പാട്ന: ബീഹാറിൽ കോൺഗ്രസും സഖ്യകക്ഷിയായ ആർ.ജെ.ഡിയും തമ്മിലുള്ള അഭിപ്രായ വ്യത്യാസം മറനീങ്ങി പുറത്തേക്ക്. തോൽക്കാൻ വേണ്ടി ഉപതെരഞ്ഞെടുപ്പ് സീറ്റ് കോൺഗ്രസിന് വിട്ടുകൊടുക്കണമോയെന്ന് ആർ.ജെ.ഡി അധ്യക്ഷൻ ലാലു പ്രസാദ് യാദവ് ചോദിച്ചു. മാധ്യമപ്രവർത്തകരുടെ ചോദ്യങ്ങൾക്ക് മറുപടി നൽകവെയാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്.
ബീഹാർ കോൺഗ്രസിന്റെ ചുമതലയുള്ള എഐസിസി ജനറൽ സെക്രട്ടറി ഭക്ത ചരൺ ദാസിനെ വിവേകശൂന്യനായ വ്യക്തിയെന്ന് വിളിച്ച ലാലു പ്രസാദ് കോൺഗ്രസ് മത്സരിച്ചാൽ ചിലപ്പോൾ കെട്ടിവച്ച കാശ് പോലും തിരിച്ചു ലഭിക്കില്ലെന്നും പറഞ്ഞു. ബീഹാറിലെ കുശേശ്വറിലും താരാപൂരിലും നടക്കാനിരിക്കുന്ന ഉപതിരഞ്ഞെടുപ്പിനെ സൂചിപ്പിച്ചാണ് ലാലു പ്രസാദിന്റെ പരാമർശം.
2020-ൽ നടന്ന ബീഹാർ തിരഞ്ഞെടുപ്പിൽ കുശേശ്വരിൽ നിന്ന് മത്സരിച്ച കോൺഗ്രസ് സ്ഥാനാർത്ഥി പരാജയപ്പെട്ടിരുന്നു. ഇതിനെ തുടർന്ന് ഉപതിരഞ്ഞെടുപ്പിൽ കോൺഗ്രസിന് സീറ്റ് വിട്ട് നൽകാൻ ലാലുവിന്റെ പാർട്ടിയായ ആർ ജെ ഡി തയ്യാറായില്ല. ഒക്ടോബർ 30-ന് നടക്കുന്ന ഉപതിരഞ്ഞെടുപ്പിൽ കോൺഗ്രസും ആർജെ ഡിയും ജെഡിയുവിനെതിരെ മത്സരിക്കുന്നുണ്ട്. അതേസമയം, ആർജെഡിയും ബിജെപിയും തമ്മിൽ ധാരണയിലെത്തിയിട്ടുണ്ടെന്നും ഇതിനാൽ ബീഹാറിലെ 40 മണ്ഡലങ്ങളിലും കോൺഗ്രസ് ഒറ്റയ്ക്ക് മത്സരിക്കുമെന്നും എഐസിസി ജനറൽ സെക്രട്ടറി ഭക്ത ചരൺ ദാസ് കഴിഞ്ഞ ദിവസം ആരോപിച്ചിരുന്നു.
Post Your Comments