ന്യൂഡല്‍ഹി: വിദ്യാര്‍ഥിയെ ടെറസിനുമുകളില്‍ കൊണ്ടുപോയി തലകീഴായി പിടിച്ച് താഴേക്കിടുമെന്ന് ഭീഷണിപ്പെടുത്തിയ അധ്യാപകന് അറസ്റ്റില്‍.
യുപിയിലെ മിര്‍സാപൂരിലെ സ്കൂളിലാണ് സംഭവം. കുട്ടിയെ തലകീഴായി പിടിച്ചിരിക്കുന്ന ചിത്രങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചതോടെയാണ് പൊലീസ് നടപടി എടുത്തത്. പ്രധാന അധ്യാപകന് മനോജ് വിശ്വകര്‍മയാണ് അറസ്റ്റിലായത്.
വ്യാഴാഴ്ച ഉച്ചഭക്ഷണ ഇടവേളയില്‍ വിദ്യാര്‍ഥികള്‍ പുറത്ത് കളിച്ചു കൊണ്ടിരിക്കുമ്പോളാണ് അധ്യാപകന്റെ അതിക്രമം അരങ്ങേറിയത്. മറ്റൊരു വിദ്യാര്‍ഥിയെ കടിച്ചതിന് മാപ്പ് ചോദിക്കണമെന്ന് പറഞ്ഞായിരുന്നു വിദ്യാര്‍ഥിയെ തലകീഴായി പിടിച്ചത്. സോനു യാദവ് എന്ന രണ്ടാം ക്ലാസുകാരനെ ബലമായി പിടിച്ച് മുകളിലത്തെ നിലയിലേക്ക് വലിച്ചിഴച്ചു. ‘സോറി’ പറഞ്ഞില്ലെങ്കില്‍ താഴെയിടുമെന്ന് മറ്റ് വിദ്യാര്‍ഥികള്‍ നോക്കിനില്‍ക്കെ ഭീഷണിപ്പെടുത്തി.
സോനുവിന്റെ നിലവിളികേട്ട് കൂടുതല്‍ കുട്ടികള്‍ തടിച്ചുകൂടിയ ശേഷമാണ് സോനുവിനെ വിട്ടയച്ചത്. ജുവനൈല്‍ ജസ്റ്റിസ് ആക്ട് വകുപ്പുകള്‍ പ്രകാരമാണ് അധ്യാപകനെ അറസ്റ്റ് ചെയ്തത്. ‘സോനു വളരെ വികൃതിയാണ്. അവന് കുട്ടികളേയും അധ്യാപകരെയും കടിക്കുന്നു. അവനെ തിരുത്താന്‍ അവന്റെ പിതാവ്തന്നെയാണ് ഞങ്ങളോട് ആവശ്യപ്പെട്ടത്. അതിനാല്‍ ഞങ്ങള്‍ അവനെ ഭയപ്പെടുത്താന്‍ ശ്രമിച്ചതാണ്’-പ്രതിയായ മനോജ്വിശ്വകര്മ പറയുന്നു.
പ്രധാനാധ്യാപകന്റെ പ്രവൃത്തി തെറ്റായിരുന്നുവെന്നും എന്നാല്‍ അദ്ദേഹം സ്നേഹം കൊണ്ടാണ് അങ്ങിനെ പെരുമാറിയതെന്നും മകന് പ്രശ്നമൊന്നുമില്ലെന്നും തങ്ങള്‍ക്ക് പരാതിയില്ലെന്നും കുട്ടിയുടെ പിതാവ് രഞ്ജിത് യാദവും പറയുന്നു.
Post Your Comments