അബുദാബി: പൊതുജനങ്ങളുടെ സൈ്വരജീവിതത്തിന് തടസമുണ്ടാക്കുന്ന വിധത്തിൽ അമിതമായ ശബ്ദമുണ്ടാക്കുന്ന വാഹനങ്ങൾ ഉപയോഗിക്കുന്നവരിൽ നിന്നും പിഴ ഇടാക്കുമെന്ന് അബുദാബി പോലീസ്. ശബ്ദമലിനീകരണമുണ്ടാക്കുന്ന വാഹനങ്ങൾ, അമിതവേഗതയിൽ അശ്രദ്ധമായി ഉപയോഗിക്കുന്ന വാഹനങ്ങൾ എന്നിവയ്ക്ക് പിഴ ചുമത്തുമെന്ന് പോലീസ് ഡ്രൈവർമാർക്ക് മുന്നറിയിപ്പ് നൽകി.
ട്രാഫിക് നിയമത്തിലെ ആർട്ടിക്കിൾ 20 പ്രകാരം, ഇത്തരം വാഹനങ്ങൾക്ക് 2000 ദിർഹം പിഴയും, 12 ബ്ലാക്ക് പോയിന്റുകളും ചുമത്തുമെന്നാണ് പോലീസ് അറിയിച്ചിരിക്കുന്നത്. വാഹനങ്ങളുടെ എൻജിൻ, മറ്റു ഭാഗങ്ങൾ എന്നിവ അനധികൃതമായി മാറ്റം വരുത്തുന്നവർക്കെതിരെയും നടപടി സ്വീകരിക്കും. ഇത്തരക്കാർക്ക് ആർട്ടിക്കിൾ 73 പ്രകാരം 1000 ദിർഹം പിഴയും, 12 ബ്ലാക്ക് പോയിന്റുകളും ചുമത്തുമെന്ന് പോലീസ് അറിയിച്ചു. ഇത്തരം വാഹനങ്ങൾ 30 ദിവസത്തേക്ക് പോലീസ് പിടിച്ചെടുക്കുകയും ചെയ്തു. പിടിച്ചെടുക്കപ്പെടുന്ന വാഹനങ്ങൾ വിട്ടു കിട്ടുന്നതിന് മൂന്ന് മാസത്തിനിടയിൽ 10000 ദിർഹം കെട്ടിവെക്കേണ്ടതാണ്. ഈ കാലയളവിനുള്ളിൽ വാഹനം വിട്ടുകിട്ടുന്നതിനുള്ള തുക അടയ്ക്കാത്ത വാഹനങ്ങൾ ലേലം ചെയ്യുമെന്നും പോലീസ് വ്യക്തമാക്കി.
പാർപ്പിട മേഖലകളിൽ ഇത്തരം വാഹനങ്ങൾ ശ്രദ്ധയിൽപ്പെടുന്നവർക്ക് 999 എന്ന നമ്പറിൽ ബന്ധപ്പെട്ട് പോലീസിനെ അറിയിക്കാം.
Post Your Comments