ഓരോ ജീവനും രക്ഷിക്കാനുള്ള കഠിനമായ പരിശ്രമത്തിലാണ് ഡോക്ടർമാർ. അടുത്തകാലത്തായി ഡോക്ടർമാർക്ക് നേരെ പല അനിഷ്ട സംഭവങ്ങളും ഉണ്ടാകുന്നുണ്ട്. ഇക്കാര്യത്തെക്കുറിച്ചു ഡോ.സുനിൽ. പി.കെ സമൂഹമാധ്യമത്തിൽ പങ്കുവച്ച കുറിപ്പ് ശ്രദ്ധനേടുന്നു.
കുറിപ്പ്
അത്യാഹിത വിഭാഗത്തിൽ ജോലി ചെയ്തിട്ടുള്ള ഏതൊരു ഡോക്ടർക്കും ഒരിക്കലെങ്കിലും മരണമടഞ്ഞ ഒരു രോഗിയെ ആശുപത്രിയിലേക്ക് കൊണ്ടു വന്നതുമായി ബന്ധപ്പെട്ട് അസുഖകരമായ ഒരു ഓർമ്മ പങ്കുവെക്കാനുണ്ടാകും.
read also: യുവതിയുടെ ആത്മഹത്യ; ഒന്നര വർഷത്തിന് ശേഷം ഭര്‍ത്താവ് അറസ്റ്റില്
അത് ചെറിയ ചീത്ത വിളി, വാക്കുതർക്കം തുടങ്ങി അടികലശൽ വരെ എത്തുന്നത് ഡോക്ടറുടെ യോഗം പോലെയിരിക്കും.
വീട്ടിൽ നിന്നും കലശലായ നെഞ്ചുവേദനയുമായി ഒരു രോഗിയെ ബന്ധുക്കൾ ആശുപത്രിയിലേക്ക് കൊണ്ടുവരുന്നു എന്നിരിക്കട്ടെ.യാത്രാമധ്യേ രോഗം ഗുരുതരമായി ആ രോഗി മരണപ്പെടുന്നു.
അത്യാഹിത വിഭാഗത്തിലുള്ള ഡോക്ടർ രോഗിയെ പരിശോധിച്ച് മരണം ഉറപ്പു വരുത്തുന്നു.
ഇതുവരെ സാധാരണ ഗതിയിൽ പ്രശ്നങ്ങളില്ലാതെ നടന്നു പോകും. പ്രശ്നങ്ങളില്ലെന്ന് തീർത്തു പറയാനുമാവില്ല.ഇത്തരത്തിൽ മരണമടഞ്ഞ് കൊണ്ടു വന്ന ഒരു രോഗിയെ ആംബുലൻസിൽ ചെന്ന് ഡ്യൂട്ടി ഡോക്ടർ നോക്കിയില്ലെന്നാരോപിച്ച് പഞ്ചായത്ത് പ്രസിഡണ്ട് ആ ഡോക്ടറെ കയ്യേറ്റം ചെയ്ത സംഭവം നടന്നിട്ട് അധികം നാളായില്ല.
ഇവിടെ ഡോക്ടർക്ക് രോഗിയുടെ മരണകാരണം കൃത്യമായി കണ്ടു പിടിക്കാനായിട്ടില്ല. ബന്ധുക്കൾ പറയുന്നത് വെച്ച് ഹാർട്ട് അറ്റാക്ക് ആകാൻ സാധ്യതയുണ്ട് എങ്കിലും അവരുടെ മൊഴി സത്യമാണോ എന്നുറപ്പ് വരുത്താൻ ഈ ഡോക്ടറുടെ മുമ്പിൽ മറ്റു മാർഗവുമില്ല.
ഇത്തരം സന്ദർഭങ്ങളിൽ എന്താണ് ചെയ്യേണ്ടത് എന്ന് വ്യക്തമായ ഗവണ്മെന്റ് ഗൈഡ്‌ലൈനുണ്ട്.ഡോക്ടർ ഇത്തരത്തിൽ മരണമടഞ്ഞ ഒരു രോഗിയെ ആശുപത്രിയിലേക്ക് കൊണ്ടു വന്നു എന്നുള്ളത് പോലീസിനെ അറിയിക്കും.പോലീസ് ആണ് വേണ്ട അന്വേഷണം നടത്തി ആവശ്യമായവരുടെ മൊഴിയെടുത്ത് തുടർ നടപടി സ്വീകരിക്കേണ്ടത്.
മരണകാരണം വ്യക്തമല്ലെങ്കിലോ അസ്വാഭാവിക മരണമെന്ന് സംശയിക്കുന്നുവെങ്കിലോ പോസ്റ്റ് മോർട്ടം പരിശോധന ആവശ്യമാണെന്ന് പോലീസ് തീരുമാനിച്ച് ഇൻക്വസ്റ്റ് തയ്യാറാക്കും. ഇനി മരണം സ്വാഭാവികമാണ് സംശയാസ്പദമായ ഒന്നും അതിലില്ല എന്നാണെങ്കിൽ മൃതദേഹം ബന്ധുക്കൾക്ക് വിട്ടുകൊടുക്കാം എന്ന് പോലീസ് ബന്ധപ്പെട്ട ഡോക്ടറെ രേഖാമൂലം അറിയിക്കും.
