
കൊച്ചി : ബിഗ് ബഡ്ജറ്റ് മോഹൻലാൽ ചിത്രം മരക്കാർ അറബിക്കടലിന്റെ സിംഹം ഒടിടി റിലീസ് ചെയ്യുന്നതിന്റെ കാരണം വ്യക്തമാക്കി നിർമ്മാതാവ് ആന്റണി പെരുമ്പാവൂർ. തിയറ്റർ ഉടമകൾ ഒരു വിട്ടുവീഴ്ചയ്‌ക്കും തയ്യാറാകുന്നില്ലെന്നും, ഇതുവരെ താനുമായി ചർച്ച നടത്തിയിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. സിനിമ ഒടിടി പ്ലാറ്റ്‌ഫോമിൽ റിലീസ് ചെയ്യുമെന്ന വിവരം പുറത്തുവന്നതിന് പിന്നാലെ മാധ്യമങ്ങളോട് ആയിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
തനിക്ക് കൂടുതൽ പരിഗണന നൽകാൻ കഴിയില്ലെന്നാണ് തിയറ്റർ ഉടമകളിൽ നിന്നും ലഭിക്കുന്ന വിവരം. ഇതോടെ സിനിമ ഒടിടി പ്ലാറ്റ്‌ഫോമിൽ റിലീസ് ചെയ്യാൻ തീരുമാനിക്കുകയായിരുന്നു. സിനിമ തിയറ്ററിൽ റിലീസ് ചെയ്യാൻ 40 കോടി രൂപ നൽകിയെന്ന തരത്തിൽ എത്രയോ അഭ്യൂഹങ്ങൾ ഉയർന്നുവന്നു. എന്നാൽ ഇതുമായി ബന്ധപ്പെട്ട് വ്യക്തമായ ഒരു പ്രതികരണം തിയറ്റർ ഉടമകളുടെ ഭാഗത്തു നിന്നും ഉണ്ടായില്ല. ഇത്രയും വലിയ തുക നൽകാൻ തിയറ്റർ ഉടമകൾക്ക് കഴിയില്ലെന്നും അദ്ദേഹം പറഞ്ഞു.
മലയാളത്തിലെ തന്നെ ഏറ്റവും വലിയ സിനിമയാണിതെന്നും തീയേറ്ററില്‍ തന്നെ വരണമെന്ന് ആഗ്രഹിച്ചിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. വരാനിരിക്കുന്ന മോഹന്‍ലാലിന്റെ എല്ലാ ചിത്രങ്ങളും ഒ ടി ടി റിലീസ് ചെയ്യുമെന്നും അദ്ദേഹം വ്യക്തമാക്കി. റിലീസുമായി ബന്ധപ്പെട്ട് മന്ത്രി സജി ചെറിയാന്റെ നേതൃത്വത്തിൽ ഇന്ന് യോഗം വിളിച്ചിരുന്നുവെങ്കിലും യോഗം ചേർന്നിരുന്നില്ല..മന്ത്രി സജി ചെറിയാനുമായുള്ള മീറ്റിംഗായിരുന്നു അവസാന സാധ്യത. എന്നാൽ നിർഭാഗ്യവശാൽ അതും നടക്കാതെ പോയി.
മന്ത്രിയുമായുള്ള മീറ്റിംഗ് ഇല്ലാതായതോടെയാണ് തീയേറ്ററിൽ സിനിമ ഇറക്കുന്നതിന്റെ സാധ്യതകൾ ഇല്ലാതായത്. ‘മരക്കാർ റിലീസുമായി ബന്ധപ്പെട്ട് 230ഓളം തീയേറ്ററുകൾക്കാണ് എഗ്രിമെന്റുകൾ അയച്ചത്. എന്നാൽ 89 തീയേറ്ററുകളുടെ എഗ്രിമെന്റുകൾ മാത്രമാണ് തിരിച്ച് കിട്ടിയത്. പുലിമുരുകൻ വന്നതിന് ശേഷമാണ് മലയാള സിനിമയിൽ ഇത്രയും മാറ്റം വന്നത്. ആ മാറ്റത്തിന്റെ ഏറ്റവും വലിയ യാത്രയാണ് ഇപ്പോൾ നടക്കുന്നത്. അത് തുടർന്ന് കൊണ്ട് പോകണം. അന്യഭാഷകളോട് അതുപോലെ ആകുന്ന യാത്രയല്ലേ വേണ്ടത്’ – ആന്റണി ചോദിച്ചു.
മരക്കാർ റിലീസുമായി ബന്ധപ്പെട്ട് 4 കോടി 89 ലക്ഷം രൂപ തീയേറ്റർ ഉടമകൾ അഡ്വാൻസ് തന്നിരുന്നുവെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു. തിയറ്റർ അസോസിയേഷൻ സഹായിച്ചിട്ടും പിന്തുണച്ചിട്ടുമുണ്ട്. അതിനാൽ തുടർന്നും സിനിമകൾ തിയറ്ററുകളിൽ റിലീസ് ചെയ്യാനാണ് ആഗ്രഹിക്കുന്നത്.
മരയ്‌ക്കാറും തിയറ്ററിൽ റിലീസ് ചെയ്യാനായിരുന്നു ആഗ്രഹം. എന്നാൽ ഒരു സംഘടനയും താനുമായി ഇതേക്കുറിച്ച് സംസാരിച്ചിട്ടില്ല. ഇത് ഏറെ സങ്കടകരമാണെന്നും ആന്റണി പെരുമ്പാവൂർ പ്രതികരിച്ചു. രണ്ടാമത്തെ ലോക്ഡൗണിന് ശേഷം തിയറ്റർ തുറന്നപ്പോൾ സംഘടനകൾ മറ്റ് സിനിമകൾ റിലീസ് ചെയ്യുന്നതുമായി ബന്ധപ്പെട്ട് ചർച്ചകൾ നടത്തി. എന്നാൽ തന്നോട് ഒരു വാക്കുപോലും ചോദിച്ചില്ലെന്നും അദ്ദേഹം വിശദമാക്കി.
Post Your Comments