തിരുവനന്തപുരം: പ്രവാസികളുടെ പുന:രധിവാസത്തിന് 2,000 കോടി രൂപയുടെ വിശദമായ പ്രൊപോസല്‍ ഉടന്‍ കേന്ദ്രസര്‍ക്കാരിന് സമര്‍പിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ നിയമസഭയില്‍ പറഞ്ഞു. മഞ്ഞളാംകുഴി അലിയുടെ ശ്രദ്ധക്ഷണിക്കലിന് മറുപടി നല്‍കുകയായിരുന്നു മുഖ്യമന്ത്രി .
Read Also : പൊതുമേഖലാ ബാങ്കുകളില്‍ 4135 ഒഴിവുകള്‍ : നവംബര്‍ 10 വരെ അപേക്ഷിക്കാം
കോവിഡ് മഹാമാരിയുടെ പശ്ചാത്തലത്തില്‍ 2021 ഒക്ടോബര്‍ 26 വരെ 17,51,852 പ്രവാസി മലയാളികളാണ് കോവിഡ് 19 ജാഗ്രതാ പോര്‍ട്ടല്‍ പ്രകാരം തിരികെ എത്തിയിട്ടുള്ളത്. എന്നാല്‍ എയര്‍പോര്‍ട്ട് അതോറിറ്റി ലഭ്യമാക്കുന്ന വിവരങ്ങള്‍ പ്രകാരം മെയ് 2020 മുതല്‍ ഒക്ടോബര്‍ 2021 വരെയുള്ള കാലയളവില്‍ കേരളത്തിലെ എയര്‍പോര്‍ട്ടുകള്‍ വഴി 39,55,230 പേര്‍ വിദേശങ്ങളിലേക്ക് യാത്ര ചെയ്തിട്ടുണ്ട്. തിരിച്ചുപോകാന്‍ ആഗ്രഹിച്ചവരില്‍ ഭൂരിഭാഗം പേരും തിരിച്ചുപോയിട്ടുണ്ട് എന്ന് ഈ കണക്കുകള്‍ പ്രകാരം കരുതാവുന്നതാണെന്നും മുഖ്യമന്ത്രി അറിയിച്ചു.
വിവിധ രാജ്യങ്ങളില്‍ നിന്നും വാലിഡ് പാസ്പോര്‍ട്ട്, വാലിഡ് ജോബ് വിസ എന്നിവയുമായി തിരിച്ചെത്തി തിരികെ പോകാന്‍ സാധിക്കാത്ത പ്രവാസികള്‍ക്ക് 5,000 രൂപ വീതം അടിയന്തിര ധനസഹായം സര്‍ക്കാര്‍ അനുവദിച്ചിരുന്നു. ഇതനുസരിച്ച് 1,33,800 പേര്‍ക്ക് ധനസഹായം ലഭ്യമാക്കിയിട്ടുണ്ട്. കോവിഡ് ബാധിച്ച പ്രവാസികള്‍ക്ക് 10,000 രൂപ വീതം ധനസഹായം അനുവദിച്ചിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.
തിരികെ എത്തിയ പ്രവാസികള്‍ക്ക് സര്‍ക്കാര്‍ നടപടിക്രമങ്ങള്‍ പാലിച്ച് സ്വയംതൊഴില്‍ സംരംഭങ്ങള്‍ ആരംഭിക്കുന്നതിന് പിന്തുണ നല്‍കുന്ന ‘നോര്‍ക ഡിപാര്‍ട്ട്‌മെന്റ് പ്രോജക്ട് ഫോര്‍ റിടേണ്‍ എമിഗ്രന്‍സ്’ പദ്ധതി വിപുലീകരിക്കുകയും പദ്ധതി വിഹിതം 2021-22 വര്‍ഷത്തില്‍ 24.4 കോടി രൂപയായി വര്‍ധിപ്പിക്കുകയും ചെയ്തു. 30 ലക്ഷം രൂപ വരെയുള്ള ബാങ്ക് വായ്പകള്‍ക്ക് 15 ശതമാനം മൂലധന സബ്‌സിഡിയും (പരമാവധി 3 ലക്ഷം രൂപ) നാലു വര്‍ഷത്തേക്ക് മൂന്നു ശതമാനം പലിശ സബ്‌സിഡിയും ഈ പദ്ധതി മുഖേന ലഭിക്കുന്നതാണ്.
നാട്ടില്‍ മടങ്ങി എത്തിയവരില്‍ ഭവനവായ്പ ഉള്‍പ്പെടെ മുടങ്ങുകയും ജപ്തി ഭീഷണി നേരിടുകയും ചെയ്യുന്ന പ്രവാസികളുടെ വിഷയവും പദ്ധതികള്‍ക്ക് വായ്പ അനുവദിക്കുന്നതില്‍ ബാങ്കുകള്‍ അനുഭാവ സമീപനം സ്വീകരിക്കണമെന്ന കാര്യവും സംസ്ഥാനതല ബാങ്കേഴ്‌സ് സമിതി മുമ്പാകെ ഉന്നയിക്കുമെന്നും മുഖ്യമന്ത്രി അറിയിച്ചു.
Post Your Comments