ശ്രദ്ധിക്കുക, പോസ്റ്റ്മോർട്ടം വേണോ വേണ്ടയോ എന്ന് നിശ്ചയിക്കുന്നത് ഡോക്ടറല്ല,മറിച്ച് പോലീസാണ്. പോലീസിന്റെ അന്വേഷണ വേളയിൽ ഡോക്ടർക്ക് മരണകാരണം സംബന്ധിച്ച് പ്രഥമദൃഷ്ട്യാ എന്തെങ്കിലും പറയാനുണ്ടെങ്കിൽ പറയാം എന്നേയുള്ളൂ.
എന്നാൽ ബ്രോട്ട് ഡെഡ് കേസ് വന്ന് ഡോക്ടർ പോലീസ് ഇന്റിമേഷൻ കൊടുക്കാൻ തീരുമാനിച്ച് ബന്ധുക്കളോട് പറയുന്ന നിമിഷം മുതൽ സീൻ കോണ്ട്രാ ആവും.
ജനപ്രതിനിധികളും രാഷ്ട്രീയക്കാരും പരിചയക്കാരും ഒക്കെ പോസ്റ്റ്മോർട്ടം ഒഴിവാക്കാനായി വിളിയോടു വിളി തുടങ്ങും.വിവരമറിഞ്ഞെത്തിയ ബന്ധുജനത്തിലും ആൾക്കൂട്ടത്തിലും അസ്വസ്ഥതയും ഈർഷ്യയും പടരും.
പന്ത് പോലീസിന്റെ കോർട്ടിലാണെന്ന് അവരെ ബോധ്യപ്പെടുത്താൻ ശ്രമിച്ച് ഇക്കാര്യത്തിൽ ഒരു തീരുമാനമായി വരുമ്പോഴേക്കും ഡോക്ടർ ഒരു പരുവമായിട്ടുണ്ടാകും.
മറ്റൊരു സിറ്റ്വേഷൻ കൂടെ ആലോചിക്കൂ.ശരീരം തളർന്ന് കിടക്കുന്ന എല്ലും തോലുമായ ഒരു വയോധികനെ ഏറെക്കാലമായി ടിയാനെ പരിചരിച്ച് മനസ്സ് മടുത്ത ബന്ധു ഭക്ഷണത്തിൽ വിഷം ചേർത്തു കൊലപ്പെടുത്താൻ ശ്രമിക്കുന്നു.
പക്ഷാഘാതം വന്ന് കിടപ്പിലായ, വാർധക്യ സഹജമായ അസുഖങ്ങൾ കൊണ്ട് കഷ്ടപ്പെടുന്ന ഒരാൾക്ക് പെട്ടെന്ന് അസുഖം മൂർച്ഛിച്ചു എന്നറിഞ്ഞ് അയൽപക്കക്കാർ വാരിയെടുത്ത് ആശുപത്രിയിലെത്തിക്കുന്നു.
മരണത്തിൽ ആർക്കും ഒന്നും അസ്വാഭാവികമായി തോന്നുന്നില്ല. പക്ഷേ ഈ കേസിൽ മൃതദേഹം അന്വേഷണങ്ങളൊന്നുമില്ലാതെ വിട്ടുകൊടുത്താൽ എന്തുണ്ടാകും?
ഇങ്ങനെയൊക്കെ സംഭവിക്കുമോ എന്ന് സന്ദേഹിക്കുന്ന നിഷ്കളങ്കരും ഇത് വായിക്കുന്നവരിൽ ഉണ്ടാകാം.
പക്ഷേ ലോകം അത്രയ്ക്കും നിഷ്കളങ്കമല്ല.
ഇനി മുതൽ ഇത്തരത്തിൽ ഒരു സംഭവം ഉണ്ടാകുമ്പോൾ ഡോക്റെ ക്രൂശിക്കും മുമ്പ് അദ്ദേഹം നിയമപ്രകാരമുള്ള തന്റെ കടമ നിർവ്വഹിക്കുകയായിരുന്നു എന്നെങ്കിലും ഓർക്കണം ആരെങ്കിലും.
ശാസ്താംകോട്ട ആശുപത്രിയിലേക്ക് കിണറ്റിൽ വീണ ഒരു അമ്മയെ എടുത്തു കൊണ്ടു വരും വഴി യാത്രാമധ്യേ അവർ മരണപ്പെട്ട സംഭവത്തെ സംബന്ധിച്ച് പുതിയ ഒരു വാർത്തയും കണ്ടു ഇന്ന്.ആ അമ്മയുടെ മകൻ ആത്മഹത്യാ പ്രേരണാക്കുറ്റത്തിന് റിമാന്റിലായത്രേ.
ഡോ.സുനിൽ. പി.കെ
Post Your Comments