മുംബൈ: ബോളിവുഡ് താരം ഷാരൂഖ് ഖാന്റെ മകൻ ആര്യന് ഖാന് ഉള്‍പ്പെട്ട ലഹരിക്കടത്ത് കേസിലെ അന്വേഷണത്തില്‍ നിന്നും എന്‍സിബി ഉദ്യോഗസ്ഥന് സമീര്‍ വാങ്കഡെയെ മാറ്റിയതിന് പിന്നാലെ പ്രതികരണവുമായി എന്‍സിപി നേതാവ് നവാബ് മാലിക്.
‘ഇത് ഒരു തുടക്കം മാത്രമാണ്. ഈ സിസ്റ്റം വൃത്തിയാക്കിയെടുക്കണമെങ്കില്‍ ഇനിയും ഒരുപാട് കാര്യങ്ങള്‍ ചെയ്യേണ്ടതായുണ്ട്. നമ്മള് അതെല്ലാം ചെയ്യും’. നവാബ് മാലിക് ട്വിറ്ററില്‍ കുറിച്ചു. ആര്യന് ഖാന്റേത് ഉള്‍പ്പെടെ അഞ്ച് കേസുകളില്‍ നിന്നും സമീര്‍ വാങ്കഡെയെ മാറ്റിയെന്നും ഇത്തരത്തിലുള്ള 26 കേസുകളിലും അന്വേഷണം ആവശ്യമാണെന്നും നവാബ് മാലിക് വ്യക്തമാക്കി.
നേരത്തെ സമീര്‍ വാങ്കഡെയ്ക്കെതിരായ ആരോപണങ്ങളുള്‍പ്പെട്ട കത്ത് മാധ്യമങ്ങളിലൂടെ പുറത്തുവിട്ടത് നവാബ് മാലികായിരുന്നു. ദീപിക പദുകോണ്‍, രാകുല്‍ പ്രീത് സിംഗ്, ശ്രദ്ധ കപൂര്‍, അര്ജുന് രാം പാല് എന്നീ ബോളിവുഡ് താരങ്ങളെ ഭീഷണിപ്പെടുത്തി സമീര്‍ വാങ്കഡെ പണം തട്ടിയെന്ന് കത്തില്‍ പറയുന്നതായി നവാബ് മാലിക് ആരോപിച്ചിരുന്നു.
Post Your Comments