മുംബൈ: ഇന്ത്യയിൽ ഓരോ വർഷവും നിരവധി ബ്രാൻഡുകളുടെ പല മോഡലുകളും വിപണിയിൽ നിന്ന് പിൻവലിക്കാറുണ്ട്. 2020ൽ ബിഎസ് 4ൽ നിന്ന് ബിഎസ് 6ലേക്കുള്ള ചുവടുമാറ്റം കാരണം നിരവധി കാർ നിർമ്മാതാക്കൾ പല കാർ മോഡലുകളും നിർത്തലാക്കിയിരുന്നു. കോവിഡ് മഹാമാരി ഉൾപ്പെടെയുള്ള കാരണങ്ങളാൽ മന്ദഗതിയിലുള്ള വിപണി സാഹചര്യങ്ങൾ മൂലം ഏതാനും മോഡലുകൾ പ്രവർത്തനം അവസാനിക്കുകയാണ്. ഈ വർഷവും രാജ്യത്ത് നിന്ന് വാഹന പ്രേമികളുടെ 11 പ്രമുഖ മോഡലുകളാണ് അരങ്ങൊഴിയുന്നത്.
1. ഫോർഡ് എൻഡവർ
ഐക്കണിക്ക് അമേരിക്കൻ വാഹന നിർമാതാക്കളായ ഫോർഡിന്റെ ഇന്ത്യയിൽ നിന്നുള്ള പിന്മാറ്റം കാരണം മികച്ച നാല് വാഹനം മോഡലുകളാണ് രാജ്യത്ത് നിന്ന് പിൻവാങ്ങുന്നത്. ടൊയോട്ട ഫോർച്യൂണറിനെ വെല്ലുവിളിക്കുന്ന ഇന്ത്യയിലെ ഏക എസ്‌യുവിയായിരുന്നു ഫോർഡ് എൻഡവർ. 2019 ഫെബ്രുവരിയിലാണ് വാഹനത്തിന്റെ മൂന്നാം തലമുറയുടെ പരിഷ്കരിച്ച പതിപ്പ് ഫോർഡ് ഇന്ത്യയിൽ അവതരിപ്പിക്കുന്നത്. മികച്ച വാഹനമെന്ന പേരെടുത്തെങ്കിലും വിൽപ്പനയിൽ കാര്യമായ നേട്ടം കൈവരിക്കാൻ എൻഡവറിന് സാധിച്ചില്ല.
2. ഫോർഡ് ഇക്കോസ്പോർട്ട്
ഇന്ത്യയിൽ അവതരിപ്പിച്ച ആദ്യത്തെ കോംപാക്ട് എസ്‌യുവികളിൽ ഒന്നായിരുന്നു ഫോർഡ് ഇക്കോസ്പോർട്ട്. 2013 ജൂണിലാണ് വാഹനം ഇന്ത്യൻ വിപണിയിൽ അവതരിപ്പിച്ചത്. സബ് 4 മീറ്റർ കോംപാക്ട് എസ്യുവിയാണ് ഇക്കോസ്പോർട്ട്. ഇന്ത്യയിൽ ഫോർഡ് ഏറ്റവും കൂടുതൽ വിറ്റഴിച്ച വാഹനമാണ് ഇക്കോസ്പോർട്ട്. ഈ മോഡലിന്റെ ഫെയ്‌സ്ലിഫ്റ്റ് മോഡൽ പുറത്തിറക്കാനിരിക്കെയായിരുന്നു കമ്പനി ഇന്ത്യ വിടാൻ തീരുമാനിച്ചത്.
3. ഫോർഡ് ആസ്പയർ
ഫിഗോയുടെ സെഡാൻ പതിപ്പായിരുന്നു ആസ്പയർ. പെട്രോൾ, ഡീസൽ എഞ്ചിൻ വേരിയന്റുകളാണ് ഫോർഡ് ഇന്ത്യൻ വിപണിയിൽ അവതരിപ്പിച്ചത്. സോളിഡ് ബിൽഡ് ക്വാളിറ്റിയും വിലക്കുറവുമായിരുന്നു ആസ്പിറിനെ ആകർഷകമാക്കിയത്.
