ചെറുതോണി: ഇടുക്കി ഡാം തുറന്നു. ചൊവ്വാഴ്ച 11മണിക്ക് ആണ് തുറന്നത്. ഡാമിൻ്റെ മൂന്നാമത്തെ ഷട്ടർ 50 സെന്റിമീറ്റർ ആണ് ഉയർത്തിയത്. ഡാമിലെ ജലനിരപ്പ് കുറച്ചു സുരക്ഷിതമാക്കുകയാണ് ലക്ഷ്യമെന്നു മന്ത്രി റോഷി അഗസ്റ്റിൻ പറഞ്ഞു. 2398 ആണ് നിലവിലെ ജലനിരപ്പ്. മൂന്ന് വർഷത്തിന് ശേഷമാണ് ഡാം തുറന്നത്. മുൻപ് 2018 ലെ പെരുമഴയിലായിരുന്നു ഡാം അവസാനമായി തുറന്നത്. അന്ന് മഴ കനത്ത് നദികളിലെ പ്രളയസാഹചര്യത്തിനിടെയായിരുന്നു ഡാം തുറന്നത്. ചെറുതോണിപ്പുഴയിൽ അഞ്ച് അടിയോളമായിരുന്നു അന്ന് വെള്ളം ഉയർന്നത്.
Also Read:വാർത്തയായപ്പോൾ സിപിഎം പ്രവർത്തകനെതിരെ കേസെടുത്ത് പോലീസ്: കുഞ്ഞിനെ കാത്ത് പ്രതീക്ഷയോടെ അനുപമ
ചെറുതോണി പുഴയിലേക്കാണ് ആദ്യം വെള്ളം എത്തുക. സ്പില്‍വേയിലൂടെ വെള്ളം ചെറുതോണി പുഴയിലൂടെ വെള്ളം പെരിയാറില്‍ ചേരും. പമ്പാ വനമേഖലയിലൂടെയും നാട്ടിൻപുറങ്ങളിലൂടെയും ഒഴുകി എറണാകുളം ജില്ലാ അതിർത്തിയായ ലോവർ പെരിയാർ പാംബ്ല അണക്കെട്ടു വഴി നേര്യമംഗലം, ഭൂതത്താൻകെട്ട്, ഇടമലയാർ വഴി മലയാറ്റൂർ, കാലടി ഭാഗങ്ങളിലെത്തും. ശേഷം ആലുവ വഴി ആലുവാപ്പുഴയിലെത്തി അറബിക്കടലിൽച്ചേരും.
സംസ്ഥാന സർക്കാരിൻ്റെ ഉത്തരവു വന്നതിനെ തുടർന്നാണ് ഡാം തുറക്കാൻ തീരുമാനമായത്. ഇന്നലെ വൈകിട്ട് തന്നെ ജനങ്ങൾക്കുള്ള മുന്നറിയിപ്പ് സർക്കാർ നൽകി. പെരിയാറിൻ്റെ തീരത്ത് നേരിയ തോതിൽ വെള്ളത്തിൻ്റെ വർധനവ് മാത്രമാണ് ഉണ്ടാകുക. എങ്കിലും തീരവാസികൾ ജാഗ്രത പാലിക്കണമെന്ന് ജില്ലാ ഭരണകൂടം അറിയിച്ചു. അതേസമയം ഇനിയൊരറിയിപ്പുണ്ടാകുന്നതുവരെ ഇടുക്കി ജില്ലയിലെ വിനോദസഞ്ചാരകേന്ദ്രങ്ങൾ തുറന്നു പ്രവർത്തിക്കുന്നതല്ലെന്ന് ഡിടിപിസി ചെയർപേഴ്സൺ കൂടിയായ ജില്ലാ കളക്ടർ അറിയിച്ചു.
Post Your Comments