ന്യൂ ഇന്ത്യന്‍ എക്‌സപ്രസ് റിപ്പോർട്ടിൽ പറയുന്നു.
Read Also : ഓലപ്പാമ്പു കാണിച്ചാൽ ആരു പേടിക്കുമെന്നാണ് കോലീബി-മൗദൂദി മഴവിൽ സഖ്യം കരുതുന്നത്: തോമസ് ഐസക്
എതിർകക്ഷികൾ ഉയർന്ന ജാതിക്കാരാകുമ്പോൾ കോടതിയില്‍ ആദിവാസി വിഭാഗക്കാരുടെ ഒരു കേസ് തെളിയിക്കുന്നത് വളരെ പ്രയാസമുള്ള കാര്യമാണെന്നും റിട്ട. മദ്രാസ് ഹൈക്കോടതി ജഡ്ജിയും ജയ് ഭീം സിനിമയ്ക്ക് ആധാരമായ വ്യക്തിയുമായ കെ ചന്ദ്രു പറഞ്ഞു.
1992ല്‍ തമിഴ്‌നാട് ട്രൈബല്‍സ് അസോസിയേഷന്‍ സ്ഥാപിച്ച പി ഷണ്‍മുഖം, പോലീസ് സ്റ്റേഷനുകളില്‍ എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്യാന്‍ കുറഞ്ഞത് നൂറു ആദിവാസികളെയെങ്കിലും സഹായിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. എന്നാൽ, പൊലീസ് പൊതുവെ ഉയർന്ന ജാതികളുടെ പക്ഷം പിടിക്കുന്നതിനാല്‍ എഫ്ഐആര്‍ ഫയല്‍ ചെയ്യുന്നതിനപ്പുറം ഒന്നും സംഭവിക്കുന്നില്ല എന്നും അദ്ദേഹം വ്യക്തമാക്കി. കുറ്റം തെളിയിക്കാന്‍ ഭൂരിഭാഗം ആദിവാസികളും കോടതിയില്‍ പോകുന്നില്ല. തെളിവുകള്‍ വളച്ചൊടിക്കപ്പെടുന്നു, ആദിവാസികള്‍ പൊതുവെ ഭയം കൂടുതലുള്ള സമൂഹമാണെന്നും അദ്ദേഹം പറഞ്ഞു.
Post Your Comments