4. ഫോർഡ് ഫിഗോ
ഇന്ത്യൻ വിപണി കീഴടക്കിയ ജനപ്രിയ മോഡലുകളിൽ ഒന്നാണ് ഫോർഡ് ഫിഗോ. പെട്രോൾ ഡീസൽ എഞ്ചിൻ ഓപ്ഷനുകളും ഓട്ടോമാറ്റിക് ട്രാൻസ്മിഷനിലും ലഭ്യമായ ഫോർഡ് ഫിഗോ മികച്ച ഡ്രൈവബിലിറ്റിയുള്ള കാർ എന്നായിരുന്നു അറിയപ്പെട്ടത്. ഫിഗോയുടെ ബിഎസ് 6 പതിപ്പ് 2020 ഫെബ്രുവരിയിലാണ് കമ്പനി ഇന്ത്യൻ വിപണിയിൽ അവതരിപ്പിച്ചത്. സുരക്ഷയുടെ കാര്യത്തിൽ ഒരു വിട്ടുവീഴ്ചയ്ക്കുമില്ലെന്ന് തെളിയിച്ച മോഡലുകളിൽ ഒന്നാണ് ഫിഗോ. കുട്ടികളുടെയും മുതിർന്നവരുടെയും കാൽനടയാത്രക്കാരുടെയും സുരക്ഷയിൽ 4 സ്റ്റാർ റേറ്റിംഗാണ് ഫോർഡിന്റെ ഈ വാഹനം സ്വന്തമാക്കിയത്.
5. ഫോർഡ് ഫ്രീസ്റ്റൈൽ
ഫോർഡിന്റെ ജനപ്രിയ വാഹനങ്ങളിൽ ഒന്നാണ് ഫ്രീസ്റ്റൈൽ. 1.2 ലിറ്റർ മൂന്ന് സിലിണ്ടർ പെട്രോൾ, 1.5 ലിറ്റർ ഡീസൽ എന്നീ എഞ്ചിൻ ഓപ്ഷനുകളായിരുന്നു വാഹനത്തിന്റെ ഹൃദയം. പെട്രോൾ എഞ്ചിൻ 95 bhp കരുത്തും 120 Nm ടോർക്കും ഉൽപാദിപ്പിക്കും. ഡീസൽ എഞ്ചിൻ 99 bhp കരുത്തും 215 Nm ടോർക്കുമാണ് ഉൽപ്പാദിപ്പിക്കുക.
6. മഹീന്ദ്ര എക്സ്യുവി 500
ഇന്ത്യയിൽ എക്സ്യുവി 700 മോഡൽ വിപണി അവതരിപ്പിച്ചതോടെ എക്സ്യുവി 500ന്റെ വിൽപ്പന തോത് ഇടിഞ്ഞു. നിലവിൽ വാഹനം മഹീന്ദ്ര ഷോറൂമുകളിൽ ലഭ്യമാണെങ്കിലും പതിയെ പിൻവലിക്കാനാണ് കമ്പനിയുടെ തീരുമാനം. അതേസമയം, അഞ്ച് സീറ്റ് മാത്രമുള്ള എസ്യുവിയുടെ രൂപത്തിൽ എക്സ്യുവി 500 വീണ്ടും നിരത്തുകളിലെത്തുമെന്നും റിപ്പോർട്ടുകളുണ്ട്.
7. ടൊയോട്ട യാരിസ്
ടൊയോട്ടയുടെ പ്രീമിയം സെഡാനായ യാരിസും ഇന്ത്യൻ വിപണിയിൽ നിന്ന് വിടപറയുന്നു. വിപണിയിൽ അവതരിപ്പിച്ച വെറും മൂന്നു വർഷത്തിനുള്ളിലാണ് യാരിസ് ഇന്ത്യയിൽ നിന്നും മടങ്ങുന്നത്. 2018 ലാണ് ടൊയോട്ട യാരിസ് ഇന്ത്യൻ വിപണിയിൽ അവതരിപ്പിച്ചത്. ടൊയോട്ട യാരിസ് വിപണിയിൽ പാടെ പരാജയമായിരുന്നു.
