തിരുവനന്തപുരം: ആമയിഴഞ്ചാന്‍ തോട്ടില്‍ വീണ് മുങ്ങി മരിച്ച ജാര്‍ഖണ്ഡ് സ്വദേശിയുടെ മൃതദേഹം സ്വദേശത്തേയ്ക്ക് കൊണ്ടു പോയി. നഗര്‍ദീപ് മണ്ഡലാണ് ആമയിഴഞ്ചാന്‍ തോട്ടില്‍ വീണ് മരിച്ചത്. സര്‍ക്കാര്‍ ഒരുക്കിയ പ്രത്യേക ആംബുലന്‍സിലാണ് മൃതദേഹം സ്വദേശമായ ജാര്‍ഖണ്ഡിലേക്ക് കൊണ്ടുപോയത്.
ഒക്ടോബര്‍ 16ന് ഉച്ചയ്ക്കാണ് നഗര്‍ദീപ് മണ്ഡല്‍ ആമയിഴഞ്ചാന്‍ തോട്ടില്‍ വീണത്. കുളിക്കാന്‍ ഇറങ്ങുന്നതിനിടെ കാല്‍ വഴുതി വീഴുകയായിരുന്നു. സംസ്ഥാനത്ത് ശക്തമായ മഴ പെയ്ത ദിവസമായിരുന്നതിനാല്‍ നല്ല ഒഴുക്കുണ്ടായിരുന്നു. രണ്ടു ദിവസത്തെ തെരച്ചിലിനൊടുവിലാണ് തിങ്കളാഴ്ച വൈകിട്ടോടെ മൃതദേഹം കണ്ടെത്തിയത്. ആക്കുളം ബോട്ട് ക്ലബ് ഭാഗത്തെ കായലില്‍ നിന്നാണ് സ്‌കൂബാ ടീം മൃതദേഹം കണ്ടെത്തിയത്.
നഗര്‍ദീപിന്റെ കുടുംബത്തിന് എല്ലാസഹായവും നല്‍കുമെന്ന് വിദ്യാഭ്യാസ-തൊഴില്‍ മന്ത്രി വി. ശിവന്‍കുട്ടി നഗര്‍ദീപ് മണ്ഡലിന്റെ സഹോദരനെ നേരില്‍ കണ്ടറിയിച്ചു. തൊഴില്‍ വകുപ്പില്‍ നിന്നും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്നും നഗര്‍ദീപിന്റെ കുടുംബത്തിന് ധനസഹായം ഉറപ്പാക്കുമെന്നും മന്ത്രി വ്യക്തമാക്കി. ആംബുലന്‍സിന്റെ ചെലവ് സര്‍ക്കാരാണ് വഹിക്കുന്നത്.
Post Your Comments