ThrissurKeralaNews

ആറുപേര്‍ക്ക് പുതുജന്മം നല്‍കി ആല്‍ബിന്‍ പോള്‍ യാത്രയായി

കേരള സര്‍ക്കാരിന്റെ മൃതസഞ്ജീവനി പദ്ധതി വഴി ആല്‍ബിന്‍ പോളിന്റെ ഹൃദയം, കരള്‍, 2 വൃക്കകള്‍, 2 നേത്രപടലം എന്നിവയാണ് ദാനം ചെയ്തത്

ആറുപേര്‍ക്ക് പുതുജന്മം നല്‍കി ആല്‍ബിന്‍ പോള്‍ യാത്രയായി

തിരുവനന്തപുരം: ആറുപേര്‍ക്ക് പുതുജന്മം നല്‍കി ആല്‍ബിന്‍ യാത്രയായി. തൃശൂര്‍ ചായ്പ്പാന്‍കുഴി രണ്ടുകൈ തട്ടകത്ത് ഹൗസ് സ്വദേശി ആല്‍ബിന്‍ പോള്‍ (30) കഴിഞ്ഞ ദിവസമാണ് മസ്തിഷ്‌കാഘാതത്തെ തുടര്‍ന്ന് മരിച്ചത്. കേരള സര്‍ക്കാരിന്റെ മൃതസഞ്ജീവനി പദ്ധതി വഴി ആല്‍ബിന്‍ പോളിന്റെ ഹൃദയം, കരള്‍, 2 വൃക്കകള്‍, 2 നേത്രപടലം എന്നിവയാണ് ദാനം ചെയ്തത്.

Read Also : അമ്മയറിയാതെ കുഞ്ഞിനെ മാറ്റിയ കേസ്: ആറ് പ്രതികളും കോടതിയില്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കി

ആല്‍ബിന്റെ ഹൃദയം ചെന്നൈയിലെ റെല ഹോസ്പിറ്റലില്‍ ചികിത്സയിലുള്ള രോഗിക്കാണ് നല്‍കുന്നത്. വിമാന മാര്‍ഗമാണ് ചെന്നൈയിലേക്ക് ഹൃദയം കൊണ്ട് പോയത്. ഒരു വൃക്ക തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ ചികിത്സയിലുള്ള രോഗിക്ക് നല്‍കും. ഗള്‍ഫിലായിരുന്ന ആല്‍ബിന്‍ പോള്‍ ജോലി നഷ്ടപ്പെട്ട് നാട്ടിലെത്തി എസ്.സി.ടി. ഫെഡറേഷനില്‍ ബിസിനസ് ഡെവലപ്‌മെന്റ് എക്‌സിക്യുട്ടീവായി താത്ക്കാലികമായി ജോലി ചെയ്യുകയായിരുന്നു.

ആല്‍ബിന്‍ പോളും സഹോദരന്‍ സെബിന്‍ പൗലോസും കൂടി ഈ മാസം 18ന് രാവിലെ 3.15ന് നെടുമ്പാശേരി എയര്‍പോട്ടില്‍ ബന്ധുവിനെ യാത്രയാക്കി മടങ്ങി വരവെയാണ് അവര്‍ സഞ്ചരിച്ചിരുന്ന കാര്‍ ലോറിയുമായി കൂട്ടിയിടിച്ചത്. അപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ ഇവരെ അങ്കമാലി അപ്പോളോ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സഹോദരന്‍ ഭേദമായി ആശുപത്രി വിട്ടെങ്കിലും ആല്‍ബിന്റെ സ്ഥിതി ഗുരുതരമായി കഴിഞ്ഞ ദിവസം മസ്തിഷ്‌ക മരണം സംഭവിക്കുകയായിരുന്നു. തുടര്‍ന്ന് പിതാവ് പൗലോസ് അവയവദാനത്തിന് സമ്മതം അറിയിക്കുകയായിരുന്നു. ആല്‍ബിന്‍ വിവാഹിതനായിട്ട് 2 വര്‍ഷം കഴിഞ്ഞതേയുള്ളൂ. ഭാര്യ എയ്ഞ്ചല്‍. 4 മാസം പ്രായമായ ഒരു കുഞ്ഞുണ്ട്. മാതാവ് ബീന.

shortlink

Related Articles

Post Your Comments

Related Articles


Back to top button