
തിരുവനന്തപുരം: മന്ത്രി മുഹമ്മദ് റിയാസിനെതിരെ രൂക്ഷ വിമർശനവുമായി യൂത്ത് ലീഗ് നേതാവ് പികെ ഫിറോസ്. പിഡബ്ലൂഡി റെസ്റ്റ് ഹൗസിൽ മിന്നൽ സന്ദർശനം നടത്തിയ മന്ത്രി മുഹമ്മദ് റിയാസ് ജീവനക്കാരെ ശകാരിക്കുന്നത് ശരിയായ രീതിയല്ലെന്ന് പികെ ഫിറോസ് വിമർശിച്ചു. ജീവനക്കാർ ജോലി ചെയ്യുന്നില്ലെങ്കിൽ അതിനുള്ള നടപടി സ്വീകരിക്കുകയാണ് വേണ്ടത്, ലക്ഷക്കണക്കിന് ആളുകൾ കാണുന്ന സോഷ്യൽ മീഡിയയിലൂടെ അപമാനിക്കുകയല്ല വേണ്ടതെന്നും പികെ ഫിറോസ് ഫേസ്ബുക്കിലൂടെ അഭിപ്രായപ്പെട്ടു.
ഫേസ്‌ബുക്ക് കുറിപ്പിന്റെ പൂർണരൂപം:
മന്ത്രി പി.എ മുഹമ്മദ് റിയാസ് തിരുവനന്തപുരം പി.ഡബ്ല്യു.ഡി റസ്റ്റ് ഹൗസ് സന്ദർശിക്കുന്ന ഒരു വീഡിയോ കണ്ടു. ഫൈസ്ബുക്ക് ലൈവുമായിട്ടാണ് ആളുടെ വരവ്. വന്ന പാടെ റസ്റ്റ് ഹൗസിലെ ജീവനക്കാരനെ കണക്കിന് ശകാരിക്കുന്നുണ്ട്. സർക്കാറിന്റെ തീരുമാനം പൊളിക്കാൻ നടക്കാണോ എന്നൊക്കെയാണ് മന്ത്രി ചോദിക്കുന്നത്. എന്നാൽ കാണട്ടെ എന്നൊക്കെ വെല്ലുവിളിക്കുന്നുമുണ്ട്. തന്റെ അധികാരവും പത്രാസുമൊക്കെ ഒരു സാധാരണ ജീവനക്കാരന്റെ മേൽ കാണിച്ചപ്പോ മന്ത്രിക്ക് മന:സുഖം കിട്ടിക്കാണുമോ എന്നൊന്നും എനിക്കറിയില്ല.
Read Also: കേരളം ഇന്ധന നികുതി കുറച്ചില്ലെങ്കിൽ സമരം ശക്തമാക്കുമെന്ന് കെ സുധാകരൻ
പക്ഷേ മന്ത്രി അടിയന്തിരമായി ഈ ഏർപ്പാട് നിർത്തണം. ഒരു സ്ഥാപനത്തിൽ സന്ദർശനം നടത്തുമ്പോൾ അവിടെ മതിയായ സ്റ്റാഫിനെ സർക്കാർ നിയമിച്ചിട്ടുണ്ടോ എന്ന് തിരക്കണം. ഇല്ലെങ്കിൽ അത് പരിഹരിക്കാനുള്ള നടപടി സ്വീകരിക്കണം. സ്റ്റാഫുണ്ടായിട്ടും ജോലി ചെയ്യുന്നില്ലെങ്കിൽ അതിനുള്ള നടപടി സ്വീകരിക്കണം. അല്ലാതെ ലക്ഷക്കണക്കിന് ആളുകൾ കാണുന്ന സോഷ്യൽ മീഡിയയുടെ മുമ്പിൽ വെച്ച് ഒരാളെ അപമാനിക്കുകയല്ല വേണ്ടത്. ആ സാധു ജീവനക്കാരൻ വിചാരിച്ചാലൊന്നും അങ്ങയുടെ വെല്ലുവിളി ഏറ്റെടുക്കാനുള്ള കെൽപ്പുണ്ടാവില്ല. അധികാരവും പത്രാസുമൊന്നും കാട്ടി ആരെയും പേടിപ്പിക്കരുത്. അന്തസ്സും അഭിമാനവുമൊക്കെ ഏതൊരു വ്യക്തിക്കും പ്രധാനമാണ്. താങ്കളത് മറക്കരുത്.
Post Your Comments