കോഴിക്കോട്: അക്രമകാരികളായ കുറുവ മോഷണസംഘം കോഴിക്കോട് എത്തിയതായി പോലീസ്. സിറ്റിപോലീസ് കമ്മീഷണര്‍ എ.വി ജോര്‍ജ്ജാണ് തമിഴ്നാട്ടില്‍ നിന്നുള്ള കുറുവ മോഷണസംഘം ജില്ലയിൽ എത്തിയതായി സ്ഥിരീകരിച്ചത്. ഇവരുടെ സാന്നിധ്യമുണ്ടെന്ന് കരുതുന്ന രണ്ട് കേസുകള്‍ എലത്തൂര്‍ സ്റ്റേഷന്‍ പരിധിയില്‍ ഉണ്ടായിട്ടുണ്ടെന്നും കഴിഞ്ഞദിവസം പാലക്കാട്ട് പിടിയിലായവരെ ഈ കേസുകളില്‍ പ്രതിചേര്‍ത്തിട്ടുണ്ടെന്നും കമ്മീഷണര്‍ വ്യക്തമാക്കി.
അതീവ അക്രമകാരികളാണ് കുറുവ സംഘമെങ്കിലും അത്തരത്തില്‍ അക്രമം നടത്തി കവര്‍ച്ച നടത്തിയത് നഗരത്തില്‍ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല ജനങ്ങള്‍ അതീവ ജാഗ്രതപാലിക്കണമെന്നും കോടാലി, തൂമ്പാ പോലുള്ളവ വീടിന് പുറത്തുവെക്കാതെ സൂക്ഷിക്കണമെന്നും എവി ജോര്‍ജ്ജ് പറഞ്ഞു.
കുറുവ മോഷണ സംഘത്തിന്റെ സാന്നിധ്യം ശ്രദ്ധയില്‍പ്പെട്ടതോടെ പോലീസ് ജില്ലയിൽ രാത്രികാല പരിശോധന ശക്തമാക്കിയിട്ടുണ്ട്. സംശയകരമായി ആരെയെങ്കിലും കണ്ടാല്‍ ഫോട്ടോയെടുത്ത് പരിശോധിക്കാനും അനാവശ്യമായി രാത്രി കാലങ്ങളില്‍ പുറത്തിറങ്ങുന്നവരെ നിരീക്ഷിക്കാനും തീരുമാനിച്ചിട്ടുണ്ട്. ഇതിനായി നാല്‍പതോളം സംഘങ്ങളെ നഗരത്തില്‍ മാത്രം നിയോഗിച്ചിട്ടുണ്ടെന്നും കമ്മീഷണര്‍ വ്യക്തമാക്കി.
വീട് അക്രമിച്ച് മോഷണം നടത്തുന്നതാണ് തമിഴ്നാട്ടില്‍ നിന്നുള്ള കുറുവ സംഘത്തിന്റെ രീതി. രാത്രികളിൽ വാതില്‍ അടിച്ച് തകര്‍ത്ത് വീടുകളില്‍ അത്രിക്രമിച്ച് കയറുന്ന കുറുവ സംഘം മോഷണത്തിനായി വീട്ടുകാരെ ക്രൂരമായി അക്രമിക്കാനും മടിക്കാറില്ല.
Post Your Comments