
ഗുജറാത്ത്: മീൻ കറി നൽകാത്തതിനെ തുടർന്ന് ഉണ്ടായ തർക്കത്തെ തുടർന്ന് സുഹൃത്തിനെ കാറിടിച്ച് കൊന്ന സംഭവത്തിൽ യുവാവ് ഒളിവിൽ. രാജ്കോട്ടിലെ വെനാസർ ജില്ലയിൽ വ്യാഴാഴ്ച്ച ഉച്ചകഴിഞ്ഞ് നടന്ന സംഭവത്തിൽ സുഹൃത്തുക്കൾ തമ്മിലുള്ള തർക്കം കൊലപാതകത്തിൽ കലാശിക്കുകയായിരുന്നു. രഞ്ജിത് കുൻവാരിയ(32) എന്ന യുവാവിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് സുഹൃത്ത് സുനിൽ കൊരാഡിയ എന്നയാൾക്ക് വേണ്ടിയുള്ള അന്വേഷണത്തിലാണ് പോലീസ്.
സുഹൃത്തുക്കളായ രഞ്ജിത് കുൻവാരിയ, അശോക്, സുനിൽ, പ്രകാശ് ലൊലാദിയ എന്നിവർ ചേർന്ന് കൊധോരി തടാകത്തിൽ നിന്ന് മീൻ പിടിച്ച് കറിവെക്കാനും ഭക്ഷണം പാകം ചെയ്യാനും പദ്ധതിയിടുകയായിരുന്നു. രഞ്ജിത് ആയിരുന്നു പരിപാടി ആസൂത്രണം ചെയ്തത്. തുടർന്ന് നാല് പേരും ചേർന്ന് പുഴയിൽ നിന്ന് മീൻപിടിച്ചു.
എന്നാൽ സുനിൽ തന്റെ സഹോദരനെ കൂടി സ്ഥലത്തേക്ക് വിളിച്ചിരുന്നു. മീൻ കറിയും ചോറും പാകം ചെയ്തതിന് ശേഷം ഭക്ഷണം കഴിക്കുന്നതിനിടയിൽ, സുനിലിന്റെ സഹോദരൻ സന്ദീപ് അൽപം കൂടി മീൻകറി ചോദിച്ചു. അതേസമയം മീൻ പിടിക്കാനോ ഭക്ഷണമുണ്ടാക്കാനോ ഇല്ലാതിരുന്നതിനാൽ സന്ദീപിന് കൂടുതൽ മീൻകറി നൽകില്ലെന്ന് രഞ്ജിത് വാശിപിടിച്ചു. ഇതോടെയാണ് വഴക്ക് ആരംഭിക്കുകയായിരുന്നു.
ആധുനിക ചികിത്സയേക്കാൾ വിശ്വാസം മതപരമായ ചികിത്സയിൽ: കണ്ണൂരിൽ 11കാരി പനി ബാധിച്ച് മരിച്ചു
പ്രശ്നം വഷളാക്കാൻ രഞ്ജിത്ത് കാരണങ്ങളുണ്ടാക്കുകയാണെന്നും സഹോദരനെ അപമാനിക്കുന്ന രീതിയിലാണ് രഞ്ജിത്തിന്റെ പെരുമാറ്റമെന്നും സുനിൽ പ്രതികരിച്ചു. വലിയ വാക്കേറ്റത്തിന് ശേഷം സുനിൽ സ്ഥലത്ത് നിന്ന് മാറി കാറിലേക്ക് കയറി. സ്ഥലത്തുനിന്നും മടങ്ങിപ്പോകാനാണ് സുനിൽ ശ്രമിക്കുന്നത് എന്നായിരുന്നു എല്ലാവരുടെയും ധാരണ.
അതേസമയം, കാർ സ്റ്റാർട്ട് ചെയ്ത സുനിൽ രഞ്ജിത്തിന് നേരെ ഓടിച്ച് കയറ്റുകയായിരുന്നു. സംഭവ സ്ഥലത്ത് വെച്ച് തന്നെ രഞ്ജിത്ത് കൊല്ലപ്പെട്ടു. സംഭവത്തിൽ പ്രകാശ് ലോലാദിയയ്ക്ക് ഗുരുതരമായി പരിക്കേൽക്കുകയും ചെയ്തു. കൊലപാതക ശേഷം സുനിൽ കാർ ഉപേക്ഷിച്ച് സ്ഥലത്ത് നിന്ന് ഓടി രക്ഷപ്പെട്ടു. കൂടെയുണ്ടായിരുന്ന മറ്റുള്ളവർ സുനിലിന്റെ സഹോദരൻ സന്ദീപിനെ അതിക്രൂരമായി മർദ്ദിച്ചു. ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റ സന്ദീപ് രാജ്കോട്ട് ആശുപത്രിയിൽ ചികിത്സയിലാണെന്നും പ്രതിക്കായി അന്വേഷണം ആരംഭിച്ചതായും പോലീസ് പറഞ്ഞു.
Post Your Comments