കോട്ടയം: ശക്തമായ മഴയെ തുടര്‍ന്ന് രൂപപ്പെട്ട വെള്ളക്കെട്ടിലൂടെ ബസ് ഓടിച്ച കെഎസ്ആര്‍ടിസി ഡ്രൈവര്‍ക്ക് സസ്പെന്‍ഷന്‍ നല്‍കിയതിന് പിന്നാലെ ലൈസന്‍സും സസ്പെന്‍ഡ് ചെയ്യുന്നു. പൂഞ്ഞാര്‍ സെന്റ് മേരീസ് പള്ളിക്ക് സമീപത്തെ വെള്ളക്കെട്ടിലൂടെ ബസ് ഓടിച്ച ഈരാറ്റുപേട്ട ഡിപ്പോയിലെ ഡ്രൈവര്‍ എസ് ജയദീപിന് മോട്ടോര്‍ വാഹന വകുപ്പ് കാരണം കാണിക്കല്‍ നോട്ടീസ് നല്‍കി.
വെള്ളക്കെട്ടിലൂടെ ബസ് ഓടിച്ച് യാത്രക്കാരുടെ ജീവന് ഭീഷണിയും ബസിന് നാശനഷ്ടവും വരുത്തിയതിനെ തുടര്‍ന്ന് ഡ്രൈവറെ സസ്പെന്‍ഡ് ചെയ്യാന്‍ ഗതാഗതമന്ത്രി ആന്റണി രാജു നിര്‍ദ്ദേശിച്ചിരുന്നു. തുടര്‍ന്ന് ജയദീപിന് സസ്‌പെന്‍ഷന്‍ കിട്ടിയിരുന്നു. ശനിയാഴ്ചയായിരുന്നു സംഭവം. ശക്തമായ മഴ പെയ്തതിനെ തുടര്‍ന്ന് പൂഞ്ഞാര്‍ സെന്റ് മേരീസ് പള്ളിക്ക് സമീപത്ത് വെള്ളക്കെട്ട് രൂപപ്പെട്ടിരുന്നു. ഇതിലൂടെ ബസ് ഓടിക്കുന്നതിനിടെ ബസ് ഭാഗികമായി വെള്ളക്കെട്ടില്‍ മുങ്ങുകയായിരുന്നു. മുക്കാല്‍ ഭാഗവും മുങ്ങിയ ബസിലുണ്ടായിരുന്ന യാത്രക്കാരെ നാട്ടുകാരാണ് രക്ഷപ്പെടുത്തി പുറത്ത് എത്തിച്ചത്.
ബസ് വടം ഉപയോഗിച്ച് കെട്ടിവലിച്ച് കരക്ക് കയറ്റി. സസ്‌പെന്‍ഷനിലായതിന് പിന്നാലെ ബസ് മുങ്ങിയ പത്ര വാര്‍ത്തയോടൊപ്പം ജയദീപ് കെഎസ്ആര്‍ടിസിക്കെതിരെ ഫേസ്ബുക്ക് പോസ്റ്റിട്ടിരുന്നു. സസ്‌പെന്‍ഷന്‍ ലഭിച്ചത് തബലകൊട്ടി ആഘോഷിച്ചതും ജയദീപ് പങ്കുവച്ചിരുന്നു. ആളുകളുടെ ജീവന്‍ രക്ഷിക്കാനാണ് താന്‍ ശ്രമിച്ചത്. തന്റെ സ്വന്തം ഇഷ്ടപ്രകാരം ചെയ്തതല്ലെന്നും സംഭവ സമയത്തെ വീഡിയോ പങ്കുവെച്ച് ജയദീപ് കുറിച്ചിരുന്നു.
Post Your Comments