റിയാദ്: സൗദി അറേബ്യയിൽ മദ്യത്തിനുള്ള നിരോധനം തുടരും. രാജ്യത്ത് എവിടെയും മദ്യ നിർമാണമോ വിൽപനയോ ഉപയോഗമോ അനുവദിക്കില്ലെന്നാണ് അധികൃതർ വ്യക്തമാക്കിയിരിക്കുന്നത്. രാജ്യത്തെ വിനോദ സഞ്ചാര കേന്ദ്രങ്ങളിൽ മദ്യപാനത്തിന് അനുമതി നൽകുമെന്ന നിലയിൽ സാമൂഹ്യ മാദ്ധ്യമങ്ങളിൽ പ്രചാരണം നടക്കുന്നുവെന്നത് ശ്രദ്ധയിൽപ്പെട്ട സാഹചര്യത്തിലാണ് അധികൃതർ ഇക്കാര്യത്തിൽ സ്ഥിരീകരണവുമായി രംഗത്തെത്തിയത്. സൗദി ടൂറിസം മന്ത്രാലയമാണ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്.
മദ്യത്തിന് ഏർപ്പെടുത്തിയിരിക്കുന്ന നിരോധനം പിൻവലിക്കുന്ന കാര്യത്തെ കുറിച്ച് ചിന്തിച്ചിട്ടു പോലുമില്ലെന്ന് സൗദി ടൂറിസം മന്ത്രി അഹമ്മദ് അൽഖത്തീബ് പറഞ്ഞു. സൗദിയിൽ മദ്യപാനം ഗുരുതര കുറ്റകൃത്യമാണ്. പിടിക്കപ്പെടുന്നവർക്ക് കടുത്ത ശിക്ഷയാണ് ലഭിക്കുക. പ്രവാസികളാണ് കുറ്റം ചെയ്യുന്നതെങ്കിൽ ശിക്ഷ അനുഭവിച്ച ശേഷം നാടുകടത്തും.
ടൂറിസ്റ്റുകൾക്കിടയിൽ നടത്തിയ സർവേ പ്രകാരം സൗദി അറേബ്യയിലെ മദ്യ നിരോധനത്തെക്കുറിച്ച് പരാതികൾ ലഭിച്ചിട്ടില്ലെന്നാണ് ടൂറിസം മന്ത്രി വിശദമാക്കുന്നത്. സ്വദേശികളും വിദേശികളും ഉൾപ്പെടെ അഞ്ച് കോടി പേർ അടുത്ത വർഷം രാജ്യത്തെ വിനോദ സഞ്ചാര കേന്ദ്രങ്ങൾ സന്ദർശിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും വിനോദ സഞ്ചാരികളെ ലക്ഷ്യമിട്ടുള്ള ഹോളിഡേ പാക്കേജുകളും പദ്ധതികളും ടൂറിസം മന്ത്രാലയം പ്രോത്സാഹിപ്പിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Post Your Comments