ആലപ്പുഴ: ഭര്‍ത്താവിനും കുട്ടികള്‍ക്കുമൊപ്പം ആന്ധ്രാപ്രദേശില്‍ ജീവിക്കുന്നുവെന്ന വ്യാജേന സ്ത്രീ വീട്ടുകാരെയും പോലീസിനെയും പറ്റിച്ചത് 17 വര്‍ഷം. 2004-ല്‍ ആന്ധ്രാപ്രദേശിലേക്ക് അധ്യാപികയായി ജോലിക്കുപോയ മണ്ണഞ്ചേരി സ്വദേശിയായ സ്ത്രീയാണ് ആരുമറിയാതെ പ്രണയിച്ച ബന്ധുവിനോടൊപ്പം പാലക്കാട് താമസമാക്കിയത്. വീട്ടുകാരുടെ പരാതിയുടെയും ഹൈക്കോടതിയുടെ ഇടപെടലിന്റെയും അടിസ്ഥാനത്തില്‍ നടത്തിയ അന്വേഷണത്തിലാണ് കഴിഞ്ഞദിവസം പോലീസ് സ്ത്രീയെ പാലക്കാട്ടുനിന്നു കണ്ടെത്തിയത്.
ഇതോടെയാണ് ഞെട്ടിക്കുന്ന കഥ പുറത്തായത്.17 വര്‍ഷം മുന്‍പ് ആന്ധ്രയില്‍ അധ്യാപികയായി ജോലി ലഭിച്ചു എന്ന് പറഞ്ഞ് വീട്ടില്‍ നിന്ന് പോയതായിരുന്നു സ്ത്രീ. ഈ സമയത്ത് 26 വയസ്സായിരുന്നു ഇവരുടെ പ്രായം. അവിടെയെത്തിയശേഷം സ്ത്രീ വീട്ടിലേക്കു വിളിച്ചു. പിന്നീട് ഒരുവിവരവുമുണ്ടായില്ല. 2015-ല്‍ യുവതിയുടെ പേരിലൊരു ആധാര്‍ കാര്‍ഡ് കുടുംബവീട്ടിലെത്തി. ആധാറില്‍ ഭര്‍ത്താവിന്റെ സ്ഥാനത്ത് അടുത്ത ബന്ധുവിന്റെ പേരാണുണ്ടായിരുന്നത്. സംശയംതോന്നിയ വീട്ടുകാര്‍ ബന്ധുവുമായി വഴക്കുണ്ടാക്കി. എന്നാല്‍, അവരെക്കുറിച്ച് അറിവില്ലെന്ന് ബന്ധു വ്യക്തമാക്കി.
തുടര്‍ന്ന് ആധാറിലെ തമിഴ്നാട് നമ്പര്‍ കേന്ദ്രീകരിച്ച് അന്വേഷണം നടത്തി. പക്ഷേ, ഫലമുണ്ടായില്ല. സ്ത്രീയെ, ബന്ധു ഒളിവില്‍ പാര്‍പ്പിച്ചിരിക്കുകയാണെന്ന സംശയത്തില്‍ വീട്ടുകാര്‍ 2017ല്‍ ഹൈക്കോടതിയില്‍ ഹേബിയസ് കോര്‍പ്പസ് നല്കി. 13 വര്‍ഷം കഴിഞ്ഞതിനാല്‍ കാണാതായതിനു കേസെടുത്ത് അന്വേഷണം നടത്താന്‍ പോലീസിനോട് കോടതി നിര്‍ദേശിച്ചു. തുടർന്ന് ജില്ലാ ക്രൈംബ്രാഞ്ച് ഡിവൈഎസ്പി കെ വി ബെന്നിയുടെ നേതൃത്വത്തില്‍ അന്വേഷണം ആരംഭിച്ചു. യുവതി വീട്ടുകാര്‍ക്കയച്ച ഭര്‍ത്താവിന്റെ ഫോട്ടോ വ്യാജമാണെന്നു കണ്ടെത്തി.
പിന്നീട് ആധാറിന് അപേക്ഷിച്ചത് പാലക്കാട്ടുനിന്നാണെന്ന് മനസ്സിലായി. ഇതിനിടെ താൻ ആന്ധ്രായിലാണെന്ന് തെറ്റിദ്ധരിപ്പിക്കാനായി സ്ത്രീ അവിടെയെത്തി ബൂത്തില്‍നിന്ന് ഗള്‍ഫിലുള്ള സഹോദരനെയും നാട്ടിലുള്ള ബന്ധുക്കളെയും വിളിച്ചു. താന്‍ ആന്ധ്രാ സ്വദേശിയെ വിവാഹം കഴിച്ചെന്നും പറഞ്ഞു. അത് ബോധ്യപ്പെടുത്താനായി ഭര്‍ത്താവിന്റെയും കുട്ടിയുടെയും ഫോട്ടോയും അയച്ചുകൊടുത്തു. പക്ഷേ, അത് വീട്ടുകാർ വിശ്വാസത്തിലെടുത്തില്ല.
യുവതിക്കായുള്ള അന്വേഷണത്തിനിടെ ഇതിനിടെ ബന്ധുവിന്റെ ഫോണ്‍ പാലക്കാടുവെച്ച് സ്വിച്ച്ഓഫ് ചെയ്തതായും വ്യക്തമായി. സൈബര്‍ സാധ്യത ഉപയോഗപ്പെടുത്തി ബന്ധു യുവതിയെ വിളിക്കാന്‍ ഉപയോഗിച്ചിരുന്ന രഹസ്യനമ്പരുകള്‍ കണ്ടെത്തി. യുവതി രണ്ടുകുട്ടികളുമായി പാലക്കാട് കഴിയുന്നുണ്ടെന്ന് അന്വേഷണത്തില്‍ വ്യക്തമായി. തുടര്‍ന്ന് യുവതിയെ കണ്ടെത്തി ചേര്‍ത്തല കോടതിയില്‍ ഹാജരാക്കി. പിന്നീട് സ്ത്രീയെ സ്വന്തം ഇഷ്ടപ്രകാരം വിട്ടു.
Post Your Comments