കൊച്ചി: വ്യാജ രേഖകൾ ചമച്ച് കോടികൾ തട്ടിയെടുത്ത കേസിൽ അറസ്റ്റിലായ റെജി മലയിലിന് പിന്നിൽ വൻ സംഘമെന്ന് സംശയിക്കുന്നതായി പോലീസ്. ബാങ്ക് ഉദ്യോഗസ്ഥരും നോട്ടറിമാരും വ്യാജ രേഖ തയാറാക്കുന്നവരും ഉൾപ്പെട്ട വൻ സംഘം തട്ടിപ്പിൽ ഉൾപ്പെട്ടിട്ടുള്ളതായി പ്രാഥമിക അന്വേഷണത്തിൽ വ്യക്തമായെന്ന് ഉദ്യോഗസ്ഥർ വെളിപ്പെടുത്തുന്നു. തട്ടിപ്പുമായി ബന്ധപ്പെട്ട് കൂടുതൽ പരാതിക്കാർ ഇതിനകം രംഗത്തെത്തിയിട്ടുണ്ടെന്നും, ഇയാളുടെ ഭാര്യയ്ക്കെതിരെയും പോലീസ് അന്വേഷണം നടക്കുന്നതായും അധികൃതർ വ്യക്തമാക്കി.
എന്നാൽ കേസിൽ കേന്ദ്ര ഏജൻസികളുടെ അന്വേഷണം വേണമെന്നാണ് പരാതിക്കാരുടെ നിലപാട്. ദേശസാൽകൃത ബാങ്കുകളുടെ ഉദ്യോഗസ്ഥർ ഉൾപ്പെടെയുള്ള ഉന്നത പ്രതിസ്ഥാനത്തുണ്ട് എന്ന് സംശയിക്കുന്ന സാഹചര്യത്തിൽ സിബിഐ, ഇഡി അന്വേഷണ ഏജൻസികൾ കേസ് അന്വേഷിക്കണം എന്നാണ് പരാതിക്കാരുടെ ആവശ്യം.
അതേസമയം, പിടിയിലായ റെജി മലയിലിന്റെ കൈവശത്തു നിന്ന് പോലീസ് നിരവധി വ്യാജ പാസ്പോർട്ട്, ആധാർ, പാൻകാർഡ് തുടങ്ങിയവ കണ്ടെത്തി. നിരവധിപ്പേരുടെ വസ്തു വകകൾ പണയപ്പെടുത്തിയാണ് ഇയാൾ തട്ടിപ്പ് നടത്തിയത്. ഇയാൾക്കെതിരെ ഇതിനകം ഏഴിലധികം പേർ പരാതിയുമായി രംഗത്തെത്തിയിട്ടുണ്ട്.
സിബിൽ സ്കോർ ഇല്ലാത്തതിനാൽ വായ്പ ലഭിക്കാത്തവർക്ക് തന്റെ കമ്പനിയിൽ പങ്കാളിത്തം നൽകാമെന്ന് വാഗ്ദാനം നൽകി രേഖകളും മറ്റു ഈടുകളും സ്വന്തമാക്കി ഇവ ഉപയോഗിച്ച് തട്ടിപ്പു നടത്തുകയായിരുന്നു. കരം അടച്ച രസീത് ഉൾപ്പടെ കൃത്രിമമായി നിർമിച്ചായിരുന്നു തട്ടിപ്പ് നടത്തിയത്. ബാങ്കിൽ നിന്ന് ലോൺ എടുത്തു നൽകാമെന്ന് അറിയിച്ച് ആലുവ സ്വദേശി പ്രകാശനിൽ നിന്ന് സ്ഥലവും വീടും ഈടു വച്ച് 19 ലക്ഷത്തിലേറെ കടമെടുത്തിരുന്നു. സ്ഥലം ഉടമയ്ക്ക് മൂന്നര ലക്ഷത്തിൽ താഴെ മാത്രം തുക നൽകി ബാക്കി തട്ടിയെടുത്ത ഇയാൾ പിന്നീട് ലോൺ പുതുക്കി 64 ലക്ഷം രൂപ വായ്പ എടുക്കുകയായിരുന്നു.
Post Your Comments