നെയ്യാറ്റിന്‍കര: നെയ്യാറ്റിന്‍കരയില്‍ ഓട്ടോയില്‍ സ്പിരിറ്റ് കടത്തുന്നെന്ന രഹസ്യ വിവരത്തെ തുടര്‍ന്ന് ബൈക്കപകടത്തിന്റെ സെറ്റിട്ട് എക്‌സൈസ് പിടികൂടിയത് 1750 ലിറ്റര്‍ സ്പിരിറ്റ്. നെയ്യാറ്റിന്‍കര എക്‌സൈസ് ആണ് ത്രില്ലിങ് ഓപ്പറേഷന്‍ നടത്തിയത്.
ആദ്യം ഉദ്യോഗസ്ഥരുടെ തന്നെ ബൈക്കും കാറും കൂട്ടിയിടിപ്പിച്ച് റോഡില്‍ ബ്ലോക്കുണ്ടാക്കി. തുടർന്ന് സ്പിരിറ്റുമായെത്തിയ ഓട്ടോയും വഴിയില്‍ കുടുങ്ങുകയായിരുന്നു. അതേസമയം റോഡില്‍ നിലയുറപ്പിച്ച ഉദ്യോഗസ്ഥര്‍ രണ്ട് പ്രതികളെ കീഴ്‌പ്പെടുത്തി.
നവംബര്‍ ഒന്നിന് രാത്രി 8.50 ന് ആയിരുന്നു സംഭവം. അപകട സമയത്ത് സംഭവ സ്ഥലത്ത് ഓടിക്കൂടിയ നാട്ടുകാര്‍ക്ക് ആദ്യം കാര്യം മനസിലായില്ല. കൂടുതല്‍ വാഹനങ്ങളെത്തി രണ്ട് പ്രതികളെ കസ്റ്റഡിയിലെടുത്തപ്പോഴാണ് നാട്ടുകാർക്ക് കഥ മനസിലായത്.
Read Also: പ്രമേഹത്തിന്റെ ലക്ഷണങ്ങൾ വിരലുകൾ നോക്കി അറിയാം
അഞ്ച് കന്നാസുകളിലായി 175 ലിറ്റര്‍ സ്പിരിറ്റാണ് ഓട്ടോയില്‍ നിന്ന് പിടിച്ചെടുത്തത്. സംഭവുമായി ബന്ധപ്പെട്ട് നെയ്യാറ്റിന്‍കര സ്വദേശികളായ ജോയി, പ്രവീണ്‍ എന്നിവരെ അറസ്റ്റ് ചെയ്തു.
പിന്നാലെ ജോയിയുടെ വീട്ടില്‍ നിന്ന് 35 കന്നാസുകളിലായി സൂക്ഷിച്ച 1190 ലിറ്റര്‍ സ്പിരിറ്റും കണ്ടെടുത്തു. ഇവരില്‍ നിന്ന് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തില്‍ 11 കന്നാസ് സ്പിരിറ്റുമായി സുഹൃത്ത് സുബിയും പിടിയിലായി. മൂന്ന് പേരില്‍ നിന്നായി 1750 ലിറ്റര്‍ സ്പിരിറ്റാണ് നെയ്യാറ്റിന്‍കര റേഞ്ച് സബ് ഇന്‍പെക്ടര്‍ സച്ചിനും സംഘവും പിടിച്ചെടുത്തത്.
Post Your Comments