തിരുവനന്തപുരം: ലഹരി ഇടപാടുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കൽ കേസിൽ ജാമ്യം ലഭിച്ച ബിനീഷ് കോടിയേരി ജയിൽമോചിതനായി തിരുവനന്തപുരത്തെത്തി. ശനിയാഴ്ച രാത്രി എട്ടുമണിയോടെ പരപ്പന അഗ്രഹാര ജയിലിൽ നിന്നും പുറത്തിറങ്ങിയ ബിനീഷ് ഇന്ന് പത്തരയോടെയാണ് തിരുവനന്തപുരത്തെത്തിയത്. ബിനീഷിനെ സ്വീകരിക്കാൻ നിരവധി പേരാണ് എയർപോർട്ടിലെത്തിയത്. മാലയിട്ടും ബൊക്ക നൽകിയുമാണ് സുഹൃത്തുക്കൾ ബിനീഷിനെ സ്വീകരിച്ചത്.
ഒരുപാട് കാര്യങ്ങൾ പറയാനുണ്ടെന്നും ആദ്യം തന്റെ മാതാപിതാക്കളെയും ഭാര്യയേയും കാണണമെന്നും ബിനീഷ് മാധ്യമങ്ങളോട് പ്രതികരിച്ചു. സത്യം ജയിക്കുമെന്നു ജയിലിൽനിന്നു പുറത്തിറങ്ങിയശേഷം ബിനീഷ് പറഞ്ഞു. ഇന്ത്യയിലെ വലിയ രാഷ്ട്രീയപാര്‍ട്ടിയാണ് കേസിന് പിന്നിലെന്നും തന്റെ പേരിലെ കൊടിയേരിയാണ് ഇതിനു കാരണമെന്നുമായിരുന്നു ബിനീഷ് ഇന്നലെ വെളിപ്പെടുത്തിയത്.
കേരളത്തിലെ ഒരു കേസുമായി ബന്ധപ്പെട്ട് ചില പേരുകൾ പറയാൻ തയാറാകാത്തതാണ് ഇഡി കേസിന് കാരണമെന്ന് ബിനീഷ് ആരോപിച്ചിരുന്നു. വിശദമായ വാർത്താസമ്മേളനത്തിനും ആലോചനയുണ്ട്. തന്നെ കൊണ്ട് പലരുടെയും പേര് പറയിപ്പിക്കാന്‍ ശ്രമിച്ചു. പിടിക്കപ്പെട്ട കേസുമായി ബന്ധപ്പെട്ട കാര്യങ്ങളല്ല ചോദിച്ചതെന്നും ഭരണകൂടത്തിന് അനഭിമാതമായതുകൊണ്ട് വേട്ടയാടുന്നതെന്നും ബിനീഷ് പറഞ്ഞു.
Post Your Comments