തിരുവനന്തപുരം: പിഡബ്ല്യുഡി റസ്റ്റ് ഹൗസുകള്‍ പീപ്പിള്‍സ് റസ്റ്റ് ഹൗസുകളാക്കി മാറ്റുമെന്ന് ടൂറിസം മന്ത്രി പിഎ മുഹമ്മദ് റിയാസ്. ഇതിന്റെ ഭാഗമായി മുറികള്‍ പൊതുജനങ്ങള്‍ക്കും ബുക്ക് ചെയ്യാനാകുന്ന തരത്തില്‍ ഓണ്‍ലൈന്‍ ബുക്കിംഗ് സൗകര്യം നവംബര്‍ ഒന്നിന് നിലവില്‍ വരും. ഉദ്യോഗസ്ഥര്‍ക്ക് നിലവിലുള്ള സൗകര്യം നഷ്ടപ്പെടാതെയാണ് ഓണ്‍ലൈന്‍ സംവിധാനം തയ്യാറാക്കുന്നതെന്ന് മന്ത്രി പറഞ്ഞു. നിയമസഭയിലെ ചോദ്യോത്തരവേളയിലാണ് മന്ത്രി ഇക്കാര്യം അറിയിച്ചത്.
സംസ്ഥാനത്ത് പൊതുമരാമത്ത് വകുപ്പിനാണ് ഏറ്റവും വലിയ താമസസൗകര്യം സ്വന്തമായി ഉള്ളത്. 153 റസ്റ്റ് ഹൗസുകളിലായി 1,151 മുറികളുണ്ട്. ഇവയില്‍ പലതും ഏറ്റവും പ്രാധാന്യമുള്ള സ്ഥലത്തുമാണ് ഉളളത്. ഇവ ജനങ്ങള്‍ക്ക് ഉപയോഗിക്കാനാകുന്ന തരത്തിലേക്ക് മാറ്റുുന്നതിന്റെ ഭാഗമായി ആദ്യഘട്ടത്തില്‍ തെരഞ്ഞെടുക്കപ്പെട്ട 30 റസ്റ്റ് ഹൗസുകളെ നവീകരിക്കും. മുറികളുടെ നവീകരണം, ആധുനികവല്‍ക്കരണം, ഫര്‍ണിഷിംഗ് സൗകര്യങ്ങള്‍ വര്‍ധിപ്പിക്കല്‍ എന്നിവയാണ് നവീകരണത്തിന്റെ ഭാഗമായി നടത്തുന്നത്. റസ്റ്റ്ഹൗസുകള്‍ നവീകരിക്കുന്നതിനൊപ്പം ഭക്ഷണശാലകളും ആരംഭിക്കും. ശുചിത്വം ഉറപ്പാക്കും. ദീര്‍ഘ ദൂര യാത്രക്കാര്‍ക്ക് ഉപയോഗിക്കാന്‍ കഴിയുന്ന തരത്തില്‍ ടോയ്‌ലെറ്റ് ഉള്‍പ്പെടെയുളള കംഫര്‍ട്ട് സ്‌റ്റേഷന്‍ നിര്‍മ്മിക്കാനും തീരുമാനിച്ചിട്ടുണ്ട്. നല്ല ഫ്രണ്ട് ഓഫീസ് ഉള്‍പ്പെടെയുള്ള സംവിധാനം ഏര്‍പ്പെടുത്തുമെന്ന് മന്ത്രി പറഞ്ഞു.
ടൂറിസം വികസനത്തിന് ഉപയോഗിക്കാന്‍ കഴിയും വിധമാണ് റസ്റ്റ് ഹൗസുകളെ മാറ്റുന്നത്. ഗസ്റ്റ് ഹൗസുകളിലും വിനോദ സഞ്ചാരികള്‍ക്കുള്ള സൗകര്യം വര്‍ധിപ്പിക്കും. മലമ്പുഴ ഗസ്റ്റ് ഹൗസ്, ചെറുതുരുത്തി ഗസ്റ്റ് ഹൗസ്, എറണാകുളം യാത്രി നിവാസ് എന്നിവിടങ്ങളിലെ ബുക്കിംഗ് വിനോദ സഞ്ചാരികള്‍ക്ക് നേരിട്ട് ഓണ്‍ലൈനായി നടത്താന്‍ കഴിയുന്ന സാധ്യത പരിശോധിക്കുകയാണെന്നും മന്ത്രി പറഞ്ഞു.
Post Your Comments