
ബംഗളൂരു: അന്തരിച്ച കന്നട സൂപ്പര്‍താരം പുനീത് രാജ്കുമാറിന്റെ സംസ്കാരം നടത്തി. ഔദ്യോഗിക ബഹുമതികളോടെ ബംഗളൂരുവിലെ ശ്രീ കണ്ഡീരവ സ്റ്റുഡിയോയിലായിരുന്നു സംസ്കാര ചടങ്ങുകള്‍ നടന്നത്. കണ്ഡീരവ സ്റ്റുഡിയോയില്‍ മാതാപിതാക്കള്ക്കരികിലാണ് പുനീതിനെയും സംസ്കരിച്ചത്. താരത്തെ അവസാനമായി ഒരുനോക്ക് കാണാന്‍ സ്റ്റുഡിയോയുടെ പുറത്തും അകത്തുമായി നിരവധി ആളുകളാണ് തടിച്ചുകൂടിയത്.
കര്‍ണാടക മുഖ്യമന്ത്രി ബസവരാജ ബൊമ്മ ഉള്‍പ്പെടെ കന്നഡ സിനിമയിലെ പ്രമുഖരടക്കം താരത്തിന് അന്ത്യാഞ്ജലി അര്‍പ്പിക്കാന്‍ എത്തിയിരുന്നു. പുനീത് രാജ്കുമാറിന്റെ കുടുംബവുമായി വളരെ അടുത്ത ബന്ധമാണുള്ളതെന്ന് മുഖ്യമന്ത്രി ബസവരാജ ബൊമ്മ പറഞ്ഞു. പുനീത് രാജ്കുമാര് തനിക്ക് എന്നും ചെറിയ കുട്ടിയായിരുന്നെന്നും അതിനാലാണ് താന്‍ അവന് അവസാന സല്യൂട്ട് നല്‍കിയതെന്നും ബസവരാജ ബൊമ്മ പറഞ്ഞു.
ഹൃദയാഘാതത്തെ തുടര്‍ന്ന് വെള്ളിയാഴ്ചയായിരുന്നു നാല്പത്തിയാറുകാരനായ പുനീത് രാജ്കുമാര് അന്തരിച്ചത്. തുടര്‍ന്ന് ഇന്നലെ സംസ്കാരം നടത്താന്‍ തീരുമാനിച്ചിരുന്നെങ്കിലും അമേരിക്കയിലുള്ള മകള്‍ എത്താന്‍ വൈകിയതിനെ തുടര്‍ന്ന് സംസ്കാരം ഞായറാഴ്ചത്തേയ്ക്ക് മാറ്റുകയായിരുന്നു.
Post Your Comments