തിരുവനന്തപുരം: ചെറിയാന്‍ ഫിലിപ്പ് തിരിച്ചുവരുന്നത് അദ്ദേഹത്തിന്റെ തറവാടായ കോണ്‍ഗ്രസിലേക്കെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് എ.കെ ആന്റണി. കോണ്‍ഗ്രസ് പ്രവേശനം പ്രഖ്യാപിക്കുന്നതിന് മുമ്പ് ആന്റണിയുടെ വസതിയിലെത്തി ചെറിയാന്‍ ഫിലിപ്പ് കൂടിക്കാഴ്ച നടത്തിയതിന് പിന്നാലെയായിരുന്നു ആന്റണിയുടെ പ്രതികരണം. ചെറിയാന്‍ കുടുംബാംഗമാണെന്നും മടങ്ങിവരവില്‍ സന്തോഷമുണ്ടെന്നും ആന്റണി പ്രതികരിച്ചു.
Read Also : മുല്ലപ്പെരിയാറിലെ ജലം ഇടുക്കി അണക്കെട്ട് ഉള്‍ക്കൊള്ളും: ഡാം തുറക്കേണ്ട സാഹചര്യമില്ലെന്ന് കെഎസ്ഇബി
ഇരുപതു വര്‍ഷം സിപിഎമ്മിനോട് ചേര്‍ന്ന് പ്രവര്‍ത്തിച്ചിട്ടും ഒരിക്കല്‍ പോലും അദ്ദേഹം സിപിഎമ്മില്‍ ചേര്‍ന്നിട്ടില്ലെന്നും ആന്റണി പറഞ്ഞു. എകെ ആന്റണി അടക്കമുള്ള മുതിര്‍ന്ന നേതാക്കളാണ് ചെറിയാന്‍ ഫിലിപ്പിനെ തിരികെ പാര്‍ട്ടിയില്‍ എത്തിക്കാന്‍ മുന്‍ കൈയ്യെടുത്തത്. ഉപാധികളില്ലാതെ മടങ്ങിവരാന്‍ തയ്യാറാണെന്ന് ചെറിയാന്‍ ഫിലിപ്പ് അറിയിച്ചിരുന്നു. അതേസമയം ഉപാധികളില്ലെന്ന് പറയുമ്പോഴും ചെറിയാന്‍ ഫിലിപ്പിന് പദവി നല്‍കണമെന്നാണ് നേതൃത്വത്തിന്റെ നിലപാട്. ഇതിലൂടെ പാര്‍ട്ടി വിട്ട് പോയവര്‍ക്ക് സന്ദേശം നല്‍കാനാണ് നീക്കം. കെപി അനില്‍കുമാര്‍ ഉള്‍പ്പടെയുള്ളവര്‍ പാര്‍ട്ടി വിട്ടതിലൂടെ പ്രതിരോധത്തിലായ നേതൃത്വത്തിന് ഒരു പിടിവള്ളിയാണ് ചെറിയാന്റെ മടങ്ങിവരവ്.
ജയസാധ്യതയില്ലാത്ത സീറ്റ് നല്‍കിയതില്‍ പ്രതിഷേധിച്ച് 2001ലാണ് ചെറിയാന്‍ ഫിലിപ്പ് കോണ്‍ഗ്രസ് പാര്‍ട്ടി വിട്ട് ഇടത് പാളയത്തിലെത്തുന്നത്. പാര്‍ട്ടി വിട്ട ചെറിയാന്‍ ഫിലിപ്പ് എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥിയായി ഉമ്മന്‍ചാണ്ടിക്കെതിരെ മത്സരിച്ച് തോറ്റിരുന്നു. രാജ്യസഭ സീറ്റ് നിഷേധിച്ചത് മുതലാണ് ചെറിയാന്‍ ഫിലിപ്പും ഇടത് മുന്നണിയും തമ്മില്‍ തെറ്റിയത്.
Post Your Comments