ന്യൂഡല്‍ഹി: അഫ്ഗാനിസ്ഥാന്റെ മണ്ണ് അയല്‍രാജ്യങ്ങള്‍ക്കെതിരായ തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ക്ക് ഉപയോഗിക്കില്ലെന്ന് താലിബാന്‍. തങ്ങള്‍ ഒരു രാജ്യത്തിനും ഭീഷണിയാകില്ലെന്നും തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ പ്രോത്സാഹിപ്പിക്കില്ലെന്നും താലിബാന്‍ ഉപപ്രധാനമന്ത്രി അബ്ദുള്‍ സലാം ഹനാഫി പറഞ്ഞു. മറ്റ് രാജ്യങ്ങളുമായി സൗഹാര്‍ദ്ദപരമായ ബന്ധമാണ് ആഗ്രഹിക്കുന്നതെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
മോസ്‌കോയില്‍ വിവിധ രാജ്യങ്ങളുമായി നടന്ന കൂടിക്കാഴ്ചയിലാണ് താലിബാന്‍ ഇക്കാര്യം വ്യക്തമാക്കിയത്. ഇന്ത്യയുള്‍പ്പെടെ 10 രാജ്യങ്ങള്‍ റഷ്യ ആതിഥേയത്വം വഹിച്ച ഈ അന്താരാഷ്ട്ര കൂടിക്കാഴ്ചയില്‍ പങ്കെടുത്തിരുന്നു. അയല്‍രാജ്യങ്ങള്‍ക്കെതിരായി രാജ്യത്ത് ഭീകരവാദം വളരുന്നില്ലെന്ന് ഉറപ്പാക്കേണ്ട ബാധ്യത താലിബാനുണ്ടെന്ന് റഷ്യന്‍ വിദേശകാര്യമന്ത്രി സെര്‍ജി ലവ്റോവ് പറഞ്ഞിരുന്നു.
ചര്‍ച്ചയില്‍ ഇന്ത്യയും സമാന നിലപാട് സ്വീകരിച്ചതായാണ് വിവരം. വിദേശ മന്ത്രാലയത്തിലെ പാക്ക്-അഫ്ഗാന്‍-ഇറാന്‍ ഡെസ്്ക്കിന്റെ മേധാവിയായ ജോയിന്റ് സെക്രട്ടറി ജെ.പി. സിങ്ങിന്റെ നേതൃത്വത്തിലുള്ള സംഘമാണ് ഇന്ത്യയെ പ്രതിനിധീകരിച്ച് ചര്‍ച്ചയില്‍ പങ്കെടുക്കുന്നത്. ചൈന, പാകിസ്ഥാന്‍, ഇറാന്‍, തജിക്കിസ്ഥാന്‍, ഉസ്ബെക്കിസ്ഥാന്‍, കസാഖിസ്ഥാന്‍, കിര്‍ഗിസ്ഥാന്‍, തുര്‍ക്ക്മെനിസ്ഥാന്‍ തുടങ്ങിയ രാജ്യങ്ങളുടെ പ്രതിനിധികളും കൂടിക്കാഴ്ചയില്‍ പങ്കെടുത്തു. ചര്‍ച്ചയിലേക്ക് അമേരിക്കയെ ക്ഷണിച്ചുവെങ്കിലും പിന്മാറുകയാണെന്ന് അമേരിക്കന്‍ പ്രതിനിധി കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു.
Post Your Comments