കാബൂൾ: വിവാഹ പാര്‍ട്ടിയിലെ സംഗീതം അവസാനിപ്പിക്കാന്‍ താലിബാന്‍ 13 പേരെ കൊലപ്പെടുത്തിയെന്ന് റിപ്പോര്‍ട്ട്. അഫ്ഗാനിസ്ഥാന്‍റെ മുന്‍ വൈസ് പ്രസിഡന്‍റായ അമറുള്ള സലേയാണ് താലിബാന്‍റെ ക്രൂരകൃത്യത്തെക്കുറിച്ച് ട്വിറ്ററില്‍ വിശദമാക്കിയത്. കാബൂളിനോട് ചേര്‍ന്നുള്ള അഫ്ഗാനിസ്ഥാന്‍ പ്രവിശ്യയായ നാന്‍ഗ്രഹറിലാണ് ക്രൂരമായ കൊലപാതകം നടന്നതെന്നാണ് അമറുള്ള സലേ ആരോപിക്കുന്നത്.
താലിബാന്‍റെ ഭരണത്തിനെതിരായ അപലപിക്കല്‍ ആവശ്യത്തിന് ആയെന്നും രാജ്യത്തിന്‍റെ ഒന്നിച്ചുള്ള പ്രതിരോധം വേണമെന്നും ആവശ്യപ്പെട്ടാണ് അമറുള്ള കൂട്ടക്കൊലയുടെ കാര്യം വിശദമാക്കിയത്. അതിന് പിന്നാലെ സംഗീതത്തേയും സംഗീതജ്ഞരേയും താലിബാന്‍ ആക്രമിക്കുന്ന നിരവധി സംഭവങ്ങളും റിപ്പോര്‍ട്ട് ചെയ്തിരുന്നു. സെപ്തംബര്‍ 4നാണ് ആയുധധാരികളായ താലിബാന്‍കാര്‍ അഫ്ഗാനിസ്ഥാനിലെ നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മ്യൂസിക് അടച്ചുപൂട്ടിയത്.
അഫ്ഗാനിസ്ഥാനിലെ പ്രമുഖനായ നാടോടി സംഗീതഞ്ജനായ ഫവാദ് അന്തറാബിയെ രണ്ട് ആഴ്ചകള്‍ക്ക് മുന്‍പാണ് താലിബാന്‍കാര്‍ വെടിവച്ചുകൊന്നത്. കാബൂളില്‍ പ്രവര്‍ത്തിച്ചിരുന്ന ഒരു റിക്കോര്‍ഡിംഗ് സ്റ്റുഡിയോയിലെ മുഴുവന്‍ ഉപകരണങ്ങളും താലിബാന്‍കാര്‍ നശിപ്പിച്ചത് ഏതാനും ദിവസങ്ങള്‍ക്ക് മുന്‍പാണ്. ഇത്തരം കൊലപാതകങ്ങള്‍ക്ക് പാകിസ്ഥാനാണ് ഉത്തരവാദിയെന്നും അമറുള്ള ആരോപിക്കുന്നു.
അഫ്ഗാനിസ്ഥാനിലെ സംസ്കാരവും ആളുകളേയും നശിപ്പിക്കാനാണ് കഴിഞ്ഞ ഇരുപത്തിയഞ്ച് വര്‍ഷമായി പാകിസ്ഥാന്‍ താലിബാനെ പഠിപ്പിച്ചത്. നമ്മുടെ മണ്ണ് നിയന്ത്രണത്തിലാക്കുന്നതിന് വേണ്ടിയായിരുന്നു ഇത്. ഇപ്പോഴാണ് അതെല്ലാം പ്രാവര്‍ത്തികമാകുന്നത്. താലിബാന്‍റെ ഭരണം ഏറെക്കാലമുണ്ടാകില്ല. എന്നാല്‍ അതുവരെ അഫ്ഗാനിസ്ഥാനിലുള്ളവര്‍ വലിയ വില നല്‍കേണ്ടി വരുമെന്നും അമറുള്ള സലേ ട്വിറ്ററില്‍ വിശദമാക്കി. ഓഗസ്റ്റ് 15നാണ് താലിബാന്‍ അഫ്ഗാനിസ്ഥാന്‍റെ നിയന്ത്രണം ഏറ്റെടുത്തത്.
Post Your Comments