തിരുവനന്തപുരം: ഫേസ്ബുക്ക് അക്കൗണ്ടുകളില്‍ വരുന്ന അപരിചിതരുടെ സൗഹൃദ അഭ്യര്‍ത്ഥനകള്‍ ഒഴിവാക്കണമെന്ന് അഭ്യര്‍ത്ഥിച്ച് കേരള പൊലീസ്. സമൂഹ മാദ്ധ്യമങ്ങള്‍ വഴിയുളള പണത്തട്ടിപ്പ് വ്യാപകമായിരിക്കുന്ന പശ്ചാത്തലത്തിലാണ് പോലീസ് മുന്നറിയിപ്പ് പങ്കുവെച്ചിരിക്കുന്നത്. വിദേശത്തുളള ഡോക്ടര്‍മാരാണ് എന്ന് തെറ്റിദ്ധരിപ്പിച്ച് വന്‍ തുക സോഷ്യല്‍ മീഡിയയിലൂടെ തട്ടിയെടുത്ത മണിപ്പൂരി സ്വദേശികളായ ദമ്പതികളെ പോലീസ് കഴിഞ്ഞ ദിവസം പിടികൂടിയിരുന്നു. തൃശ്ശൂര്‍ സിറ്റിപോലീസ് സൈബര്‍ സംഘമാണ് തട്ടിപ്പുകാരെ കുടുക്കിയത്.
സമൂഹ മാദ്ധ്യമങ്ങളില്‍ പതിയിരിക്കുന്ന ചതിക്കുഴികളെ കുറിച്ച് പൊലീസ് പങ്കുവെച്ച കുറിപ്പിന്റെ പൂര്‍ണ്ണ രൂപം …
‘വിദേശീയരായ ഡോക്ടര്‍മാരാണെന്ന് പറഞ്ഞു വിശ്വസിപ്പിച്ച് യു.കെ യില്‍ നിന്നും ആകര്‍ഷകമായ സമ്മാനങ്ങള്‍ അയക്കാനെന്ന പേരില്‍ നികുതിയും, ഇന്‍ഷുറന്‍സിനായും വന്‍തുകകള്‍ വാങ്ങി സാമൂഹ്യ മാധ്യമങ്ങള്‍ വഴി തട്ടിപ്പു നടത്തിയിരുന്ന മണിപ്പൂരി സ്വദേശികളായ ഭാര്യയേയും ഭര്‍ത്താവിനേയും പിടികൂടി. തൃശ്ശൂര്‍ സിറ്റിപോലീസ് സൈബര്‍ സംഘം ബംഗലൂരുവില്‍ എത്തിയാണ് തട്ടിപ്പുകാരെ വലയില്‍ കുടുക്കിയത്. മറ്റു സംസ്ഥാനങ്ങളില്‍ നിന്ന് വന്‍ തുകകള്‍ തട്ടിയെടുത്തതായി അന്വേഷണത്തില്‍ തെളിഞ്ഞിട്ടുണ്ട് .
മണിപ്പൂര്‍ സദര്‍ഹില്‍സ് തയോങ് സ്വദേശി സെര്‍തോ റുഗ്‌നെയ്ഹുതി കോം (36) ഭര്‍ത്താവ് സെര്‍തോഹൃനെയ് തോങ് കോഗ് (35) എന്നിവരെയാണ് തൃശൂര്‍ സിറ്റി സൈബര്‍ പോലീസ് ബംഗലൂരുവില്‍ തങ്ങി പത്ത് ദിവസത്തോളം നടത്തിയ സമര്‍ത്ഥമായ അന്വേഷണത്തിനൊടുവില്‍ അറസ്റ്റു ചെയ്തത്. ഡല്‍ഹി, ബംഗലൂരു എന്നീ സ്ഥലങ്ങള്‍ കേന്ദ്രീകരിച്ചാണ് ഇവര്‍ തട്ടിപ്പുകള്‍ ഓപ്പറേറ്റ് ചെയ്തിരുന്നത്. പരാതിക്കാരിയില്‍ നിന്നു മാത്രം 35 ലക്ഷം രൂപയാണ് ഇവര്‍ തട്ടിയെടുത്തത്. തട്ടിപ്പുസംഘത്തിലെ പ്രധാനി സെര്‍തോറുഗ്‌നെയ്ഹുയി കോം ആണ്.
പാഴ്‌സല്‍ കമ്പനിയില്‍ നിന്നാണെന്നും, സമ്മാനം അയച്ച് തരുവാനുള്ള നടപടികള്‍ക്കാണെന്നും പറഞ്ഞ് വന്‍ തുകകള്‍ വിവിധ അക്കൌണ്ടിലേക്കായി അയപ്പിക്കുകയാണ് ഇവര്‍ ചെയ്തിരുന്നത്. പണം കൈപ്പറ്റിയതിനുശേഷം, വിദേശത്തുനിന്ന് ഇന്ത്യയിലേക്ക് പണം അയക്കുന്നത് നിയമവിരുദ്ധമാണെന്നും, സംഭവം റിസര്‍വ് ബാങ്കിനേയും പോലീസിനേയും അറിയിക്കുമെന്നും പറഞ്ഞ് ഭീഷണിപെടുത്തി കൂടുതല്‍ തുക ആവശ്യപ്പെടും. അതും കൈപറ്റിയാല്‍ താമസവും കോണ്‍ഡാക്ട് നമ്പരും മാറും. ഇതായിരുന്നു തട്ടിപ്പുരീതി.
നിരവധി മൊബൈല്‍ ഫോണുകള്‍, സിംകാര്‍ഡുകള്‍, ചെക്ക് ബുക്കുകള്‍, എ.ടി.എം കാര്‍ഡുകള്‍ എന്നിവ ഇവരില്‍നിന്നും കണ്ടെടുത്തിട്ടുണ്ട്. അപരിചിതരുടെ ഫേസ്ബുക്ക് അക്കൗണ്ടുകളില്‍ വരുന്ന സൗഹൃദ അഭ്യര്‍ത്ഥനകളില്‍ ജാഗ്രത പാലിക്കുക’ .
Post Your Comments