കണ്ണൂര്‍: വടക്കന്‍ കേരളത്തില്‍ കനത്ത മഴ. കണ്ണൂര്‍ പയ്യാവൂര്‍ പഞ്ചായത്തിലെ ആഡാംപാറയില്‍ വനത്തിനുള്ളില്‍ ഉരുള്‍പൊട്ടി. ചന്ദനക്കാംപാറ പുഴയിലൂടെ മലവെള്ളപ്പാച്ചിലുണ്ടായി. വീട്ടിലേക്ക് വെള്ളം ഇരച്ചെത്തിയതിനെ തുടര്‍ന്ന് ഒരു കുടുംബത്തെ മാറ്റിപ്പാര്‍പ്പിച്ചു.
Read Also : പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച് ഗർഭിണിയാക്കി: പോക്സോ കേസിൽ യുവാവ് അറസ്റ്റിൽ
സൈലന്റ് വാലി വനമേഖലയിലും കനത്ത മഴയെത്തുടര്‍ന്ന് മലവെള്ളപ്പാച്ചിലുണ്ടായി. അട്ടപ്പാടി ചുരം റോഡില്‍ ഏഴാം വളവില്‍ മലവെള്ളപ്പാച്ചിലില്‍ ഒരു സ്കൂട്ടര്‍ ഒലിച്ചുപോയി. യാത്രക്കാരന് അത്ഭുതകരമായി രക്ഷപെട്ടു. അട്ടപ്പാടി കള്ളമലയില്‍ ശക്തമായ കാറ്റില്‍ മേല്‍ക്കൂര ഇടിഞ്ഞു വീണു ഒരാള്‍ക്ക് പരിക്കേറ്റിട്ടുണ്ട്.
പാലക്കാട് മുക്കാലി മന്ദംപൊട്ടി ചപ്പാത്ത് കരകവിഞ്ഞ് ഒഴുകിയതിനാല്‍ ചുരം റോഡിലൂടെയുള്ള ഗതാഗതം തടസ്സപ്പെട്ടു. വാഹനങ്ങള്‍ ആനമൂളി ചെക്ക് പോസ്റ്റിലും മുക്കാലി ചെക്ക് പോസ്റ്റിലും തടഞ്ഞു. മീന്‍ വല്ലം പ്രദേശത്തെ വനത്തിനുള്ളില്‍ പെയ്ത കനത്ത മഴയെ തുടര്‍ന്ന് തുപ്പനാട് പുഴ കവിഞ്ഞൊഴുകുകയാണ്.
മലപ്പുറം ജില്ലയിലെ കരുവാരകുണ്ട് ഒലിപ്പുഴയിലും ശക്തമായ മലവെള്ളപാച്ചില്‍ ഉണ്ടായി .കേരള എസ്റ്റേറ്റ് അതിര്‍ത്തിയില്‍ മണ്ണ് പുഴയിലേക്ക് ഇടിഞ്ഞു.
അതേസമയം, സംസ്ഥാനത്ത് വ്യാഴാഴ്ച വരെ ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചിട്ടുണ്ട്. കൊല്ലം, പത്തനംതിട്ട, കോട്ടയം, ഇടുക്കി ജില്ലകളില്‍ ചൊവ്വാഴ്ച അതിശക്തമായ മഴയ്ക്ക് സാധ്യതയുള്ളതിനാല്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു.
തിരുവനന്തപുരം, ആലപ്പുഴ, എറണാകുളം, തൃശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളില്‍ ചൊവ്വാഴ്ച യെല്ലോ അലര്‍ട്ടുമുണ്ട്.
Post Your Comments