വാടാനപ്പള്ളി: പെട്രോളിൽ വെള്ളം കലർത്തി വിൽപന നടത്തിയ പമ്പ് നാട്ടുകാർ അടപ്പിച്ചു. പമ്പിൽ നിന്ന് ഇന്ധനം നിറച്ചുപോയ വാഹനങ്ങൾ ഒരു കിലോമീറ്റർ പോയപ്പോഴേക്കും നിശ്ചലമായതോടെയാണ് സംഭവം വെളിച്ചത്തായത്.
തുടർന്ന് നടത്തിയ പരിശോധനയിൽ പെട്രോളിൽ വെള്ളം കലർന്നതാണെന്ന് മനസ്സിലായത്. ഇതോടെ പെട്രോൾ അടിച്ച് പോയവർ പെട്രോൾ പമ്പിലെത്തി ബഹളം വെക്കുകയായിരുന്നു. തുടർന്ന് ജീവനക്കാർ പമ്പ് അടച്ചു.
ബുധനാഴ്ച കാറിൽ പെട്രോൾ നിറച്ച് തൃശൂരിലേക്ക് ജോലിക്ക് പോവുകയായിരുന്ന തളിക്കുളം സ്വദേശി സുനീഷിന്റെ വാഹനം കണ്ടശാംകടവിൽ എത്തിയതോടെ നിശ്ചലമായി. തുടർന്ന് മെക്കാനിക്കിനെ വിളിച്ചുവരുത്തി നടത്തിയ പരിശോധനയിലാണ് പെട്രോളിൽ കൂടുതലും വെള്ളമാണെന്ന് കണ്ടെത്തിയതെന്ന് സുനീഷ് പറഞ്ഞു. ഇതേ തുടർന്ന് പെട്രോൾ പമ്പിൽ ബന്ധപ്പെട്ടപ്പോൾ കാരണം അറിയില്ലെന്ന മറുപടിയാണ് ലഭിച്ചത്.
ഇതേ പ്രശ്നം ചൂണ്ടിക്കാട്ടി മറ്റു ചില ആളുകളും ഇതേസമയം തന്നെ പമ്പിലെത്തി ബഹളം വച്ചു. തുടർന്ന് പെട്രോൾ പമ്പിന്റെ പ്രവർത്തനം താൽക്കാലികമായി നിർത്തിവെക്കുകയായിരുന്നു.
Post Your Comments