കൊച്ചി: പെട്രോൾ വില വർദ്ധനവിനെതിരെ കോൺഗ്രസ് പ്രഖ്യാപിച്ച വഴിതടയൽ സമരത്തിനെതിരെ പരസ്യ പ്രതിഷേധം നടത്തിയ നടൻ ജോജു ജോർജിനെതിരെ ഗുരുതര ആരോപണവുമായി കോൺഗ്രസ്. ജോജു ജോർജ് മദ്യപിച്ച് വനിതാ പ്രവർത്തകർക്ക് നേരെ അസഭ്യവർഷം നടത്തിയെന്നും വനിതാ പ്രവർത്തകരെ പിടിച്ചുതള്ളിയെന്നും യൂത്ത് കോൺഗ്രസ് ആരോപിച്ചു. ജോജുവിനെതിരെ കേസെടുക്കണമെന്നാണ് കോൺഗ്രസ് ആവശ്യപ്പെടുന്നത്.
അതേസമയം, ജോജു ജോർജിന്റെ വാഹനത്തിന്റെ ചില്ലുകൾ യൂത്ത് കോൺഗ്രസ് പ്രവർത്തകർ തല്ലിത്തകർത്തു. വൈറ്റിലയിൽ പ്രതിഷേധക്കാരും പോലീസും തമ്മിൽ സംഘർഷം. സാധാരണക്കാരെ ബുദ്ധിമുട്ടിച്ച് കൊണ്ട് എന്താണ് നേടുന്നതെന്ന് നടൻ ജോജു ജോർജ് ചോദിച്ചു. ഈ രീതിയിൽ മണ്ടത്തരം കാണിച്ച് ആണോ ജനങ്ങളെ ബുദ്ധിമുട്ടിക്കുന്നതെന്ന് ജോജു കോൺഗ്രസ് നേതാക്കളോട് ചോദിക്കുന്നു. എത്ര മണിക്കൂർ ആയി ഇങ്ങനെ ജനങ്ങൾ ബുദ്ധിമുട്ടുന്നതെന്നാണ് താരം രൂക്ഷമായി പ്രതികരിച്ചത്.
‘നാട് ഭരിക്കേണ്ട ആൾക്കാർ ഇത്രയും മണ്ടത്തരം കാണിച്ചാണോ പ്രതിഷേധിക്കുന്നത്. പെട്രോൾ വില വർദ്ധനവ് പ്രശ്നം തന്നെയാണ്. അതിനു ഇങ്ങനെ ജനങ്ങളെ ബുദ്ധിമുട്ടിച്ച് ആണോ പ്രതിഷേധിക്കേണ്ടത്. ആൾക്കാരെ ബുദ്ധിമുട്ടിച്ച് കൊണ്ട് എന്താണ് നേട്ടം. ഒരു ദിവസത്തെ പ്രഹസനം മാത്രമായി ഇതുമാറും. ഇങ്ങനെയാണോ ഇന്ധനവില വർദ്ധനവിനെതിരെ പ്രതിഷേധിക്കേണ്ടത്?’, ജോജു ജോർജ്.
കോണ്‍ഗ്രസിന്റെ ഉപരോധം കാരണം വാഹനങ്ങളുടെ നീണ്ടനിരയാണ് റോഡിലുള്ളത്. ആശുപത്രി, ഓഫീസ് ആവശ്യങ്ങള്‍ക്കായി പോകുന്നവര്‍ മണിക്കൂറുകളായി റോഡില്‍ കുടുങ്ങികിടക്കുകയാണ്. തിങ്കളാഴ്ച രാവിലെയാണ് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ വാഹനങ്ങളുമായെത്തി ഉപരോധ സമരം ആരംഭിച്ചത്.
Post Your Comments