ന്യൂഡല്‍ഹി: ഒരു കേന്ദ്രമന്ത്രിയടക്കം അഞ്ച് പേര്‍ ലോക്സഭയില്‍ എം.പിമാരായത് വ്യാജ പട്ടികജാതി സര്ട്ടിഫിക്കറ്റുണ്ടാക്കിയായെന്ന് ബീഹാര്‍ മുന്‍ മുഖ്യമന്ത്രിയും ബി.ജെ.പി സഖ്യകക്ഷി നേതാവുമായ ജിതന്‍ റാം മാഞ്ചി. പട്ടികജാതി വിഭാഗക്കാര്‍ക്കായി സംവരണം ചെയ്യപ്പെട്ട സീറ്റുകളില്‍ വ്യാജ ജാതി സര്‍ട്ടിഫിക്കറ്റ് സമര്‍പ്പിച്ചാണ് അവര്‍ മത്സരിച്ചതെന്നും സംഭവത്തില്‍ അന്വേഷണം വേണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
തന്റെ പാര്‍ട്ടിയായ ഹിന്ദുസ്താനി അവാം മോര്‍ച്ച (സെക്യുലര്‍) ദേശീയ നിര്‍വാഹക സമിതിക്കു ശേഷം മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു മാഞ്ചി. കോണ്‍ഗ്രസ് എം.പി മുഹമ്മദ് സിദ്ദീഖ്, ബി.ജെ.പി എംപിമാരായ കേന്ദ്രമന്ത്രി എസ്.പി. സിങ് ബാഘേല്‍, ജയ്സിദ്ധേശ്വര്‍ ശിവാചാര്യ മഹാസ്വാമിജി, തൃണമൂല്‍ കോണ്‍ഗ്രസ് എം.പി അപരൂപ പൊഡ്ഢാര്, സ്വതന്ത്ര എം.പി നവ്നീത് രവി റാണ എന്നിവരാണ് വ്യാജ സര്‍ട്ടിഫിക്കറ്റ് ഹാജരാക്കി മല്‍സരിച്ചതെന്ന് മാഞ്ചി ആരോപിച്ചു.
അതേസമയം ഉത്തര്‍പ്രദേശില്‍ എസ്.പി. സിങ് ബാഘേല്‍ പട്ടികജാതിയില്‍പ്പെടുന്നയാളാണെന്ന് അദ്ദേഹത്തിന്റെ പ്രതിനിധി അറിയിച്ചു. എന്നാല്‍ മറ്റു പാർട്ടികളിലെ എം.പിമാര്‍ ഇക്കാര്യത്തില്‍ പ്രതികരിച്ചിട്ടില്ല.
Post Your Comments