അന്നം തരുന്ന ദൈവത്തെ തൊഴുന്നതിൽ തനിക്ക് യാതൊരു മടിയുമില്ലെന്ന് നടനും മിമിക്രി താരവുമായ കോട്ടയം നസീർ. കൂടുതൽ പരിപാടികൾ അവതരിപ്പിച്ചത് ക്ഷേത്രങ്ങളിലാണെന്നും അതിനാൽ തന്നെ വിഗ്രഹങ്ങളെ വന്ദിക്കുന്നതിൽ യാതൊരു മടിയുമില്ലെന്ന് താരം വ്യക്തമാക്കുന്നു. സഫാരി ചാനലിലെ ചരിത്രം എന്നിലൂടെ എന്ന പരിപാടിയിലാണ് നടനും മിമിക്രി കലാകാരനുമായ കോട്ടയം നസീർ ഇക്കാര്യം വ്യക്തമാക്കിയത്.
‘ഞാൻ ഏറ്റവും കൂടുതൽ പരിപാടികൾ ചെയ്തത് ഹൈന്ദവ ക്ഷേത്രങ്ങളിലെ വേദികളിലാണ്, പിന്നെ ചെയ്തിട്ടുളളത് ക്രൈസ്തവ ആരാധനാലയങ്ങളിലും. എന്റെ സ്വന്തം സമുദായത്തിന്റെ ആരാധനാലയങ്ങളിൽ കുറച്ച് പരിപാടി മാത്രമേ ചെയ്തിട്ടുളളൂ. അത് തന്നെ പല സംഘടനകളുടെ പരിപാടിയാണ്. എന്നോട് എല്ലാവരും ചോദിക്കുന്ന ചോദ്യമുണ്ട്, ഞാനൊരു മുസ്ലിം മതവിശ്വാസി ആയതുകൊണ്ടാകാം. പിന്നെ ഞങ്ങളുടെ മതത്തിൽ വിഗ്രഹാരാധന ഇല്ലാത്തതു കൊണ്ട് കൂടിയായിരിക്കാം ആ ചോദ്യം. ‘മറ്റ് അമ്പലങ്ങളിലും പള്ളികളിലുമൊക്കെ പോകുമ്പോൾ അവിടുത്തെ ദൈവങ്ങളെ തൊഴാറുണ്ടോ? ആ വിഗ്രഹങ്ങളെ തൊഴാറുണ്ടോ’ എന്നൊക്കെയായിരുന്നു ആ ചോദ്യം.
Also Read:മുല്ലപ്പെരിയാര്‍ ഷട്ടറുകള്‍ തുറക്കുന്ന ചടങ്ങിലേക്ക് ക്ഷണിച്ചില്ല: എം.പി ഡീന്‍ കുര്യാക്കോസ്
അതിന് എനിക്ക് പറയാനുളള മറുപടി എന്താണ് എന്നുവച്ചാൽ ഏതെങ്കിലും ഒരു സ്ഥലത്ത് വിഗ്രഹങ്ങളും പ്രതിഷ്ഠയും വരുമ്പോഴാണ് അവിടെ ആരാധനാലയം ഉണ്ടാകുന്നത്. ആ ആരാധനാലയം ഉളളതുകൊണ്ടാണ് അവിടെ ഭക്തജനങ്ങൾ വരുന്നത്. ആ ഭക്തജനങ്ങളുടെ സന്തോഷത്തിനും കൂട്ടായ്മയ്ക്കും വേണ്ടിയാണ് അവിടെ ഉത്സവം നടത്തുന്നത്. ആ ഉത്സവങ്ങൾ ഉളളതുകൊണ്ടാണ് താൻ അടക്കമുളള കലാകാരന്മാർക്ക് പരിപാടി അവതരിപ്പിക്കാൻ സ്റ്റേജ് കിട്ടുന്നത്. അങ്ങനെ ഒരു അവസരം ലഭിക്കുന്നത്. ആ വേദികളിൽ നിന്ന് കിട്ടുന്ന വരുമാനം കൊണ്ടാണ് എന്റെയും എന്റെ കുടുംബത്തിന്റെയും അതുപോലുളള ആയിരകണക്കിന് കലാകാരന്മാരുടെയും കുടുംബങ്ങൾ കഴിയുന്നത്. അന്നം തരുന്നത് ആരാണോ അവർ എന്റെ ദൈവമാണ്. അത് ഏത് മതത്തിൽപ്പെട്ട ദൈവമായാലും അന്നം തരുന്ന ദൈവത്തെ തൊഴുന്നതിനു എനിക്ക് ഒരു മടിയുമില്ല’, കോട്ടയം നസീർ വ്യക്തമാക്കി.
Post Your Comments