തിരുവനന്തപുരം: യൂട്യൂബില്‍ വീഡിയോ ചെയ്യുന്നവരെ കാത്ത് ഒരു മുട്ടൻ പണിയിരിപ്പുണ്ടെന്ന് മാധ്യമങ്ങളുടെ റിപ്പോർട്ട്. കണ്ടന്റ് ക്രിയേറ്റേഴ്‌സിനെ ലക്ഷ്യമിടുന്ന വലിയൊരു ഫിഷിംഗ് കാമ്പയിന്‍ നടക്കുന്നതായി ഗൂഗിള്‍ മുന്നറിയിപ്പ് നൽകിയിരിക്കുന്നു. ഇത്തരത്തിലുള്ള തട്ടിപ്പുകൾ വഴി ആയിരക്കണക്കിന് ചാനലുകള്‍ ഹാക്കര്‍മാര്‍ ഹൈജാക്ക് ചെയ്യുകയും, അവ വിറ്റഴിക്കുകയും ചാനലിന്റെ കാഴ്ചക്കാര്‍ക്കെതിരെ സാമ്പത്തിക തട്ടിപ്പുകള്‍ നടത്തുകയും ചെയ്തിട്ടുണ്ടെന്ന് ഗൂഗിളിന്റെ പഠനം സൂചിപ്പിക്കുന്നു.
ഗൂഗിളിന്റെ ത്രെറ്റ് അനാലിസിസ് ഗ്രൂപ്പില്‍ നിന്നുള്ള സമീപകാല റിപ്പോര്‍ട്ടാണ് ഇതിനെക്കുറിച്ച് സൂചിപ്പിക്കുന്നത്. ഇത്തരം ഭീഷണിക്കെതിരെ സജീവമായി പ്രവര്‍ത്തിക്കുന്നുണ്ടെന്നും പ്രശ്‌നബാധിതരായ നിരവധി യൂട്യൂബ് ചാനലുകള്‍ പുനഃസ്ഥാപിച്ചുവെന്നും ഗൂഗിള്‍ പറയുന്നു. എങ്കിലും, നിരവധി യുട്യൂബ് അക്കൗണ്ടുകള്‍ക്ക് എപ്പോള്‍ വേണമെങ്കിലും ഇല്ലാതാക്കാവുന്ന വിധത്തിലുള്ള ഈ തട്ടിപ്പ് ബാധിച്ചിട്ടുണ്ടെന്ന് മുന്നറിയിപ്പ് നല്‍കുന്നു.
ഈ തട്ടിപ്പിന് പിന്നില്‍ ആരാണെന്ന് യൂട്യൂബ് വെളിപ്പെടുത്തിയിട്ടില്ല. എന്നാല്‍ റഷ്യന്‍ ഭാഷയിലുള്ള മെസേജ് ബോര്‍ഡിലാണ് കാമ്പയിന്‍ നടക്കുന്നതെന്നും ഇതിനായി കുക്കികള്‍ മോഷ്ടിക്കുന്നുണ്ടെന്നും റിപ്പോര്‍ട്ട് പറയുന്നു. വ്യാജ ലോഗിന്‍ പേജുകള്‍, മാല്‍വെയര്‍ ലിങ്കുകള്‍ അല്ലെങ്കില്‍ യൂസര്‍ നെയിമുകള്‍, പാസ്വേഡുകള്‍ എന്നിവ ഉപയോഗിക്കുന്ന ഫിഷിംഗ് സ്‌കാമുകള്‍ പോലെയല്ല ഇതെന്നും കുറച്ചുകൂടി ഉയര്‍ന്ന വ്യക്തിഗത ഡാറ്റ, ലോഗിന്‍ ചെയ്യുമ്പോള്‍ ബ്രൗസര്‍ സംരക്ഷിക്കുന്ന കുക്കികള്‍ എന്നിവയിലൂടെയാണ് അക്കൗണ്ട് ഹാക്കിങ് നടത്തുന്നതെന്നും യൂട്യൂബ് വെളിപ്പെടുത്തുന്നു. അതേസമയം, യൂട്യൂബ് വീഡിയോസ് ചെയ്യുന്നവരോട് ജാഗ്രതയോടെയിരിക്കണമെന്നും തട്ടിപ്പിൽ വീഴരുതെന്നും ഗൂഗിൾ മുന്നറിയിപ്പ് നൽകുന്നു.
Post Your Comments