അബുദാബി: മുസ്ലിം ഇതര വിഭാഗങ്ങൾക്ക് വേണ്ടി പുതിയ വ്യക്തിനിയമം രൂപീകരിച്ച് അബുദാബി. ഇസ്ലാമിക നിയമം അനുസരിച്ചല്ലാത്ത വിവാഹം, വിവാഹമോചനം, കുട്ടികളുടെ സംരക്ഷണാവകാശം, അനന്തരാവകാശം എന്നിവ ഇനി മുതൽ പുതിയ നിയമത്തിന്റെ പരിധിയിലായിരിക്കും ഉൾപ്പെടുന്നത്. യുഎഇ പ്രസിഡന്റും അബുദാബി ഭരണാധികാരിയുമായ ശൈഖ് ഖലീഫ ബിൻ സായിദ് അൽ നഹ്യാനാണ് ഇതുസംബന്ധിച്ച ഉത്തരവ് പുറപ്പെടുവിച്ചത്.
മുസ്ലിം ഇതര വിഭാഗങ്ങൾക്കായുള്ള പുതിയ വ്യക്തി നിയമത്തിൽ വിവാഹം, വിവാഹമോചനം, കുട്ടികളുടെ സംയുക്ത സംരക്ഷണം, അനന്തരാവകാശം എന്നിവ ഉൾക്കൊള്ളുന്ന 20 വകുപ്പുകളാണ് ഉൾപ്പെട്ടിരിക്കുന്നത്. വിദേശികളായ സ്ത്രീയുടെയും പുരുഷന്റെയും സമ്മതത്തോടെ നടക്കുന്ന വിവാഹം സംബന്ധിച്ച കാര്യങ്ങളാണ് നിയമത്തിലെ ആദ്യ അധ്യായത്തിൽ പറയുന്നത്. രണ്ടാം അധ്യായത്തിൽ മുസ്ലിം ഇതര വിഭാഗങ്ങളുടെ വിവാഹമോചന നടപടിക്രമങ്ങളെ കുറിച്ചും വിവാഹമോചനത്തിനു ശേഷമുള്ള സ്ത്രീയുടെയും പുരുഷന്റെയും അവകാശങ്ങളെ കുറിച്ചും വിശദീകരിക്കുന്നുണ്ട്. വിവാഹിതരായി ജീവിച്ച കാലയളവ്, ഭാര്യയുടെ പ്രായം, സാമ്പത്തിക നില തുടങ്ങി നിരവധി മാനദണ്ഡങ്ങളെ അടിസ്ഥാനമാക്കി സാമ്പത്തിക അവകാശങ്ങൾ വിലയിരുത്തുന്നതിനുള്ള ജഡ്ജിയുടെ വിവേചനാധികാരത്തെ കുറിച്ചും ഈ അധ്യായത്തിൽ പരാമർശിക്കുന്നു.
വിവാഹമോചനത്തിനു ശേഷമുള്ള കുട്ടികളുടെ സംരക്ഷണാവകാശം സംബന്ധിച്ചുള്ളതാണ് മൂന്നാമത്തെ അദ്ധ്യായം. നാലാം അധ്യായത്തിൽ അനന്തരാവകാശത്തെക്കുറിച്ചാണ് പരാമർശിക്കുന്നത്. മുസ്ലിംകളല്ലാത്തവരുടെ കുടുംബ സംബന്ധമായ കേസുകൾ പരിഗണിക്കുന്നതിനായി അബുദാബിയിൽ പ്രത്യേക കോടതി സ്ഥാപിക്കുമെന്നും അധികൃതർ അറിയിച്ചിട്ടുണ്ട്. ഇംഗീഷിലും അറബിയിലുമായിരിക്കും ഈ കോടതിയിൽ നടപടിക്രമങ്ങൾ നടക്കുന്നത്.
Post Your Comments