
കൊച്ചി: സംസ്ഥാന സര്‍ക്കാര്‍ സ്ഥാപനമായ ഓവർസീസ് ഡെവലപ്മെന്റ് ആൻഡ് എംപ്ലോയ്‌മെന്റ് പ്രൊമോഷൻ കൺസൾട്ടൻസ് ലിമിറ്റഡ് (ഒഡെപെക് ) ദക്ഷിണകൊറിയയിലേക്ക് കാര്‍ഷികവൃത്തിയ്ക്കായി ജീവനക്കാരെ റിക്രൂട്ട് ചെയ്യുന്നു. ഒരുലക്ഷം രൂപ ശമ്പളം ലഭിക്കുന്ന ജോലിക്ക് 5നും 40നുമിടയില്‍ പ്രായമുള്ള പത്താംക്ലാസ് യോഗ്യതയുള്ളവര്‍ക്ക് അപേക്ഷിക്കാം. അവസാന തീയതിയായ ഒക്ടോബര്‍ 27ന് മുൻപ് ഒഡെപെക് വെബ്‌സൈറ്റ് (https://odepc.kerala.gov.in/jobs/recruitment-of-agricultural-labours-to-south-korea) വഴിയോ recruit@odepc.in എന്ന മെയിലില്‍ ബയോഡാറ്റ അയച്ചോ അപേക്ഷ സമര്‍പ്പിക്കാം.
ദക്ഷിണകൊറിയയിലെ സര്‍ക്കാര്‍ പദ്ധതിയുടെ ഭാഗമായുള്ള ഉള്ളിക്കൃഷിയ്ക്കായാണ് ആളുകളെ കൊണ്ടുപോകുന്നത്. ആദ്യമായാണ് ഇവിടേക്ക് റിക്രൂട്ടിങ് നടത്തുന്നതെന്നും ആയിരം പേരെയാണ് ആവശ്യപ്പെട്ടതെങ്കിലും ആദ്യഘട്ടത്തില്‍ നൂറുപേരെയാണ് അയക്കുന്നതെന്നും ഒഡെപെക് മാനേജിങ് ഡയറക്ടര്‍ കെ.എ.അനൂപ് പറഞ്ഞു. 60 ശതമാനം പേര്‍ സ്ത്രീകകളായിരിക്കണമെന്നാണ് നിർദ്ദേശം.
ജോലിയെ കുറിച്ച് വിശദമായി അന്വേഷിച്ച ശേഷമാണ് റിക്രൂട്ടിങ് നടത്താന്‍ തീരുമാനിച്ചതെന്ന് ഒഡെപെക് എംഡി അനൂപ് വ്യക്തമാക്കി. ഒരു വര്‍ഷത്തേക്ക് കരാറടിസ്ഥാനത്തിലാണ് നിയമനം. ഇത് മൂന്നു വര്‍ഷം വരെ നീട്ടാം. കൊറിയന്‍ തൊഴില്‍ നിയമമനുസരിച്ച് മാസത്തില്‍ 28 ദിവസം ജോലി ഉണ്ടായിരിക്കും. രാവിലെ എട്ടു മുതല്‍ വൈകിട്ട് അഞ്ചു വരെയാണ് ജോലിസമയം. ജോലിസമയത്തെ ഭക്ഷണം സൗജന്യമായി ലഭിക്കും. ഇംഗ്ലീഷില്‍ അടിസ്ഥാന പരിജ്ഞാനം ഉണ്ടായിരിക്കണം. കാര്‍ഷികവൃത്തിയില്‍ പരിചയമുള്ളവര്‍ക്ക് മുന്‍ഗണനയുണ്ട്. കോവിഷീല്‍ഡ് വാക്സിൻ രണ്ടു ഡോസും പൂര്‍ത്തിയാക്കിയിരിക്കണം.
താല്‍പര്യമുള്ളവര്‍ക്കായി ഒക്ടോബര്‍ 27ന് തിരുവനന്തപുരം മാസ്‌കോട്ട് ഹോട്ടലിലും 29ന് എറണാകുളം മുനിസിപ്പല്‍ ടൗണ്‍ഹാളിലും ഒഡെപെക് സെമിനാര്‍ സംഘടിപ്പിച്ചിട്ടുണ്ട്. ജോലിയെ കുറിച്ചും കൊറിയയിലെ സാഹചര്യങ്ങളെ കുറിച്ചും സെമിനാറില്‍ വിശദമാക്കും. ഇതിനുശേഷം യോഗ്യതയും താല്‍പര്യമുള്ളവരെ ഇന്റര്‍വ്യൂവിന് വിളിക്കും. ജോലി ലഭിക്കുന്നവരുടെ പേപ്പര്‍ വര്‍ക്കുകള്‍ ഒഡെപെക്കിന്റെ മേല്‍നോട്ടത്തിലായിരിക്കും നടത്തുക.
Post Your Comments