മലപ്പുറം: ആശുപത്രിയിലേയ്ക്കുള്ള യാത്രാമധ്യേ കനിവ് 108 ആംബുലന്‍സിനുള്ളില്‍ യുവതിക്ക് സുഖ പ്രസവം. പോത്തുകല്ല് തെമ്പ്ര കോളനിയില്‍ സുധീഷിന്റെ ഭാര്യ ചിഞ്ചു (23) ആണ് ആംബുലന്‍സിനുള്ളില്‍ ആണ്‍ കുഞ്ഞിന് ജന്മം നല്‍കിയത്. ചൊവ്വാഴ്ച വൈകിട്ട് നാലരയോടെയായിരുന്നു സംഭവം. ചിഞ്ചുവിന് പ്രസവ വേദന അനുഭവപ്പെട്ടതിനെ തുടര്‍ന്ന് ബന്ധുക്കള്‍ കനിവ് 108 ആംബുലന്‍സിന്റെ സേവനം തേടുകയായിരുന്നു.
വഴിക്കടവ് കുടുംബാരോഗ്യ കേന്ദ്രത്തിലെ കനിവ് 108 ആംബുലന്‍സ് പൈലറ്റ് മുഹമ്മദ് റഫീഖ്, എമര്‍ജന്‍സി മെഡിക്കല്‍ ടെക്‌നീഷ്യന്‍ പി. അഞ്ജു എന്നിവരാണ് സ്ഥലത്തെത്തിയത്. ആരോഗ്യ നില വഷളാണെന്നും ഉടന്‍ ആശുപത്രിയിലേയ്ക്ക് മാറ്റണമെന്നും മനസിലാക്കിയതിനെ തുടര്‍ന്ന് ചിഞ്ചുവിനെ ആംബുലന്‍സിലേയ്ക്ക് മാറ്റി. ആശുപത്രിയിലേയ്ക്കുള്ള യാത്രാമധ്യേ ചന്തക്കുന്ന് എത്തിയപ്പോഴേക്കും ചിഞ്ചുവിന്റെ ആരോഗ്യനില കൂടുതല്‍ വഷളാകുകയായിരുന്നു.
Read Also : എംജി സര്‍വകലാശാലയില്‍ ലൈംഗികാതിക്രമം നേരിട്ടതായി ഗവേഷക വിദ്യാര്‍ത്ഥിനി: പരാതി വ്യാജമെന്ന് വൈസ് ചാന്‍സിലര്‍
പ്രസവം എടുക്കാതെ മുന്നോട്ട് പോകാന്‍ കഴിയാത്ത അവസ്ഥയാണെന്ന് മനസിലാക്കിയതോടെ എമര്‍ജന്‍സി മെഡിക്കല്‍ ടെക്‌നീഷ്യന്‍ അഞ്ചു ആംബുലന്‍സിനുള്ളില്‍ ഇതിനു വേണ്ട സജ്ജീകരണങ്ങള്‍ ഒരുക്കി. 5.50ന് അഞ്ചുവിന്റെ പരിചരണത്തില്‍ ചിഞ്ചു കുഞ്ഞിന് ജന്മം നല്‍കി. തുടര്‍ന്ന് ഇരുവര്‍ക്കും പ്രഥമ ശുശ്രൂഷ നല്‍കിയ ശേഷം ഉടന്‍ തന്നെ നിലമ്പൂര്‍ ജില്ലാ ആശുപത്രിയില്‍ എത്തിച്ചു. അമ്മയും കുഞ്ഞും സുഖമായി ഇരിക്കുന്നതായി ആശുപത്രി അധികൃതര്‍ അറിയിച്ചു.
Post Your Comments