8. ഹോണ്ട സിവിക്
2019 ലാണ് ഹോണ്ട സിവിക് ഇന്ത്യൻ വിപണിയിൽ അവതരിപ്പിച്ചത്. ആദ്യ വരവിൽ ഇന്ത്യക്കാരുടെ മനസ്സു കവർന്നെങ്കിലും ടൊയോട്ട കൊറോളയും സ്കോഡ ഒക്ടാവിയയും ഹ്യുണ്ടായി എലാൻഡ്രയുമെല്ലാം അരങ്ങുവാഴുന്ന പ്രീമിയം സെഡാൻ വിഭാഗത്തിൽ ക്ലച്ച് പിടിക്കാൻ സിവിക്കിന് സാധിച്ചില്ല. കോവിഡ് മഹാമാരിയിൽ കുടുങ്ങിയതോടെ ഗ്രേറ്റർ നോയിഡ പ്ലാന്റിൽ സിവികുകളുടെ നിർമ്മാണം നിർത്താനും വിൽപ്പന രാജ്യത്ത് അവസാനിപ്പിക്കാനും ഹോണ്ട തീരുമാനിക്കുകയായിരുന്നു.
9. ഹോണ്ട സിആർവി
മികച്ച യാത്രാസുഖവുമായി ഹോണ്ട ഇന്ത്യൻ വിപണിയിൽ അവതരിപ്പിച്ച വാഹനമായിരുന്നു സിആർവി എസ്യുവി. വില്പന കുറവ് തന്നെയാണ് ഈ മികച്ച വാഹനത്തിന് തിരിച്ചടിയായത്. യൂറോപ്യൻ ഫിറ്റും ഫിനിഷുമെല്ലാമുണ്ടായിട്ടും ഇന്ധനക്ഷമത ഇല്ലായ്മയും സർവീസ് പരാധീനതകളും വില കൂടുതലും ഹോണ്ട സിആർവിക്ക് തിരിച്ചടിയായി. വിപണിയിൽ വില്പന കുറവ് നേരിടുന്ന ഈ വാഹനം ഇന്ത്യയിൽ നിർത്തലാക്കുമെന്നാണ് റിപ്പോർട്ടുകൾ.
10. മഹീന്ദ്ര ആൾട്ടുറാസ് ജി4
മഹീന്ദ്രയുടെ മികച്ച മോഡലുകളിൽ ഒന്നായ ആൾട്ടുറാസ് ജി4യുടെ നിർമ്മാണം ഇന്ത്യയിൽ അവസാനിപ്പിക്കാൻ കമ്പനി ഒരുങ്ങുകയാണ്. വിൽപ്പന ഇല്ലായ്മയാണ് ആൾട്ടുറാസ് ജി4നും വിനയായത്. മഹീന്ദ്രയുടെ ദക്ഷിണകൊറിയൻ പങ്കാളിയായ സാങ്യോങ്ങുമായുള്ള സഹകരണം കമ്പനി അവസാനിപ്പിച്ചതോടെ ഈ വാഹനവും വിപണിയിൽ നിന്നും അപ്രത്യക്ഷമാകും.
Read Also:- അഴകുള്ള നീണ്ട മുടിയ്ക്ക് വേണം നല്ല ഭക്ഷണങ്ങള്‍!
11. ഹ്യുണ്ടായി ഗ്രാൻഡ് ഐ10
ദക്ഷിണ കൊറിയൻ വാഹന നിർമാതാക്കളായ ഹ്യുണ്ടായി ജനപ്രിയ മോഡലായ ഗ്രാൻഡ് 10ന്റെ നിർമാണം ഈ വർഷം ആദ്യം നിർത്തലാക്കിയിരുന്നു. ഹ്യുണ്ടായിയുടെ വാഹന നിരയിൽ നിന്ന് നിശബ്ദരായി നീക്കം ചെയ്ത മോഡലാണ് ഗ്രാൻഡ് 10. ജനുവരിയിൽ ഗ്രാൻഡ് ഐ 10 നിയോസ് വിപണിയിൽ അവതരിപ്പിച്ചതോടെ ഗ്രാൻഡ് ഐ10 പിന്നിലേക്ക് മാറ്റപ്പെട്ടു.
Post Your Comments