ലുധിയാന: ടി20 ലോകകപ്പിൽ ഇന്ത്യയ്‌ക്കെതിരായ മത്സരത്തിനിടെ ഇന്ത്യയുടെ വിക്കറ്റ് പോയപ്പോൾ പാകിസ്താന് വേണ്ടി ആഹ്ലാദപ്രകടനം നടത്തിയ പഞ്ചാബിലെ സംഗ്രൂരിലെ ഭായ് ഗുരുദാസ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് എഞ്ചിനീയറിംഗ് ആൻഡ് ടെക്‌നോളജിയിലെ കശ്മീരി വിദ്യാർത്ഥികളെ ഉത്തർപ്രദേശിലെയും ബിഹാറിലെയും വിദ്യാർത്ഥികൾ കൂട്ടം ചേർന്ന് മർദ്ദിച്ചു. 152 റൺസ് വിജയലക്ഷ്യം പിന്തുടർന്ന ഇന്ത്യയെ പാകിസ്ഥാൻ 10 വിക്കറ്റിന് പരാജയപ്പെടുത്തിയപ്പോളാണ് സംഭവം.
സംഭവത്തിന്റെ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ പ്രചരിച്ചിരുന്നു. എന്നാൽ നടന്നത് മറച്ചു വെച്ച് വീഡിയോകളിൽ പറയുന്നത് മുറികൾ കൊള്ളയടിക്കപ്പെട്ടു, ഉത്തർപ്രദേശിൽ നിന്നുള്ള ആളുകളാണ് ഇതിന് ഉത്തരവാദിയെന്ന് വരുത്തി തീർക്കുകയായിരുന്നു. എന്നാൽ കശ്മീരികൾ പാക്കിസ്ഥാനുവേണ്ടി ആഹ്ലാദിച്ചതാണ് സംഘർഷത്തിലേക്ക് നയിച്ചതെന്ന് പഞ്ചാബ് പോലീസ് പറഞ്ഞു. സംഗ്രൂരിലെ ഒരു മുതിർന്ന പോലീസ് ഉദ്യോഗസ്ഥനെ ഉദ്ധരിച്ച് ഇന്ത്യൻ എക്സ്പ്രസ് റിപ്പോർട്ട് ചെയ്യുന്നതിങ്ങനെ,
‘കോളേജിൽ 90 ഓളം കശ്മീരി വിദ്യാർത്ഥികളും യുപിയിൽ നിന്നും ബീഹാറിൽ നിന്നുമുള്ള 30 ഓളം വിദ്യാർത്ഥികളുമുണ്ട്. ഹോസ്റ്റലിന്റെ 2 വിംഗുകളിലാണ് കാശ്മീരി വിദ്യാർത്ഥികൾ താമസിക്കുന്നത്. മത്സരം നടക്കുമ്പോൾ പാകിസ്ഥാൻ റണ്ണുകൾ അടിച്ചപ്പോൾ വിദ്യാർത്ഥികൾ ആർപ്പു വിളികളോടെ പാകിസ്ഥാൻ അനുകൂല ആസാദി മുദ്രാവാക്യങ്ങളുയർത്തി ആഹ്ലാദപ്രകടനം നടത്തി. ഇതാണ് വിദ്യാർത്ഥികളെ പ്രകോപിപ്പിച്ചത്. മത്സരം അവസാനിച്ചതിനു ശേഷം, യുപിയിൽ നിന്നും ബീഹാറിൽ നിന്നുമുള്ള വിദ്യാർത്ഥികൾ കശ്മീരി വിദ്യാർത്ഥികളുടെ മുറിക്കുള്ളിൽ കയറി അവരുമായി വാക്കുതർക്കത്തിലേർപ്പെട്ടു.
ഇതോടെ യുപി, ബിഹാർ എന്നിവിടങ്ങളിൽ നിന്നുള്ള വിദ്യാർത്ഥികളുമായി കശ്മീരി വിദ്യാർത്ഥികളും വാക്കേറ്റമുണ്ടായി. തുടർന്നായിരുന്നു മർദ്ദനം. എന്നാൽ പോലീസും കോളേജ് അധികൃതരും ഒറ്റരാത്രികൊണ്ട് കാര്യങ്ങൾ സമാധാന നിലയിലേക്കെത്തിച്ചു എന്ന് പോലീസ് ഉദ്യോഗസ്ഥർ കൂട്ടിച്ചേർത്തു. എന്നാൽ ഇത് നിഷേധിച്ചു ജെ & കെ സ്റ്റുഡന്റ്സ് അസോസിയേഷൻ
ദേശീയ വക്താവ് നാസിർ ഖുഹാമി രംഗത്തെത്തി.
‘ഞാൻ ഭായ് ഗുരുദാസ് എഞ്ചിനീയറിംഗ് ആൻഡ് ടെക്നോളജി കോളേജിൽ പലരുമായും സംസാരിച്ചു. ബിഹാറിൽ നിന്നുള്ള വിദ്യാർത്ഥികൾ തങ്ങളെ തല്ലുകയും മുറികൾ നശിപ്പിക്കുകയും ഹാൾ നശിപ്പിക്കുകയും മറ്റ് ചിലരെ അധിക്ഷേപിക്കുകയും മർദിക്കുകയും ചെയ്തതായി അവർ എന്നോട് പറഞ്ഞു.’ സംസ്ഥാനത്ത് പഠിക്കുന്ന കശ്മീരിൽ നിന്നുള്ള വിദ്യാർത്ഥികളെ പഞ്ചാബ് പോലീസ് സംരക്ഷിക്കണമെന്നും ഖുഹാമി ആവശ്യപ്പെട്ടു. ഇന്ത്യൻ എക്സ്പ്രസ് റിപ്പോർട്ട് ചെയ്യുന്നതനുസരിച്ച്, ഇരുവിഭാഗവും പോലീസിന് മുമ്പാകെ മാപ്പ് പറഞ്ഞിട്ടുണ്ടെന്നും പ്രശ്‌നം പരിഹരിച്ചതായും സംഗ്രൂർ എസ്എസ്പി സ്വപൻ ശർമ്മ പറഞ്ഞു.
Post Your Comments