![](/wp-content/uploads/2020/07/xijinping.jpg)
ന്യൂഡല്‍ഹി: ഇന്ത്യന്‍ അതിര്‍ത്തിയില്‍ കടന്ന് ചൈന പുതിയ ഗ്രാമം നിര്‍മ്മിച്ച വാര്‍ത്ത ശരിയെന്ന് യുഎസ് പ്രതിരോധ വകുപ്പ്. യഥാര്‍ത്ഥ നിയന്ത്രണരേഖയിലെ സംഘര്‍ഷവുമായി ബന്ധപ്പെട്ട റിപ്പോര്‍ട്ടിലാണ് 100 വീടുകള്‍ അടങ്ങിയ ചൈനീസ് ഗ്രാമത്തെ കുറിച്ചുള്ള പരാമര്‍ശം. മക്മോഹന്‍ രേഖയുടെ ദക്ഷിണഭാഗത്തായുള്ള ചൈനീസ് ഗ്രാമത്തെ കുറിച്ച് ജനുവരിയില്‍, എന്‍ഡി ടിവിയാണ് റിപ്പോര്‍ട്ട് ചെയ്തത്. ഹൈ റെസല്യൂഷന്‍ ഉപഗ്രഹ ചിത്രം ഉപയോഗിച്ച് മേഖലയിലെ ചിത്രം എടുത്തപ്പോഴാണ് ഗ്രാമത്തിന്റെ സാന്നിധ്യം അറിഞ്ഞത്. കഴിഞ്ഞ വര്‍ഷം നവംബര്‍ ഒന്നിന് പകര്‍ത്തിയ ചിത്രം വിദഗ്ദ്ധര്‍ പഠന വിധേയമാക്കി. ഇന്ത്യന്‍ അതിര്‍ത്തിയില്‍ 4.5 കിലോമീറ്റര്‍ ഉള്ളിലായാണ് ചൈനയുടെ നിര്‍മ്മാണം. അപ്പര്‍ സുബാന്‍സിരി ജില്ലയില്‍ സാരി ചു നദീതീരത്താണ് ചൈന ഗ്രാമമുണ്ടാക്കിയത്.
Read Also : സന്ദർശകരെ പ്രധാന ആകർഷണങ്ങളിലേക്കെത്തിക്കാൻ സൗജന്യ ബസ് സർവ്വീസ് ആരംഭിച്ച് അബുദാബി
വര്‍ഷങ്ങളായി ഇന്ത്യയും ചൈനയും അവകാശമുന്നയിക്കുന്ന മേഖലയാണിത്. 2019 ഓഗസ്റ്റ് 26ന് പകര്‍ത്തിയ ഇതേ മേഖലയുടെ ഉപഗ്രഹ ചിത്രത്തില്‍ യാതൊരു നിര്‍മ്മാണ പ്രവര്‍ത്തികളും ഉണ്ടായിരുന്നില്ല. എന്നാല്‍ പുതിയ ചിത്രത്തില്‍ കെട്ടിടങ്ങളും മറ്റും വ്യക്തമായി കാണാന്‍ സാധിക്കും. കഴിഞ്ഞ വര്‍ഷമായിരിക്കണം ചൈന ഗ്രാമം നിര്‍മ്മിച്ചത്. വിദേശകാര്യമന്ത്രാലയവും ഇക്കാര്യം തള്ളിക്കളഞ്ഞിട്ടില്ല. ഇന്ത്യയുമായി അതിര്‍ത്തി പങ്കിടുന്ന പ്രദേശങ്ങളില്‍ ചൈന നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നതായി റിപ്പോര്‍ട്ടുണ്ട്. കുറച്ചു വര്‍ഷങ്ങളായി ചൈന ഇതു തുടരുന്നുണ്ടെന്നും വിദേശകാര്യ മന്ത്രാലയ വൃത്തങ്ങള്‍ പ്രതികരിച്ചു.
Post Your Comments