ദുബായ്: ദുബായിയിൽ ഇനി പാർക്കിംഗ് ഫീസ് വാട്ട്സ്ആപ്പ് വഴി അടയ്ക്കാം. അടുത്ത രണ്ടാഴ്ചയ്ക്കുള്ളിൽ പുതിയ സംവിധാനം പ്രാബല്യത്തിൽ വരുമെന്ന് ദുബായ് റോഡ് ട്രാൻസ്‌പോർട്ട് അതോറിറ്റി വ്യക്തമാക്കി. പാർക്കിങ് വിഭാഗം എക്‌സിക്യൂട്ടീവ് ഡയറക്ടർ അഹ്മദ് മഹ്ബൂബാണ് ഇക്കാര്യം അറിയിച്ചത്.
നിലവിൽ പുതിയ സംവിധാനം പരീക്ഷണഘട്ടത്തിലാണെന്നും ഉടൻ തന്നെ പുതിയ സേവനം പൊതുജനങ്ങൾക്ക് ലഭ്യമാകുമെന്നും അദ്ദേഹം പറഞ്ഞു. എസ്.എം.എസ് വഴി പാർക്കിങ് ഫീസ് നൽകാനുള്ള സംവിധാനം നിലവിൽ ദുബായിയിലുണ്ട്. 7275 എന്ന നമ്പറിലേക്ക് പ്രത്യേക സന്ദേശമയച്ച് പാർക്കിംഗ് ഫീസ് അടയ്ക്കാം.
വാട്‌സ്ആപ് വഴി അയക്കുന്ന രീതിയിലാകും പുതിയ സംവിധാനം ഒരുക്കുക. സന്ദേശം അയച്ച് കഴിഞ്ഞാൽ ഉപഭോക്താവിൽ നിന്ന് സ്ഥിരീകരണം വാങ്ങുകയും പാർക്കിങ് ഫീസിന് തുല്യമായ തുക ഡിജിറ്റൽ വാലറ്റിൽ നിന്ന് പിൻവലിക്കപ്പെടുകയും ചെയ്യും. പാർക്കിങ് ഫീസ് നൽകാനായി എസ്.എം.എസ് അയക്കുമ്പോൾ ടെലികോം സേവന ദാതാക്കൾ ഈടാക്കുന്ന 30 ഫിൽസ് ഒഴിവാക്കാൻ പുതിയ സംവിധാനത്തിലൂടെ കഴിയും. പാർക്കിങ് ടിക്കറ്റ് നൽകുന്ന സ്ഥലം കൂടുതൽ കൃത്യതയോടെ രേഖപ്പെടുത്തുന്നതിനായുള്ള സ്മാർട്ട് മാപ്പ് പരിഷ്‌കരിക്കുകയും ചെയ്യും.
Post Your Comments