തിരുവനന്തപുരം: കുഞ്ഞിനെ കാണാതായെന്ന് പരാതി നല്‍കിയിട്ടും പൊലീസ് തികച്ചും നിരുത്തരവാദപരമായാണ് കേസില്‍ ഇടപെട്ടതെന്നും കുഞ്ഞിനെ കണ്ടെത്തുന്നതിന് ഹൈക്കോടതിയെ സമീപിക്കുമെന്നും അനുപമ. പൊലീസിലുള്ള വിശ്വാസം നഷ്ടപ്പെട്ടെന്നും അനുപമ മാധ്യമങ്ങളോട് പറഞ്ഞു. തന്നെ കാണാനില്ലെന്ന് പറഞ്ഞ് അച്ഛന്‍ നല്‍കിയ പരാതിയില്‍ കാണിച്ച ആവേശം പോലും പൊലീസ് കുഞ്ഞിനെ കാണാതായെന്ന പരാതിയില്‍ കാണിച്ചില്ലെന്ന് അനുപമ വ്യക്തമാക്കി.
കുടുംബ കോടതിയില്‍ അപേക്ഷ നല്‍കി ഡി.എന്‍.എ പരിശോധന നടത്തിയാലും കുഞ്ഞിനെ വിട്ടുകിട്ടണമെങ്കില്‍ ഹൈക്കോടതിയെ സമീപിക്കേണ്ടി വരും. വഞ്ചിയൂര്‍ കുടുംബ കോടതിയിലെ നടപടികളില്‍ കക്ഷിചേരാന്‍ തന്നെയാണ് തീരുമാനം. ദത്ത് നടപടികള്‍ റദ്ദാക്കാന്‍ അപേക്ഷ നല്‍കുമെന്നും അനുപമ പറഞ്ഞു.
ഏപ്രിലിലാണ് കുഞ്ഞിനെ കാണാതായെന്ന് കാണിച്ച് പൊലീസില്‍ പരാതി നല്‍കിയത്. ആറുമാസത്തോളമാണ് തന്റെ പരാതിയില്‍ പൊലീസ് കേസെടുക്കാതിരുന്നത്. തുടര്‍ന്ന് സെപ്റ്റംബറില്‍ ഡിജിപിക്ക് പരാതി നല്‍കിയിരുന്നു. ഡി.ജി.പിക്ക് നല്‍കിയ പരാതിയിലാണ് ഇപ്പോള്‍ എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്തതെന്നും അനുപമ പറഞ്ഞു. അതേസമയം ആദ്യ ഭാര്യയില്‍ കുട്ടികളുണ്ടായിരുന്നെന്ന ആരോപണം തെറ്റാണെന്ന് അനുപമയുടെ ഭര്‍ത്താവ് അജിത്ത് പറഞ്ഞു.
Post Your Comments