ബംഗളൂരു: രാജ്യത്തെ സിനിമാസ്വാദാകരേയും സിനിമാപ്രവര്‍ത്തകരേയും ഒരുപോലെ ഞെട്ടിച്ച വിയോഗമാണ് കന്നഡ താരം പുനീത് രാജ്കുമാറിന്റേത്. ഏതാനും മണിക്കൂറുകള്‍ക്ക് മുമ്പാണ് താരത്തിന്റെ മരണവാര്‍ത്ത ഔദ്യോഗികമായി സ്ഥിരീകരിക്കപ്പെട്ടത്. അഭിനയത്തോടൊപ്പം തന്നെ ജീവകാരുണ്യപ്രവര്‍ത്തനങ്ങളില്‍ സജീവമായിരുന്നു അദ്ദേഹം. കർണാടകയിലെ ജനതയ്ക്ക് നിരവധി സഹായങ്ങളാണ് അദ്ദേഹം നൽകിയിരുന്നത്. 26 അനാഥാലയങ്ങൾ, 25 സ്കൂളുകൾ, 16 വൃദ്ധ സദനങ്ങള്‍, 19 ഗോശാല, 18000 വിദ്യാർത്ഥികളുടെ വിദ്യാഭ്യാസം എന്നീ നിരവധി സാമൂഹ്യ സേവനങ്ങളാണ് അദ്ദേഹം ചെയ്തിരുന്നത്. ഒപ്പം മൈസൂരിൽ ‘ശക്തിദാ’മ എന്ന വലിയ സംഘടനയും അവിടെ പെൺകുട്ടികളെ പരിചരിക്കുകയും ചെയ്തിരുന്നു.
കോവിഡ് കാലത്ത് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് 50 ലക്ഷം രൂപയാണ് പുനീത് നല്‍കിയിരുന്നത്. കര്‍ണാടകയിലെ പ്രളയസമയത്ത് ദുരിതാശ്വാസ പ്രവര്‍ത്തനത്തിനും പുനീത് പണം നൽകിയിരുന്നു. സ്വന്തം നിര്‍മാണകമ്പനികള്‍ക്കല്ലാത്ത സിനിമകള്‍ക്കായി പാടുന്നതിന് ലഭിക്കുന്ന പ്രതിഫലവും ജീവകാരുണ്യപ്രവര്‍ത്തനങ്ങള്‍ക്കായി പുനീത് മാറ്റിവെക്കാറുണ്ട്.
അതേസമയം പുനീത് രാജ്കുമാറിന്റെ മരണത്തെ തുടര്‍ന്ന് കര്‍ണാടകയില്‍ അതീവ ജാഗ്രത നിര്‍ദേശം പുറപ്പെടുവിച്ചിട്ടുണ്ട്. ആരാധകര്‍ അക്രമാസക്തരായേക്കുമെന്ന വിവരത്തെ തുടര്‍ന്ന് സംസ്ഥാനത്തെ എല്ലാ തിയേറ്ററുകളുമടയ്ക്കാന്‍ സര്‍ക്കാര്‍ നിര്‍ദേശം നല്കി. പുനീതിനെ പ്രവേശിപ്പിച്ച ആശുപത്രിയ്ക്ക് മുന്നില്‍ ആരാധകര്‍ തടിച്ചുകൂടിയിട്ടുണ്ട്. ഹൃദയാഘാതത്തെ തുടര്‍ന്ന് ബെംഗളൂരുവിലെ വിക്രം ആശുപത്രിയില്‍ കഴിയവെയായിരുന്നു പുനീതിന്റെ അന്ത്യം. അദ്ദേഹത്തിന്റെ സഹോദരനും സിനിമാതാരവുമായ ശിവരാജ്കുമാറും, സിനിമാ താരം യഷും മരണസമയത്ത് പുനീതിനൊപ്പം ഉണ്ടായിരുന്നു. കര്‍ണാടക മുഖ്യമന്ത്രി ബസവരാജ് ബൊമ്മ ഉള്‍പ്പടെ നിരവധിപ്പേരാണ് പുനീതിന് ആദരാഞ്ജലികള്‍ അര്‍പ്പിച്ച് രംഗത്തെത്തിയിരിക്കുന്നത്.
Post Your Comments