തിരുവനന്തപുരം: സംസ്ഥാനത്തെ ഗ്രാമ പഞ്ചായത്തുകളിൽ വിവിധ സേവനങ്ങൾക്കായി ആശ്രയിക്കുന്ന സാധാരണക്കാരായ ജനങ്ങൾക്ക് സിറ്റിസൺ പോർട്ടലും ഐ എൽ ജി എം എസ് സംവിധാനവും ഏറെ ഉപകാരപ്പെടുന്നുണ്ടെന്ന് തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എം വി ഗോവിന്ദൻ. സിറ്റിസൺ പോർട്ടലിന്റേയും ഐ എൽ ജി എം എസ് സംവിധാനത്തിന്റേയും ഒക്ടോബർ 31 വരെയുള്ള രണ്ടുമാസത്തെ പ്രവർത്തന പുരോഗതി പരിശോധിച്ച മന്ത്രി, ചില ഭാഗങ്ങളിൽ നിന്നും ഉയരുന്ന പരാതികൾ കൂടി പരിഹരിച്ച് സമയബന്ധിതമായി എല്ലാ സേവനങ്ങളും ലഭ്യമാകുന്ന നിലയിൽ മുന്നോട്ടുപോകാനുള്ള പ്രാപ്തി കൈവരിക്കണമെന്ന് നിർദേശിച്ചു.
സിറ്റിസൺ സർവ്വീസ് പോർട്ടലിലേക്ക് രണ്ട് മാസത്തിനുള്ളിൽ വന്ന അപേക്ഷകൾ 309 എണ്ണമാണ്. അതിൽ 180 എണ്ണത്തിൽ തീർപ്പ് കൽപ്പിച്ചു. സിറ്റിസൺ പോർട്ടൽ വഴിയും ഐ എൽ ജി എം എസ് വഴിയും ഓൺലൈനായി വന്ന ആകെ അപേക്ഷകൾ 99627 ആണ്. ഇവയിൽ 71816 എണ്ണത്തിന് തീർപ്പ് കൽപ്പിച്ചു. 27811 എണ്ണങ്ങളിൽ നടപടിക്രമങ്ങൾ പൂർത്തീകരിക്കുകയാണ്. പഞ്ചായത്ത് ഓഫീസുകളിലെ ഫ്രണ്ട് ഓഫീസ് സംവിധാനം വഴി ഐ എൽ ജി എം എസിലേക്ക് എത്തിയ അപേക്ഷകൾ 9,81,759 ആണ്. ഇതിൽ 5,01,482 എണ്ണത്തിൽ നടപടികൾ കൈക്കൊണ്ടു. 4,80,277 എണ്ണത്തിൽ നടപടി പ്രക്രിയ ഉടൻ പൂർത്തിയാകുമെന്ന് അദ്ദേഹം പറഞ്ഞു.
ഗ്രാമ പഞ്ചായത്തുകളിൽ ഫ്രണ്ട് ഓഫീസ് വഴിയും സിറ്റിസൺ പോർട്ടൽ വഴിയും ഐ എൽ ജി എം എസിലൂടെ ലഭിച്ച ആകെ അപേക്ഷകൾ 10,81,386 ആണ്. ഇതിൽ 5,73,298 എണ്ണത്തിലാണ് തീർപ്പായത്. 53 ശതമാനമാണിത്. അപേക്ഷകളിൽ തീർപ്പ് കൽപ്പിക്കുന്നതിനുള്ള നടപടിക്രമങ്ങൾ കൂടുതൽ വേഗത്തിലാക്കാൻ എല്ലാ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളും ശ്രമിക്കണമെന്ന് മന്ത്രി പറഞ്ഞു. ഗ്രാമ പഞ്ചായത്ത് ഓഫീസുകൾക്കകത്ത് നിന്ന് ഐ എൽ ജി എം എസിലേക്ക് 96,373 ഫയലുകൾ അപ്ലോഡ് ചെയ്തിട്ടുണ്ട്. ഇവയിൽ 63,639 എണ്ണം തീർപ്പാക്കി. ഐ എൽ ജി എം എസിന്റെ ഒന്ന്, രണ്ട് ഘട്ടങ്ങളിലായി ഉണ്ടായതും സ്വീകരിച്ചതുമായ ആകെ ഫയലുകൾ 11,77,759 ആണ്. ഇവയിൽ 6,36,937 എണ്ണത്തിൽ നടപടികളെടുത്തു. ബാക്കിയുള്ള 5,40,822 എണ്ണത്തിൽ നടപടിക്രമങ്ങൾ പൂർത്തീകരിച്ച് വരികയാണെന്ന് മന്ത്രി വ്യക്തമാക്കി.
ഐ എൽ ജി എം എസ് 2020 സെപ്റ്റംബറിൽ 153 പഞ്ചായത്തുകളിലും 2021 സെപ്റ്റംബറിൽ 156 പഞ്ചായത്തുകളിലും പ്രവർത്തന സജ്ജമായി. ബാക്കിയുള്ള 632 ഗ്രാമ പഞ്ചായത്തുകളിൽ സെപ്റ്റംബർ ഒന്ന് മുതൽ നിലവിൽ വന്ന സംവിധാനമാണ് സിറ്റിസൺ പോർട്ടൽ. എല്ലാ ഗ്രാമ പഞ്ചായത്തുകളിലും വൈകാതെ തന്നെ ഐ എൽ ജി എം എസ് സേവനം ലഭ്യമാക്കാനാണ് സർക്കാർ ഉദ്ദേശിക്കുന്നത്. ഐ എൽ ജി എം എസിന്റെ പ്രവർത്തനത്തിൽ പീക്ക് സമയങ്ങളിൽ വേഗത കുറവുണ്ടാകുന്നത് സെന്റർ സർവ്വറിന്റെ പോരായ്മ നിമിത്തമാണ്. അത് പരിഹരിക്കാനുള്ള നടപടിക്രമങ്ങളുമായി സർക്കാർ മുന്നോട്ടുപോവുകയാണെന്ന് മന്ത്രി വിശദമാക്കി. ഫയലുകളിൽ സമയബന്ധിതമായി തീർപ്പ് കൽപ്പിക്കുന്നതിന് ഗ്രാമ പഞ്ചായത്തുകൾ അദാലത്തുകൾ നടത്തണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Read Also: പടക്കം പൊട്ടിച്ചതിനെച്ചൊല്ലി തര്‍ക്കം: അച്ഛനും മകനും ചേര്‍ന്ന് അയല്‍വാസിയെ കൊലപ്പെടുത്തി
Post Your Comments